LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍

അന്വേഷണ സമിതിയില്‍ വിശ്വാസമില്ലാത്തതിനാല്‍ സഹകരിക്കില്ലെന്ന് പരാതിക്കാരി നേരത്തെ നിലാപട് അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികപീഡന ആരോപണം അന്വേഷിക്കുന്ന സമിതിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍. അന്വേഷണം ഏകപക്ഷീയമാകരുതെന്നും അത് സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്ര ചൂഡും ആര്‍.എഫ് നരിമാനും നിലപാടെടുത്തു. നിലവിലെ അന്വേഷണം നിയമപ്രകാരമല്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എസ്.എ ബോബ്ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കുന്നത്. എന്നാല്‍ സമിതിയുടെ അധ്യക്ഷയായി വനിതയെ നിയമിക്കാത്തതിലും മൊഴി നല്‍കുമ്പോള്‍ അഭിഭാഷകനെ ഒപ്പം കൂട്ടാന്‍ അനുവദിക്കാത്തതിലും പുറമെ നിന്നുള്ള വനിതയെ സമിതിയില്‍ ഉള്‍പ്പെടുത്താത്തതിലും പ്രതിഷേധിച്ച് സമിതിയോട് സഹകരിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

പരാതിക്കാരിയുടെ നിസ്സഹകരണത്തിലും അന്വേഷണവുമായി മുമ്പോട്ട് പോകാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമുള്ള അന്വേഷണ സമിതിയുടെ തീരുമാനത്തിലാണ് ഡി.വൈ ചന്ദ്രചൂഡും നരിമാനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. സമിതിയെ നേരിട്ട് കണ്ടാണ് ആശങ്കകള്‍ അറിയിച്ചത്.

2013ലെ തൊഴിലിടത്തിലെ സ്ത്രീകള്‍ക്കെതിരായ പീഡനം തടയാനുള്ള നിയമപ്രകാരവും വിശാഖ കമ്മിഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തിലും പരാതിക്കാരിയുടെ ആവശ്യങ്ങള്‍ ന്യായമാണ്. അവ അംഗീകരിച്ചുകൊണ്ട് മാത്രമേ അന്വേഷണവുമായി മുമ്പോട്ട് പോകാവൂ. അല്ലെങ്കില്‍ അമിക്കസ് ക്യൂറിയെ വെച്ച് അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.