LiveTV

Live

National

“ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്; ഏറെ മെച്ചപ്പെട്ടതും” രാഹുൽ ഗാന്ധി

തന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും ഇന്ത്യൻ സമ്പദ്ഘടനയെ പുനർജീവിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും രാഹുൽ ഗാന്ധി പറയുന്നു

“ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്; ഏറെ മെച്ചപ്പെട്ടതും” രാഹുൽ ഗാന്ധി

ഡൽഹിയിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രാമധ്യേ ഇന്ത്യാ ടുഡേ എഡിറ്റോറിയൽ മേധാവികളായ രാജ് ചെങ്കപ്പയടോയും കൌശിക് ദേഖയോടും തന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും ഇന്ത്യൻ സമ്പദ്ഘടനയെ പുനർജീവിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും രാഹുൽ ഗാന്ധി നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ:

“ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്; ഏറെ മെച്ചപ്പെട്ടതും” രാഹുൽ ഗാന്ധി

കോൺഗ്രസിന്റെ അടിസ്ഥാന വരുമാന പദ്ധതിയായ ന്യായും (NYAY) ദേശീയതയും തമ്മിലുള്ള പോരാട്ടമാണോ 2019ൽ നടക്കാൻ പോകുന്നത്?

അല്ലേയല്ല. മൂന്നു നാലു വ്യത്യസ്ത വിഷയങ്ങളാണ് 2019ലെ പോരാട്ടത്തിന് അടിസ്ഥാനമാകുന്നത്. ആദ്യത്തേത് തൊഴിൽ പ്രതിസന്ധിയാണ്. ഇന്ത്യയിലുടനീളം യുവജനങ്ങൾക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. രണ്ടാമത്തേത് കൃഷിയാണ്. നരേന്ദ്ര മോദിയുടെ നയങ്ങൾ കാർഷിക മേഖലയെ ഒന്നാകെ നാശത്തിലേക്ക് നയിച്ചിരിക്കുകയാണ്. സമ്പദ് വ്യവസ്ഥ വേണ്ടവിധം ശക്തിപ്പെടുന്നില്ല എന്നതാണ് മൂന്നാമത്തെ പ്രശ്നം. സാമ്പത്തിക ഇടപാടുകൾ നടക്കുന്നില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് നമ്മൾ കണ്ട വളർച്ച ഇപ്പോൾ ഏതാണ്ട് ഇല്ലാതായിരിക്കുന്നു. പിന്നെ അവശേഷിക്കുന്ന പ്രശ്നങ്ങൾ റാഫേൽ കേസിൽ മോദിയുടെ ഭാഗത്തുനിന്നുണ്ടായ വ്യക്തമായ അഴിമതിയും രാഷ്ട്രീയസാഹചര്യം തനിക്കനുകൂലമാക്കാൻ വേണ്ടി സുപ്രീംകോടതിയും ഇലക്ഷൻ കമ്മീഷനും പ്ലാനിങ് കമ്മീഷനുമടക്കം ഇന്ത്യയുടെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് നേരെ മോദി നടത്തുന്ന ആക്രമണങ്ങളുമാണ്.

എന്നാൽ ഈ തെരഞ്ഞെടുപ്പ് രാജ്യസുരക്ഷയെയും ദേശീയതയെയും ദേശസ്നേഹത്തെയും കുറിച്ചുള്ള ഒരു ചർച്ചയായി മാറ്റാനാണല്ലോ ബി.ജെ.പിയുടെ ശ്രമം?

ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്ര സുരക്ഷ എന്ന വിഷയം മോദി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ യുവജനങ്ങൾക്ക് ജോലിയില്ല. സ്വന്തം ഭാവി എന്താകുമെന്ന് അവർക്ക് കാണാൻ സാധിക്കുന്നില്ല. ഇതൊരു ഗൌരവമേറിയ വിഷയമാണ്. തൊഴിലില്ലായ്മയുടെ കാര്യത്തിൽ തന്റെ സർക്കാർ എടുത്ത നടപടികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കാത്തത് എന്തുകൊണ്ടാണ്? കർഷക ആത്മഹത്യകൾ ഒരു പ്രധാനപ്പെട്ട പ്രശ്നമല്ലേ? തീർച്ചയായും അതെ. നിങ്ങൾക്ക് ഞാൻ രണ്ട് കോടി ജോലികൾ നൽകാമെന്ന് പറഞ്ഞു. പക്ഷെ ഞാൻ പരാജയപ്പെട്ടു. എല്ലാ ബാങ്ക് അക്കൌണ്ടുകളിലും 15 ലക്ഷം രൂപ തരാമെന്ന് ഞാൻ വാഗ്ദാനം ചെയ്തു. പക്ഷെ അതിൽ ഞാൻ പരാജയപ്പെട്ടു. കൃഷിക്ക് പൂർണ പ്രാധാന്യം നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്തു. പക്ഷെ അതിൽ ഞാൻ പരാജയപ്പെട്ടു. ഇങ്ങനെയൊക്കെ എന്തുകൊണ്ട് പ്രധാനമന്ത്രി പറയുന്നില്ല? ഇതൊക്കെയാണ് യഥാർത്ഥത്തിൽ ദേശീയ പ്രശ്നങ്ങൾ. ഇതിനെക്കുറിച്ച് അദ്ദേഹം മൌനം പാലിക്കുന്നത് എന്തുകൊണ്ടാണ്?

എന്നാൽ രാജ്യത്തിനെതിരെയുള്ള യഥാർഥ ഭീഷണികളായി ബി.ജെ.പി ഉയർത്തിക്കാണിക്കുന്ന സുരക്ഷാ പ്രശ്നങ്ങളോ?

1990കളിൽ വിജയം കണ്ട നയങ്ങൾ ഇന്നത്തെ കാലത്ത് ഫലം നൽകുന്നില്ല എന്നതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഇത് സമ്മതിക്കാൻ മോദി തയ്യാറാകുന്നില്ല. ഞങ്ങൾ ഇത് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു 2012 വരെയൊക്കെ ഈ നയങ്ങൾ ഫലം നൽകിയിരുന്നു. എന്നാൽ യു.പി.എയുടെ അവസാന രണ്ട് വർഷങ്ങളിൽ അവ പരാജയപ്പെട്ടു തുടങ്ങി. 2012നും 2014നും ഇടയിൽ ഞങ്ങൾ ചെയ്തുകൊണ്ടിരുന്നത് തന്നെയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം നോട്ടുനിരോധനം പോലെയുള്ള ഭ്രാന്തൻ ആശയങ്ങളും കൂട്ടിച്ചേർക്കുന്നു! സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിരിക്കുമ്പോൾ തന്നെ ഇന്ത്യൻ വ്യവസായങ്ങളെ പൂർണമായും ദുർബലപ്പെടുത്താൻ പ്രധാനമന്ത്രി തീരുമാനിക്കുന്നു. ഗബ്ബർ സിങ് ടാക്സും നോട്ടുനിരോധനവും എന്ത് അനന്തരഫലമാണ് സൃഷ്ടിച്ചതെന്ന് ഏതെങ്കിലും ഇന്ത്യൻ വ്യവസായിയോട് ചോദിച്ചു നോക്കൂ- ചെറുകിട വ്യവസായികൾ, വൻകിട വ്യവസായികൾ, കർഷകർ- ആരോടു വേണമെങ്കിലും ചോദിച്ചു നോക്കൂ. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ നിരോധിക്കുന്നതു കൊണ്ട് രാജ്യത്തിന് ഉപയോഗം ഉണ്ടാകുമെന്ന ആശയം പ്രധാനമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചത്? തികച്ചും അതിശയിപ്പിക്കുന്ന കാര്യം തന്നെ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്കെതിരെ ഭീഷണികൾ നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്.

എന്നാൽ പാകിസ്താൻ ഭീകരവാദത്തെ പിന്തുണക്കുന്നുണ്ടെങ്കിൽ ഞങ്ങൾ അതിനെതിരെ നൂറു ശതമാനം പൊരുതും. പക്ഷെ 45 സി.ആർ.പി.എഫ് ജവാന്മാർ മരിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രി ഉത്തരം പറയണം. പാകിസ്താൻ ഭീകരാക്രമണങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടാകാം. പക്ഷെ ഇന്ത്യൻ സൈനികരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം പ്രധാനമന്ത്രിക്ക് ഇല്ലേ? നമ്മുടെ സി.ആർ.പി.എഫ് ജവാന്മാരെ സംരക്ഷിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്ന് അദ്ദേഹം ടി.വിയിൽ തുറന്നു സമ്മതിക്കാത്തത് എന്തുകൊണ്ടാണ്?

തന്‍റെ ഭരണകാലത്ത് രണ്ട് സർജിക്കൽ ആക്രമണങ്ങൾ നടത്തി എന്നാണ് അദ്ദേഹം പറയുന്നത്.

വളരെ നല്ല കാര്യം. മൻമോഹൻ സിങ് മൂന്ന് സർജിക്കൽ ആക്രമണങ്ങളാണ് നടത്തിയത്. എന്നാൽ അതേക്കുറിച്ച് ഞങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞില്ല. കാരണം സൈന്യത്തെ രാഷ്ട്രീയവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അവരാണ് അത് നടപ്പിലാക്കിയത്. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു, ആദരിക്കുന്നു. സൈന്യത്തെ രാഷ്ട്രീയവത്കരിച്ച് ഞങ്ങൾ അവരോട് അനാദരവ് കാണിച്ചില്ല.

അന്നത്തെ ആക്രമണങ്ങളുടെ അനന്തരഫലം എന്തായിരുന്നു?

എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങളുടെ ആക്രമണങ്ങൾ ലക്ഷ്യസ്ഥാനത്തു തന്നെ നാശം വിതച്ചു.

“ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്; ഏറെ മെച്ചപ്പെട്ടതും” രാഹുൽ ഗാന്ധി

2008ൽ നടന്ന മുംബൈ ഭീകരാക്രമണങ്ങൾക്ക് ശേഷം യു.പി.എ സർക്കാർ പ്രതികരിച്ചില്ല എന്നതാണ് ബി.ജെ.പി ഉയർത്തിക്കൊണ്ടു വരുന്ന മറ്റൊരു ആരോപണം.

ഞങ്ങൾ പാകിസ്താനെ പൂർണമായും നിഷ്ക്രിയമാക്കി എന്നതാണ് യാഥാർത്ഥ്യം. ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾ ചെയ്യേണ്ടത് ചെയ്തു, കാര്യങ്ങൾ രാഷ്ട്രീയവത്കരിക്കാതെ.

കശ്മീരിൽ ഉരുക്കുമുഷ്ടി ഉപയോഗിച്ചു കൊണ്ടുള്ള ഒരു സമീപനമാണ് ഇപ്പോഴത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് ഫലം നൽകുന്നുണ്ടോ?

ഇപ്പോഴുള്ള സർക്കാരിന് ജമ്മു കശ്മീർ വിഷയത്തിൽ ഒരു വിധത്തിലുള്ള നയവും ഇല്ല. അവിടെയുള്ള പ്രശ്നങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ രാഷ്ട്രീയ നേട്ടം കൊയ്യുക മാത്രമാണ് അവരുടെ ലക്ഷ്യം. പി.ഡി.പിയുമായി മോദി സഖ്യമുണ്ടാക്കിയതോടു കൂടിയാണ് ഭീകരവാദം വീണ്ടും തലയുയർത്തിയത്. അരുൺ ജെയ്റ്റ്ലി ഒരിക്കൽ സംസാരിക്കാൻ വന്നപ്പോൾ ഇതേക്കുറിച്ചു അദ്ദേഹത്തോട് ചോദിച്ചത് എനിക്ക് ഓർമ്മയുണ്ട്. നിങ്ങൾ ജമ്മു കശ്മീരിൽ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ എന്നാണ് ഞാൻ അന്ന് ചോദിച്ചത്. കശ്മീർ കത്തിയമരും എന്ന് ഞാൻ അന്ന് മുന്നറിയിപ്പ് കൊടുത്തു. എന്നാൽ ‘കശ്മീർ സമാധാനപരമാണ്, അവിടെ ഒന്നു സംഭവിക്കാൻ പോകുന്നില്ല’ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. എന്നാൽ പി.ഡി.പിയുമായുള്ള സഖ്യം ജമ്മു കശ്മീരിൽ ഭീകരവാദ പ്രതിസന്ധിയുണ്ടാക്കി എന്നതാണ് സത്യം.

താങ്കൾ എങ്ങനെയാണ് കശ്മീർ വിഷയം കൈകാര്യം ചെയ്യാൻ പോവുന്നത്?

യു.പി.എ സർക്കാരിന്റെ കാലത്ത് കശ്മീരിന്റെ കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ടായിരുന്നു. ഞങ്ങൾ വർഷങ്ങളെടുത്താണ് ഈ പദ്ധതി രൂപീകരിച്ചത്. എനിക്കും അതിൽ പങ്കുണ്ടായിരുന്നു. ഞങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം കൊടുത്തു. ടാറ്റയെ പോലുള്ള വൻകിട ഇന്ത്യൻ വ്യവസായികളെ താഴ്‍വാരത്തിലേക്ക് കൊണ്ടുപോവുകയും അവിടെയുള്ള യുവജനങ്ങൾക്ക് പുതിയൊരു ഭാവി സ്വപ്നം കാണാനുള്ള സാഹചര്യമുണ്ടാക്കുകയും തൊഴിൽ നേടാനുള്ള അവസരങ്ങൾ നൽകുകയും ചെയ്തു. സ്വയം തൊഴിൽ പദ്ധതികളിലൂടെ ആയിരക്കണക്കിന് സ്ത്രീകളെ ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചു. 2004ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ കശ്മീർ കത്തുകയായിരുന്നു. ഞങ്ങൾ പടിയിറങ്ങുമ്പോൾ കശ്മീർ ശാന്തമായിരുന്നു. ശ്രീനഗറിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുവരുന്ന 50 ഫ്ലൈറ്റുകൾ അക്കാലത്ത് ഉണ്ടായിരുന്നതായി ഞാനോർക്കുന്നു.

അതുകൊണ്ട് ഈ വിഷയത്തിൽ ഞങ്ങളുടെ ചരിത്രവും സമീപനവും കണക്കിലെടുക്കുക. ഭീകരവാദത്തെ ഒതുക്കുക മാത്രമല്ല, ജമ്മു കശ്മീരിലെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു ഞങ്ങളുടെ വഴി. ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്. ഏറെ മെച്ചപ്പെട്ടതും. ഇതാണ് വിജയകരമായ ഇന്ത്യൻ കാഴ്ചപ്പാട്. ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഈ കാഴ്ചപ്പാടിന് സാധിച്ചു. ഇത് സ്വീകരിച്ചോളൂ. നിങ്ങളുടെ ഭാവി ഇതിലാണ്.

കശ്‍മീരില്‍ പെല്ലറ്റ് ആക്രമണത്തിനിരയായ ബാലന്‍
കശ്‍മീരില്‍ പെല്ലറ്റ് ആക്രമണത്തിനിരയായ ബാലന്‍

ആർടിക്കിള്‍ 370ഉം 35Aഉം ഒഴിവാക്കുന്നതാണ് കശ്മീർ വിഷയത്തിലെ പരിഹാരമെന്നാണ് ബി.ജെ.പി വാദിക്കുന്നത്. നിങ്ങളുടെ അഭിപ്രായം എന്താണ്?

ഇക്കാര്യത്തോട് ഞാൻ കൂടുതൽ പ്രതികരിക്കാൻ പോവുന്നില്ല. നമ്മൾ ഒരു ദേശീയ തെരഞ്ഞെടുപ്പാണ് നേരിടുന്നത്. ലളിതമായി പറഞ്ഞാൽ ഇത് ദേശത്തിൻറെ ഭാവിയെ സംബന്ധിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ 45 വർഷങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, ചില്ലറ വ്യാപാര മേഖലയുടെ പൂർണമായ തകർച്ച, ചെറുകിട-മധ്യ വ്യവസായങ്ങളുടെ നാശം, ഇവിടെയുള്ള ഭരണസംവിധാനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണം- ഇതൊക്കെയാണ് വലിയ വിഷയങ്ങൾ.

മോദിയുടെ വിദേശനയത്തെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

അദ്ദേഹത്തിന് ഒരു വിദേശനയം ഇല്ല എന്നതാണ് സത്യം! ഓരോ ദിവസവും തോന്നുന്നതു പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് തോന്നുന്നു. അഫ്ഗാനിസ്ഥാൻ സന്ദർശിക്കുന്ന അദ്ദേഹം പെട്ടെന്ന് പാകിസ്താനിലേക്ക് പറക്കാൻ തീരുമാനിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അഫ്ഗാൻ ജനതക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അഫ്ഗാൻ സർക്കാരിനെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം തിരിച്ചറിയുന്നില്ല. വിദേശനയത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ പോലും അദ്ദേഹത്തിന് അറിയില്ല. കഴിയുന്നത്ര ലോകനേതാക്കളെ ആലിംഗനം ചെയ്യുകയാണ് വിദേശനയം എന്നാണ് അദ്ദേഹത്തിന്റെ വിചാരം

“ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്; ഏറെ മെച്ചപ്പെട്ടതും” രാഹുൽ ഗാന്ധി

നിങ്ങളും പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തിട്ടുണ്ടല്ലോ.

അദ്ദേഹം ഒരു വിദേശ നേതാവല്ല.

നരേന്ദ്ര മോദിയെയും മറ്റൊരു നേതാവിനെയും ആലിംഗനം ചെയ്യുന്നതിലെ വ്യത്യാസം എന്താണ് ?

എന്റെ ആലിംഗനത്തിൽ സ്നേഹമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആലിംഗനങ്ങളിൽ സ്നേഹമില്ല എന്ന് നിങ്ങൾക്ക് എന്തു കൊണ്ടാണ് തോന്നുന്നത്?

എനിക്ക് കാഴ്ചയിലൂടെ മനസ്സിലാവും. അവസരങ്ങൾക്കനുസരിച്ചാണ് അദ്ദേഹത്തിൻറെ ആലിംഗനങ്ങൾ. താൻ എത്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തെ ശരിയായി മനസ്സിലാക്കാൻ സാധിക്കാത്ത ഒരാളെയാണ് ഞാൻ കണ്ടത്. ഒരു സംസ്ഥാനം ഭരിക്കുന്നതു പോലെയല്ല രാജ്യം ഭരിക്കുന്നത് എന്ന് തിരിച്ചറിവ് വന്ന ഒരാളെയാണ് ഞാൻ കണ്ടത്. തികച്ചും പെട്ടുപോയ ഒരാൾ. അബദ്ധങ്ങൾക്ക് മേൽ അബദ്ധങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയായിരുന്നു. ആ ഒരു നിമിഷത്തിൽ എനിക്കദ്ദേഹത്തോട് ദയയും സ്നേഹവും തോന്നി. അതുകൊണ്ടാണ് ആലിംഗനം ചെയ്തത്. ‘ഞാൻ നിങ്ങളുടെ എതിരാളിയാണ്. പക്ഷെ ഇന്ത്യക്കു വേണ്ടി നിങ്ങളെ സഹായിക്കാൻ ഞാൻ ഒരുക്കമാണ്’ എന്ന സന്ദേശമാണ് ഞാൻ നൽകാനാഗ്രഹിച്ചത്. പക്ഷെ അദ്ദേഹം എന്നെ തട്ടിമാറ്റി.

അതിനു ശേഷം അദ്ദേഹം നിങ്ങളെ വിമർശിച്ചിട്ടുണ്ട്. പിന്നീടാണ് നിങ്ങൾ ‘കാവൽക്കാരൻ കള്ളനാണ്’ എന്ന് പറയാൻ തുടങ്ങിയത്. എന്നാൽ അദ്ദേഹത്തോട് സ്നേഹമുണ്ടെന്നും പറയുന്നു. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത് എങ്ങനെയാണ്?

എനിക്കദ്ദേഹത്തോട് ദയയുണ്ട്. പക്ഷെ ഞാൻ സത്യം പറയുന്നയാളാണ്. സത്യത്തെ എനിക്ക് അവഗണിക്കാനാവില്ല. അനിൽ അംബാനിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി 30000 കോടി രൂപ കൊടുത്തു എന്നതാണ് സത്യം. അത് എനിക്കറിയാം, നിങ്ങൾക്കറിയാം, രാജ്യത്തിന് മുഴുവനറിയാം. അനിൽ അംബാനി ഇതു വരെ ഒരു വിമാനം പോലും നിർമ്മിച്ചിട്ടില്ല! അതാണ് യാഥാർത്ഥ്യം. ‘കാവൽക്കാരൻ കള്ളനാണ്’ എന്നത് തന്നെയാണ് സത്യം. അത് തള്ളിക്കളയാനാകില്ല. കൂടുതൽ നന്നാക്കി പറയാനും സാധിക്കില്ല.

അനില്‍ അംബാനിക്കും അദാനിക്കുമൊപ്പം നരേന്ദ്രമോദി
അനില്‍ അംബാനിക്കും അദാനിക്കുമൊപ്പം നരേന്ദ്രമോദി

അനിൽ അംബാനിക്ക് 30000 കോടി രൂപ കിട്ടി എന്നാണ് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ 1000 കോടി രൂപയിൽ കുറഞ്ഞ കരാറാണ് അദ്ദേഹത്തിന് ലഭിച്ചത് എന്ന് ഒരു വാർത്തയിൽ വന്നിരുന്നല്ലോ?

റാഫേൽ ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്ന സംഖ്യങ്ങളുടെ കണക്ക് കൃത്യമായി വിവരിക്കുന്ന നിരവധി രേഖകളുണ്ട്. പ്രധാനമന്ത്രി വേറൊരു വഴിയിലൂടെ ചർച്ചകൾ നടത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഒന്നടങ്കം പറയുന്ന ഒരു റിപ്പോർട്ടാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ചത്. അദ്ദേഹം എല്ലാ നിയമങ്ങളെയും ഔദ്യോഗിക പ്രക്രിയകളെയും മറികടന്നു കൊണ്ട് പ്രവർത്തിച്ചു. ഈ പുതിയ കരാറിനെക്കുറിച്ച് എനിക്കറിയില്ല എന്ന് പ്രതിരോധ മന്ത്രി തന്നെ പറയുന്ന ഒരു സാഹചര്യമാണ് രാജ്യത്തുള്ളത്. പഴയ കരാർ അസാധുവാകുന്നതിനു മുൻപു തന്നെ പ്രധാനമന്ത്രി പുതിയ കരാറിന് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തിൽ ഒരു അന്വേഷണം തീർച്ചയായും വരും. അദ്ദേഹത്തിന് അതിൽ നിന്ന് രക്ഷപ്പെടാനാവില്ല.

അപ്പോൾ കോൺഗ്രസ് ഭരണത്തിൽ വന്നാൽ റാഫാൽ ഇടപാടിലേക്ക് അന്വേഷണം ആരംഭിക്കുമോ?

തീർച്ചയായും! ഒരു വിമാനം പോലും നിർമ്മിക്കാത്ത വ്യക്തിക്കാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ നൽകിയിരിക്കുന്നത്. ഒരു അന്വേഷണം നിർബന്ധമായും നടന്നിരിക്കണം.

അധികാരത്തിലെത്തിയാൽ അഴിമതി തടയാൻ താങ്കൾ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ പോവുന്നത്?

വികേന്ദ്രീകരണമാണ് അഴിമതി തടയാനുള്ള ഏറ്റവും നല്ല മാർഗം. കുറച്ചു പേരുടെ കൈയിൽ എല്ലാ അധികാരവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. സർക്കാരിൻറെ തീരുമാനങ്ങളെ കൂടുതൽ അന്വേഷണത്തിന് വിധേയമാക്കുകയും ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. വിവരാവകാശ നിയമം ശക്തിപ്പെടുത്തുകയാണ് ഇതിനുള്ള ഒരു വഴി. അഴിമതിക്കാർക്കെതിരെ വേഗത്തിലും ശക്തിയോടെയും നടപടികളെടുക്കേണ്ടതും ആവശ്യമാണ്.

വമ്പന്മാർക്കെതിരെയും നടപടിയുണ്ടാകുമോ?

വമ്പന്മാരെ ലക്ഷ്യമിടുന്നതല്ല ഇവിടുത്തെ വിഷയം. ആരോടും പക വെച്ച് അവരുടെ പിറകിൽ പോകാനല്ല ഞങ്ങളുദ്ദേശിക്കുന്നത്. നിയമങ്ങളുണ്ട്. അവ പാലിക്കപ്പെടണം.

ഇതൊക്കെ നിങ്ങൾ അധികാരത്തിൽ വന്നാലല്ലേ സാധിക്കൂ. അധികാരത്തിൽ വരുമോ?

തീർച്ചയായും ഞങ്ങൾ അധികാരത്തിൽ വരും.

കോൺഗ്രസ് ഒറ്റക്കോ, അതോ സഖ്യമായിട്ടോ?

ഞാൻ മഷിനോട്ടക്കാരനല്ല. എനിക്ക് ഭാവി പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ മോദിയോ ബി.ജെ.പിയോ ഈ തെരഞ്ഞെടുപ്പ് ജയിക്കാൻ പോകുന്നില്ല. കോൺഗ്രസ് നയിക്കുന്ന യു.പി.എ ആണ് അധികാരത്തിൽ വരാൻ പോകുന്നത്.

ശക്തമായ ഒരു സർക്കാരും ദുർബ്ബലമായ ഒരു സർക്കാരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി വോട്ടുകൾ ചോദിക്കുന്നത്. പ്രതിപക്ഷത്തിലെ സഖ്യകക്ഷികൾ ചേർന്നുള്ള സർക്കാർ ദുർബ്ബലമായിരിക്കുമെന്നാണ് അവരുടെ വാദം.

ഞാൻ ഒരു കാര്യം ചോദിക്കട്ടെ. 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുന്ന ഒരു സർക്കാർ ശക്തമാണോ? സ്വന്തം കഴിവിൽ ആത്മവിശ്വാസമില്ലാത്തതു കാരണം ഭരണസംവിധാനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതാണോ ശക്തമായ സർക്കാർ? തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന സർക്കാരാണ് ശക്തമായ സർക്കാർ. അവർ ഇന്ത്യയിലെ ജനങ്ങളുമായി ഇടപഴകും. സുപ്രീം കോടതിയോട് ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ്, നിങ്ങൾ ചെയ്യേണ്ടത് ചെയ്യൂ, നിങ്ങളെ സ്വതന്ത്രമായി വിടാൻ മാത്രം ഞങ്ങൾക്ക് കരുത്തുണ്ട് എന്ന് പറയും. ബി.ജെ.പി സർക്കാർ ശക്തമായ ഒരു സർക്കാരാണോ? അല്ല.

സഖ്യങ്ങൾ തേടുന്ന കാര്യത്തിൽ കോൺഗ്രസിനേക്കാൾ കൂടുതൽ ആവേശം കാണിക്കുന്നത് ബി.ജെ.പിയാണ്?

അതെനിക്കിഷ്ടപ്പെട്ടു! നിങ്ങൾക്ക് കോൺഗ്രസിനും ബി.ജെ.പിക്കും വ്യത്യസ്ത നിയമങ്ങളാണ്. ബീഹാർ, മഹാരാഷ്ട്ര, കർണാടക, ജമ്മു കശ്മീർ- പല പ്രധാന സംസ്ഥാനങ്ങളിലും ഞങ്ങൾക്ക് സഖ്യങ്ങളുണ്ട്. ചില സഖ്യങ്ങൾ പരാജയപ്പെട്ടു. അത് സാരമില്ല.

“ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്; ഏറെ മെച്ചപ്പെട്ടതും” രാഹുൽ ഗാന്ധി

ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമായ ഉത്തർ പ്രദേശിൽ സഖ്യമില്ലാത്തത് എന്തുകൊണ്ടാണ്?

യു.പിയിൽ സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിച്ചതാണ്. എന്നാൽ എസ്.പിയും ബി.എസ്.പിയും ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഞാൻ പറഞ്ഞു, ആയ്ക്കോട്ടെ, പക്ഷെ ഞങ്ങളും ഞങ്ങളുടേതായ സ്ഥാനം ഉറപ്പിക്കും. യു.പിയിലെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട എന്താണെന്ന് പ്രിയങ്കയോടും ജ്യോതിരാദിത്യയോടും ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ബി.ജെ.പിയെ പരാജയപ്പെടുത്തുക.

ബംഗാളിൽ മമതാ ബാനർജിയുമായി സഖ്യമുണ്ടാക്കാൻ നിങ്ങൾക്ക് എന്തുകൊണ്ട് സാധിച്ചില്ല?

മമതാ ബാനർജി ബി.ജെ.പിയെയാണോ മതേതര സർക്കാരിനെയാണോ പിന്തുണക്കാൻ പോകുന്നത്? മായാവതിയും മുലായം സിങും ആരെയാണ് തുണക്കാൻ പോകുന്നത്? എങ്ങനെ നോക്കിയാലും രാജ്യത്തൊട്ടാകെ മതേതര പാർട്ടികൾ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പോവുകയാണ്.

ഡൽഹിയുടെ കാര്യമോ?

ആം ആദ്മി പാർട്ടിയുമായി ഞങ്ങൾ ഒരു ചർച്ച നടത്തിയിരുന്നു. അവർക്ക് നാല്, ഞങ്ങൾക്ക് മൂന്ന് എന്നിങ്ങനെയുള്ള ഒരു സീറ്റ് വിഭജനത്തിന് അവർ തയ്യാറാവുകയും ചെയ്തു. ഞങ്ങളും അത് സമ്മതിച്ചപ്പോഴാണ് ഹരിയാനയും പഞ്ചാബും കൂടി വേണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടത്.

നിങ്ങൾ കരാറിൽ നിന്ന് പിൻവാങ്ങി എന്നാണ് അദ്ദേഹം പറയുന്നത്.

അത് തികച്ചും തെറ്റാണ്.

അദ്ദേഹം നിങ്ങൾ കളവു പറഞ്ഞെന്ന് ആരോപിച്ചു.

ഞാൻ ഒരു കാര്യം ഏറ്റെടുത്താൽ അതിനോട് പ്രതിബദ്ധത കാണിക്കും. എൻറെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്കത് മനസ്സിലാകും.

“ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്; ഏറെ മെച്ചപ്പെട്ടതും” രാഹുൽ ഗാന്ധി

യു.പി.എയും സഖ്യകക്ഷികളും കൂടി സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസിതര പാർട്ടിയിൽ നിന്ന് പ്രധാനമന്ത്രി ഉണ്ടാകുന്നതിനെ നിങ്ങൾ പിന്തുണക്കുമോ?

ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിലും ഇന്ത്യയിലെ ഭരണസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിലുമാണ് ഇപ്പോൾ എന്റെ ശ്രദ്ധ. ഇതിനെക്കുറിച്ചുള്ള ചർച്ച പിന്നീടാവാം. ഞങ്ങളും സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് ഉറപ്പുവരുത്തുകയാണ് ഇപ്പോൾ എന്റെ കർത്തവ്യം.

ഒരു മുഖ്യമന്ത്രി ആയ വ്യക്തിക്ക് മാത്രമേ പ്രധാനമന്ത്രി ആവാൻ സാധിക്കൂ എന്ന് ശരദ് പവാർ പറഞ്ഞിട്ടുണ്ട്. അതിനോട് താങ്ങൾ യോജിക്കുന്നുണ്ടോ?

അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ആയ്ക്കോട്ടെ. എന്നെ സംബന്ധിച്ചെടുത്തോളം ഞാനിപ്പോൾ പറഞ്ഞ ഒരു ലക്ഷ്യം മാത്രമേ എന്റെ മുന്നിൽ ഉള്ളൂ. മറ്റൊന്നും ഞാൻ കാണുന്നില്ല. അർജുനനെ പോലെ ഞാൻ മീനിന്റെ കണ്ണ് മാത്രമേ കാണുന്നുള്ളൂ. അതിലേക്ക് ഞാൻ അമ്പ് തറപ്പിക്കുക തന്നെ ചെയ്യും.

ബി.ജെ.പിയെ പരാജയപ്പെടുത്തണോ അല്ലെങ്കിൽ പാർട്ടി വളർത്തണോ എന്ന ഘട്ടം വന്നപ്പോൾ താങ്കൾ പാർട്ടിയെ പുഷ്ടിപ്പെടുത്തുന്നതിനാണ് ശ്രദ്ധ കൊടുത്തത് എന്ന് ആരോപണങ്ങളുണ്ട്. നിങ്ങൾ സത്യത്തിൽ 2019നു വേണ്ടിയല്ല, 2024നു വേണ്ടിയാണ് പ്രവർത്തക്കുന്നതെന്ന് അവർ പറയുന്നു...

ഒരിക്കലുമല്ല! ഈ തെരഞ്ഞെടുപ്പ് ഞങ്ങൾ ജയിക്കും. നല്ല വിധത്തിൽ ജയിക്കും. നിങ്ങളതിനെക്കുറിച്ച് സംസാരിക്കുന്നില്ല, അതിനെക്കുറിച്ച് ആവേശഭരിതരാകുന്നില്ല. നിങ്ങളുടെ മേൽ മറ്റു തരത്തിലുള്ള സമ്മർദ്ദങ്ങളാണ് ഉള്ളത്. എന്നാൽ ശക്തമായ ഒരു അന്തർധാര ഇവിടെയുണ്ട്. നരേന്ദ്ര മോദിയും ബി.ജെ.പിയും തകർത്തെറിയപ്പെടും.

ന്യായ് പദ്ധതിക്കുള്ള പണം എവിടെ നിന്നാണ് വരാൻ പോകുന്നത്?

ന്യായ് എന്നാൽ രണ്ട് കാര്യങ്ങളാണ്. ദരിദ്രരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുക മാത്രമല്ല, പാളിപ്പോയ നോട്ടുനിരോധനവും ജി.എസ്.ടിയും കാരണം നിലച്ചുപോയ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണം എത്തിച്ചതിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ കൈയിൽ പ്രഗത്ഭരായ സാമ്പത്തികവിദഗ്ധരുണ്ട്. കുറേ മാസങ്ങൾ ഞങ്ങൾ ഇതിനു മേൽ പ്രവർത്തിച്ചിട്ടുണ്ട്. മധ്യവർഗക്കാരുടെ കൈയിൽ നിന്നല്ല ഈ പണം വരാൻ പോവുന്നത്. അത് നിങ്ങൾക്കുള്ള എൻറെ ഉറപ്പാണ്. ഇതിലേക്കുള്ള ഒരു രൂപ പോലും നിങ്ങളുടെ നികുതിയിൽ നിന്ന് എടുക്കില്ല. അതിന്റെ കണക്കുകൾ ഞങ്ങളുടെ കൈയിലുണ്ട്. നിലവിലുള്ള വരുമാന സ്ത്രോതസ്സുകളിൽ നിന്നു തന്നെയാണ് ഈ പണം വരാൻ പോകുന്നത്. സർക്കാർ പദ്ധതികളിലെ പാളിച്ചകൾ പരിഹരിച്ചും സർക്കാർ ആസ്തികളെ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുമാണ് ഈ പണം ഞങ്ങൾ കണ്ടെത്താൻ പോകുന്നത്. അതിലൊരു ഭാഗമെങ്കിലും അനിൽ അംബാനിയെ പോലുള്ള അഴിമതിക്കാരായ മുതലാളിമാരിൽ നിന്ന് വരും.

ഇതെങ്ങനെയാണ് സാധ്യമാക്കാൻ പോകുന്നത്? അതോ നരേന്ദ്ര മോദി കള്ളപ്പണം പിടിച്ചെടുത്ത് എല്ലാവരുടെയും ബാങ്ക് അക്കൌണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞതു പോലെയാകുമോ?

ഒരിക്കലുമല്ല! ഞാൻ മോദിയെ പോലെയല്ല, വാഗ്ദാനങ്ങൾ പാലിക്കുന്നയാളാണ്. ന്യായ് പദ്ധതിക്കു വേണ്ട സാമ്പത്തിക മാതൃക ഞങ്ങൾ തയ്യാറാക്കുകയും അത് സമഗ്രമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. സമ്പദ്ഘടനക്ക് യാതൊരു കോട്ടവും തട്ടിക്കാതെ ഈ പദ്ധതി നിലവിൽ വരുത്താനാകും എന്നാണ് എന്റെ ടീം വിശ്വസിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധരോട് ഞങ്ങൾ ഈ കാര്യത്തിൽ അഭിപ്രായം തേടുകയും അവരുടെ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നത്തെ ഒരു പ്രധാന വിഷയം തൊഴിലുകളാണ്. സർക്കാർ ജോലികളുടെ എണ്ണം കൂട്ടാനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പദ്ധതി എന്നു തോന്നുന്നു.

സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി സാധനങ്ങളുടെ ആവശ്യം കൂട്ടുകയും അതു വഴി കൂടുതൽ ജോലികൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. നോട്ടുനിരോധനത്തിലൂടെയും ഗബ്ബർ സിങ് ടാക്സിലൂടെയും മോദി സമ്പദ്ഘടനയെ നശിപ്പിക്കുന്നതിന് മുൻപുള്ള കാലത്തേക്ക് ഇത് നമ്മളെ കൊണ്ടെത്തിക്കും. ദരിദ്രരുടെ കൈയിൽ പണമെത്തിക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ പുനർജനിപ്പിക്കാൻ ന്യായ് പദ്ധതിക്ക് സാധിക്കും. കാശ് കൈയിൽ കിട്ടുന്നവർ അത് ചെലവാക്കും. അങ്ങനെ സാമ്പത്തിക ഇടപാടുകൾ വർദ്ധിക്കും.

ഇനി അവിടെ നിന്ന് എങ്ങനെ മുന്നോട്ടു പോകും എന്ന് നോക്കാം. കഴിവിന്റെ തലസ്ഥാനമാണ് ഇന്ത്യ. ഓരോ ജില്ലക്കും അതിന്റേതായ കഴിവുകളുണ്ട്. എന്നാൽ അവ ബഹുമാനിക്കപ്പെടുന്നില്ല. അവയെ സമ്പദ്ഘടനയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നില്ല. അങ്ങനെയുള്ള പ്രത്യേക കഴിവുകളെ തിരിച്ചറിയുകയും അവയെ രാജ്യത്തിന്റെയും ലോകത്തിന്റെയും സമ്പദ് വ്യവസ്ഥയുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.

ഇന്ത്യയിലെ ഐ.ടി വ്യവസായത്തെ വലിയ വിജയമായി ആളുകൾ ചൂണ്ടിക്കാണിക്കുന്നില്ലേ. ഇന്ത്യയിലെ സോഫ്ട്‍വെയര്‍ എഞ്ചിനീയർമാരുടെ കഴിവുകളെ ബാംഗ്ലൂരും സിലികൺ വാലിയും പോലെയുള്ള നഗരങ്ങളുമായി ബന്ധിപ്പിക്കുകയും അതുവഴി അവരുടെ കഴിവുകൾ പുറത്തുകാണിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുമാണ് അവിടെ സംഭവിച്ചത്. മിർസാപൂരും ശ്രീപെരുംബതൂരും പോലെ ഇത്തരത്തിൽ പതിനായിരക്കണക്കിന് കഴിവിൻറെ കേന്ദ്രങ്ങളുണ്ട്. ഇവ വളർത്തുന്നതിലൂടെ ലക്ഷക്കണക്കിന് ജോലികൾ ഉണ്ടാക്കിയെടുക്കാം.

ജി.ഡി.പി മാത്രം നോക്കി വളർച്ചയെ കണക്കാക്കാൻ ഇനി സാധിക്കില്ല എന്നതാണ് മറ്റൊരു കാര്യം. തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നു കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതില്ലാതെയുള്ള ജി.ഡി.പി വളർച്ച ഇന്ത്യക്ക് ഇപ്പോൾ ആവശ്യമില്ല.

ഇതിൽ സ്വകാര്യ കളിക്കാരുടെ പങ്കെന്തായിരിക്കും?

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സ്വകാര്യ മേഖലക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ട്. വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും വലിയ നിക്ഷേപങ്ങൾ നടത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇതിലൂടെ തന്നെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഇന്ത്യയിലെ നഗരങ്ങളിൽ ശക്തമായ പൊതു ആരോഗ്യ- പൊതു വിദ്യാഭ്യാസ സംവിധാനങ്ങൾ അത്യാവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നല്ല. പക്ഷെ ഐ.ഐ.ടി പോലെയുള്ള ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങൾക്കുള്ള സാധ്യതകളുണ്ട്. അതുകാണുന്ന സ്വകാര്യ സ്ഥാപനങ്ങൾ അതുപോലെയാകാൻ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും വേണം.

സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രകടനപത്രികയിൽ ഞങ്ങൾ അതുല്യമായ ഒരു ആശയം കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് സ്വന്തമായി സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്ന ഏത് യുവാവും യുവതിയും നേരിടുന്ന വലിയൊരു പ്രശ്നം പതിനഞ്ചും പതിനാറും സർക്കാർ വകുപ്പുകളുടെ സമ്മതം വാങ്ങണം എന്നതാണ്. ഇതിൽ മിക്കപ്പോഴും കൈക്കൂലിയും ഉൾപ്പെട്ടിട്ടുണ്ടാകും. അതു കൊണ്ട് എല്ലാ സംരംഭങ്ങൾക്കും ആദ്യത്തെ മൂന്നു വർഷം അനുമതികൾ വാങ്ങേണ്ട ആവശ്യം വരില്ല എന്ന വ്യവസ്ഥയാണ് ഞങ്ങൾ കൊണ്ടുവരാൻ പോകുന്നത്. നിങ്ങൾ പുതുതായി കച്ചവടം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരു പുതുതലമുറക്കാരനാണെങ്കിൽ ആദ്യത്തെ മൂന്നു വർഷങ്ങളിൽ ആരും നിങ്ങളോട് ഒരു ചോദ്യവും ചോദിക്കില്ല. ആരംഭിച്ചതിനു ശേഷം വിജയം കാണുകയും ഒരു ഇരുപതോ മുപ്പതോ പേർ നിങ്ങൾക്ക് വേണ്ടി ജോലിയെടുക്കുകയും ചെയ്യുന്ന ഒരു സാഹചര്യം വന്നാൽ മൂന്നു വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം. നിങ്ങളുടെ കച്ചവടത്തിൻറെ മൂല്യം വർദ്ധിപ്പിക്കാൻ ഞങ്ങൾ സഹായിക്കാം. ഇതാണ് ഞങ്ങളുടെ ചിന്താഗതി. കർഷകരുടെയും യുവജനങ്ങളുടെയും സംരംഭകരുടെയുമടക്കം എല്ലാ വിഭാഗങ്ങളുടെയും മൂല്യം വർദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അങ്ങനെയാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുക.

പൊതുസ്ഥാപനങ്ങളിലെ സ്വകാര്യവത്കരിക്കുന്നതിനെ പിന്തുണക്കുന്നുണ്ടോ? എയർ ഇന്ത്യ പൂട്ടണമെന്നാണോ അഭിപ്രായം?

ഞാൻ ഒരു കാര്യം തുറന്നു പറയട്ടെ. ആ ചോദ്യം തീരെ ലളിതമായി പോയി. പിന്തുണക്കുന്നുണ്ടോ ഇല്ലയോ? ഈ വിഷയത്തിൽ ഞങ്ങൾക്ക് പ്രത്യേകമായ പദ്ധതിയുണ്ട്. ചില സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിൽ കാര്യമുണ്ട്. ചിലതിന്റെ കാര്യത്തിൽ അത് മണ്ടത്തരമാകും. ഇങ്ങനെ ഉണ്ടോ, ഇല്ലയോ എന്ന തരത്തിലുള്ള ചോദ്യങ്ങളല്ല നിങ്ങളൊരു ദേശീയ നേതാവിനോട് ചോദിക്കേണ്ടത്. ഹൈസ്കൂൾ കുട്ടികളോടാണ് അങ്ങനെ ചോദിക്കേണ്ടത്. പരിഷ്കൃതമായ ചോദ്യങ്ങൾക്ക് ഞാൻ പരിഷ്കൃതമായ ഉത്തരങ്ങൾ നൽകാം.

ഇനി കൃഷിയിലേക്ക് വരാം. കർഷകരുടെ വിഷമമകറ്റാൻ കടം എഴുതിത്തള്ളുമെന്നാണ് താങ്കൾ പറയുന്നത്. എന്നാൽ ഇത് വാഗ്ദാനം ചെയ്ത മൂന്ന് സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കിയില്ല എന്നാണ് മോദി ആരോപിക്കുന്നത്. കാർഷിക മേഖലയ്ക്കു വേണ്ടിയുള്ള പദ്ധതികൾ എന്തെല്ലാമാണ്?

ഞങ്ങൾ വാഗ്ദാനങ്ങൾ പാലിക്കുകയും മൂന്നു സർക്കാരുകളും അധികാരത്തിൽ വന്നതിന് ശേഷം 48 മണിക്കൂറുകൾക്കുള്ളിൽ കടം എഴുതിത്തള്ളിയതായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ആദ്യത്തെ കാര്യം. പിന്നെ പൂർണമായും നടപ്പിൽ വരുത്തുന്നതിൽ എന്തായാലും സമയമെടുക്കും.

രണ്ടാമതായി, കടം എഴുതിത്തള്ളിയതു കൊണ്ടു മാത്രം കർഷകരുടെ വിഷമങ്ങൾ തീരില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ഒരു വഴി മാത്രമാണ്. ഇപ്പോഴുള്ള വിഷമങ്ങൾക്ക് പെട്ടെന്നൊരു ആശ്വാസം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ശരിയായ സംഭരണ- വിതരണ സംവിധാനങ്ങളും കൃഷിയിടങ്ങളെയും തീൻമേശയെയും തമ്മിൽ ബന്ധിക്കാനുള്ള സംവിധാനങ്ങളുമില്ലാത്തതു മൂലമാണ് കർഷകർക്ക് തക്കതായ വില ലഭിക്കാത്തത്. അടിസ്ഥാന സൌകര്യങ്ങളും സാങ്കേതിക സൌകര്യങ്ങളും ഭക്ഷണോൽപാദന കേന്ദ്രങ്ങളും കൃഷിയിടങ്ങളുമായി ബന്ധിപ്പിക്കുകയും ഇവ പിന്നീട് ഇന്ത്യയുടെയും ലോകത്തിന്റെയും സമ്പദ്ഘടനയുമായി ബന്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ കാർഷികമേഖലയെ വീണ്ടെടുക്കാൻ സാധിക്കൂ. അതേസമയം, മതിയായി, ഇനി ഞങ്ങൾ ഇത് ചെയ്യുന്നില്ല എന്ന് കർഷകർ ചിന്തിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടരുത്. അതിനു വേണ്ടിയാണ് കടങ്ങൾ എഴുതിത്തള്ളുന്നത്.

ശരിയായ ഭരണരീതിയെക്കുറിച്ചുള്ള താങ്കളുടെ വ്യക്തിപരമായ വീക്ഷണം എന്താണ്?

ഞാൻ ന്യായത്തിൽ വിശ്വസിക്കുന്നു. നാളെ രാജ്യത്തെ ഏറ്റവും വലിയ വ്യവസായികൾ അന്യായങ്ങൾ നേരിടുന്നു എന്ന് കണ്ടാൽ ഞാൻ അവർക്ക് വേണ്ടി പൊരുതും. കർഷകർക്കാണ് ഈ സാഹചര്യം വരുന്നതെങ്കിൽ ഞാൻ അവരുടെ കൂടെ നിൽക്കും. ദരിദ്രരുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇന്ത്യൻ ജനങ്ങൾക്കിടയിൽ ഞാൻ വകതിരിവ് കാണിക്കാറില്ല. വേദനക്കുന്നവരെ സമീപിക്കലാണ് എൻറെ നയം. ഇന്ത്യ ഏതെങ്കിലും ഒരൊറ്റ വിഭാഗമല്ല. ഒരു മനോഹരമായ ഒത്തുതീർപ്പാണ് ഇന്ത്യ. ഇവിടെയുള്ള ജനങ്ങളുടെ വിജ്ഞാനവും സംഭാഷണങ്ങളും കൊണ്ട് മറ്റു രാജ്യങ്ങൾക്ക് സാധിക്കാത്ത പലതും നമുക്ക് നേടിയെടുക്കാൻ സാധിക്കും. അഹിംസയും സ്നേഹവും പോലെയുള്ള മൂല്യങ്ങൾ നമ്മളിൽ ആഴ്ന്നിറങ്ങിയതു കൊണ്ടാണത്.

നിങ്ങൾക്ക് നരേന്ദ്ര മോദിയിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ എന്താണത്?

ഒരേ സമയം പലർക്കും പല സന്ദേശങ്ങൾ നൽകുന്നതെങ്ങനെ എന്ന്. നിങ്ങളോട് ഒരു കാര്യവും അതേ നിമിഷം മറ്റൊരാളോട് അതിൻറെ നേർ വിപരീതവും പറയുന്നത് എങ്ങനെ എന്ന്! അതിലൊരു തരത്തിലുള്ള കള്ളത്തരമുണ്ട്. അതുകൊണ്ട് എന്നെ അത് അസ്വസ്ഥപ്പെടുത്തുന്നു. എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും അദ്ദേഹത്തിൻറെ ഒരു കഴിവാണത്. അതിന് നല്ല ശക്തിയുണ്ട്. 2014ലെ പരാജയം എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമായി എനിക്ക് തോന്നുന്നു. മറ്റുള്ളവർ എങ്ങനെ അധിക്ഷേപിച്ചാലും അവരോടെ ദയയോടെ പെരുമാറുകയാണ് എന്റെ ജോലി എന്ന് അതെന്നെ പഠിപ്പിച്ചു. തിരിച്ചടിക്കുകയല്ല, ആലിംഗനം ചെയ്യുകയാണ് വേണ്ടത്. ഞാൻ അടുത്തിടെ നരേന്ദ്ര മോദിയുടെ ഒരു അഭിമുഖം കണ്ടു. മോദിക്ക് മാത്രമേ മോദിയെ വെല്ലുവിളിക്കാൻ സാധിക്കൂ! ഞാൻ ആകെ അതിശയപ്പെട്ടു പോയി. ഒരാളുടെ ലോകവീക്ഷണം ഇങ്ങനെ ആയിത്തീരുന്നത് എങ്ങനെയാണ്? ഒരു കർഷകനാകട്ടെ, നിങ്ങളാകട്ടെ... ആർക്കും എന്നെ ഏതു കാര്യത്തിലും വെല്ലുവിളിക്കാം. എനിക്ക് ചില കാര്യങ്ങളറിയാം, എന്നാൽ എല്ലാ കാര്യങ്ങളും തീർച്ചയായും അറിയില്ല. എല്ലാം അറിയാമെന്ന് പറയുന്നത് ഭ്രാന്തിന്റെ ലക്ഷണമാണ്. ഞാൻ വെറും മനുഷ്യനാണ്.

അച്ഛനിൽ നിന്നും അമ്മയിൽ നിന്നും നേതൃത്വത്തെക്കുറിച്ച് എന്തൊക്കെ പാഠങ്ങളാണ് താങ്കൾ പഠിച്ചത്?

ഇതും വളരെ ലളിതവത്കരിക്കപ്പെട്ട ഒരു ചോദ്യമാണ്. നേതൃത്വം എന്നത് മാറിവരുന്ന ഒരു കാഴ്ചപ്പാടാണ്. അഞ്ചു വർഷം മുൻപ് ഫലം കണ്ട കാര്യങ്ങൾ ഇപ്പോൾ ചെലവാകില്ല. ശ്രവിക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്. പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിലും കേൾക്കുക. ഇതൊരു മാറിവരുന്ന പ്രക്രിയയാണ്.

അങ്ങനെയെങ്കിൽ മാതാപിതാക്കളിൽ നിന്ന് കിട്ടിയ മൂല്യങ്ങൾ എന്തൊക്കെയാണ്?

സ്നേഹം മാത്രം. വേറൊന്നിനും പ്രാധാന്യമില്ല. എല്ലാവരെയും സ്നേഹിക്കുക. എതിരാളികളെയും സ്നേഹിതരെയും നിങ്ങളെ വെറുക്കുന്നവരെയും മൃഗങ്ങളെയും എല്ലാം സ്നേഹിക്കുക. ലോകം മനോഹരമാണ്. അതിനെ സ്നേഹിക്കാൻ പഠിക്കുക.

ആരോഗ്യം ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ് താങ്കൾ. ഈ വിഷയത്തിൽ നൽകാൻ സാധിക്കുന്ന ഉപദേശങ്ങൾ എന്തൊക്കെയാണ്?

നിർബന്ധബുദ്ധി. വ്യായാമത്തിൽ മാത്രമല്ല, ജീവിതത്തിലെ മറ്റു കാര്യങ്ങളിലും ഇത് സത്യമാണ്. എല്ലാവരും എന്നോട് പറഞ്ഞു, മോദിയെ തോൽപിക്കുക അസാധ്യമാണെന്ന്. അപ്പോൾ ഞാൻ ചോദിച്ചു, അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി എന്താണെന്ന്. അദ്ദേഹത്തിന്റെ പ്രതിച്ഛായ എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. ആയ്ക്കോട്ടെ. അത് പിച്ചിച്ചീന്തി എറിയാൻ ഞാൻ തീരുമാനിച്ചു. അത് ഞാൻ ചെയ്തു. നിശ്ചയദാർഢ്യം കൊണ്ടാണ് എനിക്കത് സാധിച്ചത്.

അമ്മയോടാണോ സഹോദരിയാണോ കൂടുതൽ കാര്യങ്ങൾ തുറന്നുപറയുന്നത്?

രണ്ടു പേരോടും രണ്ട് തരത്തിലുള്ള കാര്യങ്ങളെ പറ്റിയാണ് ഞാൻ സംസാരിക്കാറ്. പൊതുവായി തന്നെ ഒരു തുറന്ന സ്വഭാവക്കാരനാണ് ഞാൻ.

“ഞങ്ങളുടെ കാഴ്ചപ്പാട് ഏറെ വ്യത്യസ്തമാണ്; ഏറെ മെച്ചപ്പെട്ടതും” രാഹുൽ ഗാന്ധി

പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിനെ മുൻപ് തടഞ്ഞുവെച്ചതെന്തിനാണ്? ഇപ്പോൾ രംഗത്തിറക്കിയതിന്റെ കാരണമെന്താണ്?

പ്രിയങ്കയുടെ കുട്ടികൾ ചെറുതായിരുന്നപ്പോൾ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന് അവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ തീരുമാനിച്ചു. ഇപ്പോൾ കുട്ടികൾ വളർന്ന് സർവകലാശാലയിൽ പോകാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരാമെന്ന് അവർക്ക് തോന്നി.

നിങ്ങൾ കോൺഗ്രസ് പ്രസിഡന്റായി സ്ഥാനമേറ്റ സന്ദർഭത്തിൽ സ്റ്റേജ് നിറയെ വയോധികരായിരുന്നു. ഇത് മാറ്റി ഇനി യുവതലമുറക്കാർക്ക് കയറിവരാൻ സ്റ്റേജ് ഒഴിച്ചിടുമെന്ന് അന്ന് നിങ്ങൾ പറഞ്ഞിരുന്നു. എന്നിട്ടും പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് കയറാൻ തീരുമാനിച്ചപ്പോൾ തന്നെ അവരെ കേന്ദ്ര കമ്മിറ്റിയിൽ കയറ്റി. അങ്ങനെ രണ്ട് നയങ്ങളുണ്ടോ- ചിലർ വർഷങ്ങളോളം കഷ്ടപ്പെടേണ്ടി വരുമ്പോൾ ചിലർ നേരെ കേന്ദ്ര കമ്മിറ്റിയിലേക്ക് കയറുന്നു?

സ്റ്റേജ് ഒഴിച്ചിടുമെന്ന് പറയുന്നത് കേൾക്കുമ്പോൾ എളുപ്പമായി തോന്നാം. എന്നാൽ ഇതൊരു യുദ്ധമാണ്. ആ യുദ്ധത്തിൽ എൻറെ സഹോദരി ഒരു വിലപ്പെട്ട ആസ്തിയാണ്. അവരെ ഞാൻ സഹോദരിയായല്ല, ആ സ്റ്റേജ് ഒഴിച്ചിടുന്നതിലെ ഒരു പ്രധാന ആയുധമായാണ് കാണുന്നത്. അതു പോലെ ഒരുപാട് ആയുധങ്ങൾ കോൺഗ്രസലുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യയും സചിന്‍ പൈലറ്റും
ജ്യോതിരാദിത്യ സിന്ധ്യയും സചിന്‍ പൈലറ്റും

രാജസ്ഥാനിലും മധ്യപ്രദേശിലും സചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും പോലുള്ള യുവതലമുറക്കാരെ നേതൃത്വം ഏൽപിക്കാതിരുന്നതെന്താണ്?

പാർട്ടിക്ക് വേണ്ടി ഒരുപാട് സമയം ചെലവഴിക്കുകയും ത്യാഗങ്ങൾ ചെയ്യുകയും ചെയ്ത അങ്ങേയറ്റം വിജ്ഞാനവും അനുഭവസമ്പത്തുമുള്ള ഒരുപാട് മുതിർന്ന നേതാക്കളുണ്ട്. അതുപോലെ നല്ല ഊർജ്ജവും കഴിവുമുള്ള ഒരുപാട് യുവാക്കളുമുണ്ട്.ആദ്യം വിവേകവും പിന്നെ ഊർജ്ജവും ഉപയോഗപ്പെടുത്താനാണ് ഞാൻ തീരുമാനിച്ചത്.

വയനാടോ അമേത്തിയോ- ജയിച്ചാൽ ഏതാണ് തെരഞ്ഞെടുക്കുക?

ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സമയമാകുമ്പോൾ തീരുമാനിക്കും.

അമേത്തിയിൽ തോൽക്കുമെന്ന് പേടിച്ചിട്ടാണോ വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത്.

ഒരിക്കലുമല്ല. അമേത്തി എന്റെ കുടുംബമാണ്. എന്നാൽ തമിഴ്നാട്ടിൽ പോയപ്പോൾ എനിക്ക് ജീവിതത്തിലാദ്യമായി ഒരു തോന്നലുണ്ടായി. തങ്ങൾക്ക് ഇന്ത്യയിൽ തുല്യ അവകാശങ്ങളുണ്ടോ എന്ന് ജനങ്ങൾ ചോദിക്കുന്നതു പോലെ. ദക്ഷിണേന്ത്യയിലുടനീളം ഈ വികാരം കാണാമായിരുന്നു. ഉത്തരവും ദക്ഷിണവും ഒരുപോലെയാണ് എന്ന് കാണിക്കാനാണ് ഞാൻ കേരളത്തിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചത്.

പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടോ?

അത് തീരുമാനിക്കാൻ ഞാനാരാണ്?

അതിന് തയ്യാറാണോ?

അതും തീരുമാനിക്കാൻ ഞാനാരാണ്? 90 കോടിയോളം ജനങ്ങൾ വോട്ടു ചെയ്യുകയാണ്. അവരെന്തു തീരുമാനിച്ചാലും അതിൽ ഞാൻ സന്തുഷ്ടനാണ്. ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കും.

അല്ലാതെ മോദി പറയുന്നതു പോലെ നിങ്ങൾ ഒരു ഗാന്ധി കുടുംബത്തിലെ അംഗമായതു കൊണ്ടല്ല?

ലളിതവത്കരിക്കപ്പെട്ട ഒരു ചോദ്യമാണത്. എൻറെ കുടുംബത്തിലുള്ളവർ രാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട്. പക്ഷെ എൻറെയും അവരുടെയും അനുഭവങ്ങൾ വ്യത്യസ്തമാണ്. ഒരുപാട് യുദ്ധങ്ങളും അക്രമങ്ങളും നിറഞ്ഞ അനുഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എൻറെ പിതാവും മുത്തശ്ശിയും കൊല്ലപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുകൾ ജയിക്കുന്നതും തോൽക്കുന്നതും കണ്ടിട്ടുണ്ട്. എൻറെ മുഴുവൻ അനുഭവങ്ങളെയും ഒറ്റ വാക്കിൽ വിവരിക്കുന്നത് എങ്ങനെയാണ്? ഞാനാരാണെന്ന് മനസ്സിലാക്കുക. ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുക. എന്നിട്ട് ഞാൻ എന്താണെന്ന് വിധി പറയുക.