LiveTV

Live

National

‘’മോദി എന്തെങ്കിലും വായിക്കാറുണ്ടോ?, മാന്യതയുടെ എല്ലാ അതിരുകളും മറികടന്നു’’ മോദിക്കെതിരെ ചിദംബരം

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടായിരുന്നെന്ന മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ചിദംബരം.

‘’മോദി എന്തെങ്കിലും വായിക്കാറുണ്ടോ?,  മാന്യതയുടെ എല്ലാ അതിരുകളും മറികടന്നു’’ മോദിക്കെതിരെ ചിദംബരം

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടായിരുന്നെന്ന മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ചിദംബരം. മരിച്ചു പോയ രാജീവ് ഗാന്ധിയെ വിമര്‍ശിക്കുന്നതില്‍ മോദി മാന്യതയുടെ എല്ലാ അതിരുകളും മറികടന്നെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

‘’മോദി എന്തെങ്കിലും വായിക്കാറുണ്ടോ? ബോഫോഴ്സ് കേസിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന ഡല്‍ഹി ഹൈക്കോടതിയുടെ കണ്ടെത്തലിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞില്ലേ?’’ ചിദംബരം ചോദിച്ചു‌.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ വിമര്‍ശനം. നിരന്തരം അഴിമതി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ലക്ഷ്യം തന്റെ പ്രതിഛായ തകര്‍ക്കുക എന്നത് മാത്രമാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിടിച്ചുലച്ച ബൊഫോഴ്‌സ് കേസിനെക്കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു കേസ്. എന്നാല്‍ രാജീവ് ഗാന്ധി അഴിമതി നടത്തിയതിന് തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ജനാധിപത്യത്തെ കബളിപ്പിക്കുന്നതും ജനങ്ങളെ വിഭജിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതുമായ രാഷ്ട്രീയം ലക്ഷ്യമിടുന്നവര്‍ക്ക് രാഹുല്‍ ഗാന്ധി രാജ്യത്തിനു വേണ്ടി ചെയ്ത ത്യാഗങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മ്മദ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠി, സോണിയ ഗാന്ധിയുടെ റായ്ബറേലി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലക്നൗ എന്നിവ ഉള്‍പ്പടെ ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ നരേന്ദ്ര മോദി ആക്രമണം ശക്തമാക്കിയത്.