LiveTV

Live

National

അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് പിന്തുണ; തീരുമാനത്തില്‍ മാറ്റമില്ലെന്ന് മായാവതി

അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്

അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് പിന്തുണ; തീരുമാനത്തില്‍ മാറ്റമില്ലെന്ന് മായാവതി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും സോണിയഗാന്ധിക്കും മഹാസഖ്യം വോട്ട് ചെയ്യുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മഹാസഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മായാവതി വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മൂന്ന് ദിവസത്തെ വിലക്കിനിടെ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. പരമാവധി വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമങ്ങളിലാണ് സ്ഥാനാര്‍ഥികള്‍.

അമേഠി, റായ്ബറേലി എന്നീ മണ്ഡലങ്ങള്‍ അഞ്ചാംഘട്ടത്തില്‍ ജനവിധി തേടുമ്പോള്‍ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിനുള്ള പിന്തുണയില്‍ മാറ്റമില്ലെന്ന് മായാവതി ആവര്‍ത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമില്ല. എസ്.പി-ബി.എസ്.പി സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മായാവതി യു.പിയല്‍ പറഞ്ഞു.

ജയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി ആദായനികുതി വകുപ്പിന്‍റെയും സി.ബി.ഐയുടെയും സഹായം തേടുകയാണെന്ന് അഖിലേഷ് യാദവും കുറ്റപ്പെടുത്തി. അതേസമയം ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മൂന്ന് ദിവസത്തെ വിലക്ക് നേരിടുന്നതിനിടെ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നോട്ടീസ് അയച്ചത്.

മഹാഭാരത്തിലും രാമായണത്തിലും അക്രമങ്ങള്‍ ഉണ്ടെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തില്‍ ഹരിദ്വാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാബ രാംദേവാണ് യെച്ചൂരിയുടെ പ്രസ്താവനക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.