LiveTV

Live

National

‘രാജ്യത്തിന്‍റെ ശോഭനമായ ഭാവിക്കു വേണ്ടി പ്രാര്‍ഥിക്കുന്നു’ പ്രഗ്യ സിങിനെതിരെ പരിഹാസവുമായി റോബര്‍ട്ട് വാദ്ര

നാം നടക്കേണ്ടത് പിന്നോട്ടല്ലെന്ന് റോബര്‍ട്ട് വാദ്രെ

‘രാജ്യത്തിന്‍റെ ശോഭനമായ ഭാവിക്കു വേണ്ടി പ്രാര്‍ഥിക്കുന്നു’ പ്രഗ്യ സിങിനെതിരെ പരിഹാസവുമായി റോബര്‍ട്ട് വാദ്ര

ഭോപാലിലെ ബി.ജെ .പി സ്ഥാനാര്‍ഥി പ്രഗ്യ സിങ് താക്കൂറിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ‘’ഞാന്‍ എന്ത് പറയാനാണ്. രാജ്യത്തെ അടുത്ത തലമുറയുടെ ഭാവി നമ്മുടെ കൈകളിലാണ്. അത് കൊണ്ട് തന്നെ നമുക്ക് പിന്നോട്ടല്ല മുന്നോട്ട് നടക്കാം. നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന പ്രഗ്യ സിങ് താക്കൂര്‍ നാടിനെ പിന്നോട്ടാണ് നയിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ ഓരോരുത്തരുടെ വോട്ടുകള്‍ ശ്രദ്ധാപൂര്‍വ്വം വിനിയോഗിക്കണം.’’ റോബര്‍ട്ട് വാദ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെ തുടര്‍ന്ന് പ്രഗ്യാ സിങ് താക്കൂറിന് മൂന്ന് തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

വര്‍ഗീയ പരാമര്‍ശം നടത്തിയതിന് മെയ് ഒന്ന് മുതല്‍ 72 മണിക്കൂര്‍ സമയത്തേക്ക് പ്രചാരണ പരിപാടികളില്‍ നിന്ന് താക്കൂറിനെ വിലക്കുകയും ചെയ്തിരുന്നു. ഭോപാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷവും നിരവധി വിവാദ പരാമര്‍ശങ്ങള്‍ താക്കൂര്‍ നടത്തിയിരുന്നു. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് മുന്‍ ചീഫ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചത് കെണ്ടാണെന്നായിരുന്നു പ്രഗ്യ സിംങ് കഴിഞ്ഞ മാസം പറഞ്ഞത്. 2008 നവംമ്പറിലാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കര്‍ക്കറെ കൊല്ലപ്പെടുന്നത്. രണ്ട് ഉയര്‍ന്ന പൊലീസ് ഉദ്യേഗസ്ഥരും അന്ന് അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിരുന്നു.

കൂടാതെ 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതില്‍ താനും ഭാഗവാക്കായിരുന്നുവെന്നതില്‍ അഭിമാനിക്കുന്നുവെന്നും താക്കൂര്‍ പറയുകയുണ്ടായി. ഇതെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കൂറിന് 72 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. മെയ് 12നാണ് ഭോപാലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23ന് വോട്ടെണ്ണലും നടക്കും.