LiveTV

Live

National

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന കേസ്: പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും

ഒരു ലോക്സഭ മണ്ഡലത്തിലുള്ള എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും അഞ്ച് വീതം വിവിപാറ്റുകള്‍ എണ്ണുക എന്നതിലേക്കാണ് സുപ്രിം കോടതി തീരുമാനത്തിലെത്തിയത്

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന കേസ്: പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും

വിവിപാറ്റ് കേസിലെ വിധി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ലോക്സഭാ മണ്ഡലത്തില്‍ വരുന്നഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റുകള്‍ എണ്ണാനായിരുന്നു കോടതി വിധി.

ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ഒരു മണ്ഡലത്തിലെ 50 ശതമാനം വി.വി.പാറ്റ് റസീതുകളെങ്കിലും എണ്ണണം എന്നാണ് കോണ്‍ഗ്രസ്സ്, സി.പി.എം, ടി.ഡി.പി, ബി.എസ്.പി, എന്‍സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാതെയായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഒരു ലോക്സഭ മണ്ഡലത്തിലെ ഓരോ നിയമസഭ മണ്ഡലത്തിലെയും എതെങ്കിലും ഒരു വിവിപാറ്റ് എണ്ണുന്നതിന് പകരം അഞ്ചെണ്ണം എണ്ണണം എന്നായിരുന്നു കോടതി വിധി. ഇതും കാര്യമായ മാറ്റമുണ്ടാക്കില്ലെന്ന് പ്രതിപക്ഷം പുനപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം വോട്ടിന്‍റെ രണ്ട് ശതമാനം മാത്രമാണ് 5 വിവി പാറ്റുകള്‍ എണ്ണുമ്പോള്‍ പരിശോധന വിധേയമാകുന്നത്. തെരെഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാന്‍ അത് പോരെന്നും ഹരജിയില്‍ വാദമുണ്ട്. അത് കൊണ്ട് തന്നെ 50 ശതമാനം രസീതുകള്‍ എണ്ണിയേ മതിയാകൂ എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിക്കുന്നു. പുനപരിശോധന ഹര്‍ജിയില്‍ വാദം പറയാന്‍ കോടതി അനുവദിച്ചാല്‍ കഴിഞ്ഞ ഘട്ടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തകരാറുകളും പ്രതിപക്ഷം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയേക്കും.