LiveTV

Live

National

ഇന്ത്യന്‍ വംശജനായ പുലിറ്റ്സര്‍ ജേതാവ് ശ്രീലങ്കയില്‍ പിടിയില്‍

തുടർച്ചയായുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് കനത്ത സുരക്ഷാ വലയത്തിലാണ് ശ്രീലങ്ക

ഇന്ത്യന്‍ വംശജനായ പുലിറ്റ്സര്‍ ജേതാവ് ശ്രീലങ്കയില്‍ പിടിയില്‍

ഇന്ത്യൻ വംശജനായ പുലിറ്റ്സർ ജേതാവ് ഡാനിഷ് സിദ്ദീഖിയെ പ്രദേശത്ത് അതിക്രമിച്ച് കടന്നതിന് ശ്രീലങ്കൻ ഗവൺമന്റ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ നെഗോമ്പോയിലുള്ള മാരിസ് സ്റ്റെല്ല കോളേജിൽ അനുമതിയില്ലാതെ കയറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബെെയിൽ നിന്നുള്ള ഫോട്ടോ ജേണലിസ്റ്റിനെ പിടികൂടിയിരിക്കുന്നത്.

തുടർച്ചയായുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് കനത്ത സുരക്ഷാ വലയത്തിലാണ് ശ്രീലങ്ക. കഴിഞ്ഞ ദിവസം രാജ്യത്ത് നടന്ന ചാവേറാക്രമണത്തിൽ 253 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട, മാരിസ് സ്റ്റെല്ലാ കോളേജിലെ വിദ്യാർഥിയെ കുറിച്ചുള്ള വിവരങ്ങൾക്കായി ഡാനിഷ് സിദ്ദീഖി നിരന്തരമായി കോളേജ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കോളേജിലേക്ക് പ്രവേശിച്ചത് ചോദ്യം ചെയ്ത അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

മ്യാൻമർ ഭരണകൂടത്തിന്റെ ഭീകതതക്ക് ഇരയായ റോഹിങ്ക്യൻ മുസ്‍ലിംകളെ കുറിച്ചുള്ള ഫോട്ടോസ്റ്റോറിക്ക് 2018ലെ പുലിറ്റ്സർ പുരസ്കാരം ലഭിച്ച ഏഴ് അംഗ റോയിറ്റേഴ്സ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാരനായിരുന്നു സിദ്ദീഖി.