LiveTV

Live

National

‘രാമായണവും മഹാഭാരതവും പിന്തുടരുന്ന പ്ര​ഗ്യാ സിം​ഗ് എങ്ങനെ സമാധാനവാദിയാകും’

പ്രഗ്യാ സിംഗിനെപ്പോലുള്ളവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു

‘രാമായണവും മഹാഭാരതവും പിന്തുടരുന്ന പ്ര​ഗ്യാ സിം​ഗ് എങ്ങനെ സമാധാനവാദിയാകും’

ബി.ജെ.പി നേതാവും ഭോപാലില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുവായ താൻ ഹിംസയിൽ വിശ്വസിക്കുന്നില്ലെന്ന പ്രഗ്യാ സിംഗന്റെ പരാമർശത്തിനെതിരെയാണ് യെച്ചൂരി രംഗത്ത് വന്നത്. ഹിംസയെ കുറിച്ച് പറയുന്ന മഹാഭാരതവും രാമായണവും പിന്തുടരുന്ന, ‘പ്രചാരക’യായ പ്രഗ്യാ സിംഗ് താക്കൂറിന് എങ്ങനെയാണ് സമാധാനവാദിയാണെന്ന് പറയാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

‘രാമായണവും മഹാഭാരതവും പിന്തുടരുന്ന പ്ര​ഗ്യാ സിം​ഗ് എങ്ങനെ സമാധാനവാദിയാകും’

ഒരു ഹിന്ദു അക്രമണങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണ് പ്രഗ്യാ സിംഗ് പറഞ്ഞത്. യുദ്ധങ്ങളേ പറ്റിയും രാജാക്കൻമാരുടെ പോരാട്ടങ്ങളെ പറ്റിയുമാണ് മഹാഭാരതവും രാമായണവും സംസാരിക്കുന്നത്. ആർ.എസ്.എസ് പ്രചാരകയായ, ഈ ഇതിഹാസങ്ങൾ പിന്തുടരുന്ന, ഹിന്ദുത്വത്തിന്റെ വക്താവെന്ന നിലയിൽ പ്രഗ്യാ സിംഗ് താന്‍ സമാധാനവാദിയാണെന്ന് അവകാശപ്പെടുന്നത് തികച്ചും വെെരുദ്ധ്യാത്മകമായ കാര്യമാണെന്ന് യെച്ചൂരി പറഞ്ഞു.

ആർ.എസ്.എസ് ആചാര്യനായ സവർക്കർ തന്നെ പറഞ്ഞിരിക്കുന്നത് ഹിന്ദുത്വത്തിന് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ലെന്നാണ്. മുസ്സോളിനിയുടെ ഫാസിസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആർ.എസ്.എസ് രൂപം കൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും കൂടുതൽ വർഗീയതയിലേക്ക് നീങ്ങുകയാണ് ബി.ജെ.പി. ഹിന്ദുത്വ അജണ്ടകളിലാണ് അവർ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പറഞ്ഞ യെച്ചൂരി, പ്രഗ്യാ സിംഗിനെപ്പോലുള്ളവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.