LiveTV

Live

National

ലൈംഗിക പീഡന പരാതി: ചീഫ് ജസ്റ്റിസ് അന്വേഷണ സമിതിക്ക് മുൻപില്‍ ഹാജരായി

ആരോപണങ്ങൾ പൂർണ്ണമായും ചീഫ് ജസ്റ്റിസ് നിഷേധിച്ചു.

ലൈംഗിക പീഡന പരാതി: ചീഫ് ജസ്റ്റിസ് അന്വേഷണ സമിതിക്ക് മുൻപില്‍ ഹാജരായി

ലൈംഗിക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുൻപാകെ ഹാജരായി. ആരോപണങ്ങൾ പൂർണ്ണമായും ചീഫ് ജസ്റ്റിസ് നിഷേധിച്ചു. സമിതി അന്വേഷണ റിപ്പോർട്ട് ഉടൻ തയ്യാറാക്കിയേക്കും.

ലൈംഗിക പീഡന ആരോപണത്തിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പാകെ ചീഫ് ജസ്റ്റിസ് ഹാജരാകുന്നത് ഇന്ത്യൻ ജുഡീഷ്യറി ചരിത്രത്തിൽ ഇതാദ്യം. അഭിഭാഷകനെ നിയോഗിക്കാൻ അനുവദിക്കുന്നില്ല എന്നതടക്കം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര അന്വേഷണത്തിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സമിതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല എന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷവും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ജസ്റ്റിസ് എസ്.എ ബോബ് ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ചീഫ് ജസ്റ്റിസിന്റെ മൊഴിയെടുത്തത്.

നേരെത്തെ ഈ ആരോപണത്തിന്മേൽ നടത്തിയ പ്രത്യേക സിറ്റിംഗിൽ പറഞ്ഞ കാര്യങ്ങൾ ചീഫ് ജസ്റ്റിസ് സമിതി മുമ്പാകെ അവർത്തിച്ചെന്നും ആരോപണം പൂർണമായും നിഷേധിച്ചു എന്നുമാണ് വിവരം. ജസ്റ്റിസ് ബോബ്ഡേക്ക് പുറമെ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ഇന്ദു മൽഹോത്ര എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. പരാതിക്കാരിയിൽ നിന്ന് രണ്ട് തവണ സമിതി മൊഴിയെടുത്തിരുന്നു. ഇപ്പോൾ ചീഫ് ജസ്റ്റിസ്റ്റിന്റെ മൊഴി കൂടി എടുത്ത പശ്ചാത്തലത്തിൽ അന്വേഷണ റിപ്പോർട്ട് ഉടനുണ്ടായേക്കും.

അതേസമയം പീഡനാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയും ഒത്തുകളിയുമുണ്ടെന്ന ആരോപണത്തില്‍ സുപ്രീം കോടതി മുൻ ജഡ്ജി എ.കെ. പട്നായികിന്റെ നേതൃത്വത്തിലുള്ള സമിതിയും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.