LiveTV

Live

National

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടി ഇന്ത്യയുടെ നയതന്ത്ര വിജയം

10 വര്‍ഷം നീണ്ട ശ്രമത്തിനൊടുവിലാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ നീക്കങ്ങള്‍ വിജയിച്ചത്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടി ഇന്ത്യയുടെ നയതന്ത്ര വിജയം

സമീപകാലത്ത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ നേടിയ ഏറ്റവും വലിയ നയതന്ത്ര വിജയങ്ങളിലൊന്നാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ നടപടി. 10 വര്‍ഷം നീണ്ട ശ്രമത്തിനൊടുവിലാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ നീക്കങ്ങള്‍ വിജയിച്ചത്. മസൂദ് അസ്ഹറിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് ബോധ്യമായെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

മസൂദ് അസ്ഹര്‍- 1994ല്‍ ഇന്ത്യ ജയിലിലടച്ച ഭീകരന്‍. പിന്നീട് 1999ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് ഇന്ത്യക്ക് മോചിപ്പിക്കേണ്ടി വന്നു. അതുകഴിഞ്ഞ് ജയ്ശെ മുഹമ്മദ് തലവനായി മാറിയ അസ്ഹര്‍ അതിര്‍ത്തി കടന്നുള്ള ഭീകരനീക്കം ശക്തമാക്കുന്നതാണ് കണ്ടത്. 2001ലെ പാര്‍ലമെന്‍റ് ആക്രമണം തൊട്ട് പുല്‍വാമ വരെ എത്തിനില്‍ക്കുന്ന ഭീകരത. പാകിസ്താനോട് ശക്തമായ നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന ചൈന അസ്ഹറിനെതിരെ മതിയായ തെളിവില്ല എന്നതടക്കം സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ഓരോ തവണയും ഇന്ത്യന്‍ നീക്കം വീറ്റോ ചെയ്തു.

എന്നാല്‍ കഴിഞ്ഞ ആഴ്ച ബീജിങ്ങിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മസൂദ് അസ്ഹര്‍ വിഷയത്തില്‍ ചൈനയുടെ ശ്രദ്ധേയമായ ഈ നിലപാട് മാറ്റം. ഈ കൂടിക്കാഴ്ചക്ക് ശേഷം, വിദേശകാര്യ സെക്രട്ടറി വഴി ഇന്ത്യ മസൂദ് അസ്ഹറിനെതിരായ തെളിവുകള്‍ ചൈനക്ക് കൈമാറുകയും ചെയ്തു. പുറമെ അമേരിക്ക, ബ്രിട്ടന്‍‌, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സമ്മര്‍ദവും ചൈനയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തല്‍. ഐക്യരാഷ്ട്ര സഭയുടെ തീരുമാനം ഫ്രാന്‍സ് ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും തെരെഞ്ഞെടുപ്പ് നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ചൈനയുടെ സുപ്രധാന തീരുമാനം എന്നതും ശ്രദ്ധേയമാണ്.