LiveTV

Live

National

ബുർഖ നിരോധനം; ‘U’ ടേണടിച്ച് ശിവസേന

മുഖപത്രത്തിൽ വന്നത് പാർട്ടി നയമല്ലെന്നാണ് ശിവസേന വ്യക്തമാക്കിയത്

ബുർഖ നിരോധനം; ‘U’ ടേണടിച്ച് ശിവസേന

ഇന്ത്യയിൽ ബുർഖ നിരോധിക്കണമെന്നാവശ്യം ഉന്നയിച്ചതിന് മണിക്കൂറുകൾക്കകം നിലപാടിൽ നിന്നും യൂ ടേണടിച്ച് ശിവസേന. ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തന് ശേഷം ശ്രീലങ്ക ബുർഖ നിരോധിക്കാൻ ഒരുങ്ങുന്നതായി, മുഖപത്രമായ സാമനയിലൂടെ പറഞ്ഞ ശിവസേന, ഇപ്രകാരം ഇന്ത്യയിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ, മുഖപത്രത്തിൽ വന്നത് പാർട്ടി നയമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

250 പേർ കൊല്ലപ്പെട്ട ഈസ്റ്റർ ഭീകരാക്രമണത്തെ തുടർന്ന് ബുർഖ നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്കൻ സർക്കാർ. ഇപ്രകാരം ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്നായിരുന്നു സാമനയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് പാർട്ടി നയമല്ലെന്ന് വ്യക്തമാക്കിയ ശിവസേന വക്താവ് നീലം ഗോർ, പാർട്ടിയുടെ തീരുമാനങ്ങളെല്ലാം ഉന്നതതല ചർച്ചകൾക്കൊടുവിൽ കെെകൊള്ളുന്നതായിരക്കുമെന്നും, അവ പാർട്ടി തലവൻ ഉദ്ധവ് താക്കറെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്യുകയെന്നും പറഞ്ഞു.

ബുർഖാ പരാമർശത്തെ തുടർന്ന് സഖ്യ ക്ഷികളി‍ൽ പെട്ട റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ-എ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വർഗീയ പരാമർശം നടത്തിയ ശിവസേനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവെെസി ആവശ്യപ്പെട്ടു. ശിവസേന തന്നെ മുമ്പും പല തവണ ആവശ്യപ്പെട്ട‌‌ കാര്യമാണ് ഇപ്പോൾ മുഖപത്രത്തിലൂടെ വീണ്ടും വ്യക്തമാക്കിയിരിക്കുന്നതെന്നും ഉവെെസി പറഞ്ഞു.

മുസ്‍ലിംകളിൽ പലരും അവരുടെ മതത്തെ കുറിച്ച് തന്നെ അഞ്ജരാണെന്ന് പറയുന്ന സാമന എഡിറ്റോറിയൽ, ബുർഖ, ബഹുഭാര്യത്വം, മുത്ത്വലാഖ് എന്നിവ പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും പേരിൽ തെറ്റിദ്ധരിപ്പിക്കപ്പിട്ടിരിക്കുകയാണെന്നും കുറിക്കുകയുണ്ടായി.