LiveTV

Live

National

ഫോണി ഒഡീഷയില്‍ ആഞ്ഞടിക്കുന്നു; 12 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു, ട്രെയിന്‍-വ്യോമ ഗതാഗതം താറുമാറായി

ഒഡീഷയിലെ 19 ജില്ലകളിലും പശ്ചിമ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലുമാണ് കാറ്റ് വീശുക

ഫോണി ഒഡീഷയില്‍ ആഞ്ഞടിക്കുന്നു; 12 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു, ട്രെയിന്‍-വ്യോമ ഗതാഗതം താറുമാറായി

ഫോണി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. തീരപ്രദേശത്ത് നിന്ന് 12 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. ട്രെയിന്‍-വ്യോമ ഗതാഗതം താറുമാറായി. ഒഡീഷയിലും പശ്ചിമ ബംഗാളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പൂര്‍ണമായും കര തൊടുന്നതോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാവിലെ എട്ട് മണിയോടെയാണ് ഫോണി ചുഴലിക്കാറ്റ് ഒഡീഷയിലെ പുരി തീരത്ത് എത്തിയത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശി. പ്രദേശത്ത് നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്നു. കനത്ത മഴ പെയ്തു. 20 സെന്‍റി മീറ്ററോളം മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് കാറ്റ് ഭുവനേശ്വറിലേക്ക് നീങ്ങി. കനത്ത മഴയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നു. ഒഡീഷയില്‍ 223 ട്രെയിനുകള്‍ റദ്ദാക്കി. വിമാനത്താവളങ്ങള്‍ അടച്ചു. തൊള്ളായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വടക്ക് കിഴക്കായാണ് കാറ്റിന്‍റെ ദിശ. പൂര്‍ണമായും കര തൊടുന്നതോടെ ഫോണിയുടെ തീവ്രത കുറയും. ഇന്ന് വൈകിട്ടോടെ കാറ്റ് പശ്ചിമബംഗാളിലേക്ക് കടക്കും എന്നാണ് റിപ്പോര്‍ട്ട്.