LiveTV

Live

National

ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന

ആളുകളെ തിരിച്ചറിയുന്നതില്‍ സുരക്ഷാസേനക്ക് ഒരു തരത്തിലുള്ള തടസങ്ങളും ഉണ്ടാവരുതെന്ന കാരണത്താലാണ് വിലക്ക്.

ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന

പൊതു സ്ഥലങ്ങളില്‍ ബുര്‍ഖക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ശിവസേന. ആളുകളെ തിരിച്ചറിയാന്‍ സുരക്ഷാസേനക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ശിവസേന വാദം. പാര്‍ട്ടി പത്രങ്ങളായ സാമ്‌ന, ദോഫര്‍ കാ സാമ്‌ന എന്നിവയുടെ എഡിറ്റോറിയലിലാണ് ശിവസേനയുടെ ഈ പ്രസ്താവന.

മുത്തലാഖ് മാത്രമല്ല ബുര്‍ഖയും ഇന്ത്യയില്‍ വിലക്കേണ്ടത് അത്യാവശ്യമാണെന്നാണ് ശിവസേനയുടെ വാദം. രാവണന്റെ രാജ്യമായ ശ്രീലങ്കയില്‍ ഈ നിയമം കൊണ്ടുവരാമെങ്കില്‍ രാമന്റെ രാജ്യമായ ഇന്ത്യയില്‍ ഇത് എന്തുകൊണ്ട് ആവിഷ്‌ക്കരിച്ചുകൂടായെന്ന് ശിവസേന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു.

ഇത്തരത്തിലുള്ള എന്തെങ്കിലും ആചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇസ്‍ലാം അപകടത്തിലാണെന്ന തരത്തില്‍ അവര്‍ അലറാന്‍ തുടങ്ങുമെന്നും ഖുര്‍ആനില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് മുസ്‍ലിം സ്ത്രീകള്‍ ബുര്‍ഖയും മറ്റും ഉപയോഗിക്കുന്നതെന്നും ശിവസേന ആരോപിച്ചു.

ഈസ്റ്റര്‍ ആക്രമണത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചതു പോലെ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് മോദിയോട് ശിവസേന ആവശ്യപ്പെട്ടു. മുഖം മറച്ചു ബുര്‍ഖ ധരിച്ചു നടക്കുന്നവര്‍ ദേശീയ സുരക്ഷക്ക് തന്നെ വെല്ലുവിളിയായേക്കാമെന്നും ശിവസേന വാദിക്കുന്നു.

ബുര്‍ഖ, നിഖാബ് തുടങ്ങി മുഖം മറക്കപ്പെടുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ചൊവ്വാഴ്ച്ച ഹിന്ദു സേന ആഭ്യന്തര മന്ത്രാലയത്തിലേക്ക് കത്തയച്ചിരുന്നു. ഇത്തരത്തില്‍ തലയും മുഖവും മറക്കപ്പെടുന്ന വസ്ത്രങ്ങള്‍ തീവ്രവാദികളെ സി.സി.ടി.വി ദൃശ്യങ്ങളില്‍പ്പെടാതെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന കാരണവും കത്തില്‍ പറയുന്നു.