LiveTV

Live

National

പ്രഗ്യാ സിംഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്

മാലേഗാവ് സ്ഫോടന കേസില്‍ കുറ്റാരോപിതയായ പ്രഗ്യാ സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിവിജയ് സിംഗിനെതിരായാണ് മത്സരിക്കുന്നത്

പ്രഗ്യാ സിംഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്

ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് മൂന്ന് ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രചാരണത്തിനിറങ്ങരുതെന്നാണ് കമ്മീഷന്‍ നിർദേശിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയിലാണ് കമ്മീഷന്‍ നടപടി.

മാലേഗാവ് സ്ഫോടന കേസില്‍ കുറ്റാരോപിതയായ പ്രഗ്യാ സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിവിജയ് സിംഗിനെതിരായാണ് മത്സരിക്കുന്നത്. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തീവ്ര ഹിന്ദുത്വ വക്താവായ പ്രഗ്യാ സിംഗിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുകയായിരുന്നു. ബാബരി മസ്ജിദ് തകർക്കുന്നതിൽ പങ്കുചേരാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു എന്നായിരുന്നു പ്രഗ്യാ സിംഗ് പറഞ്ഞത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിനെ തുടർന്ന് ബാബരി മസ്ജിദ് പരാമർശം നടത്തിയതായി പ്രഗ്യാ സിംഗ് സമ്മതിച്ചുവെങ്കിലും, തന്റെ പ്രസംഗത്തിൽ നിന്നും അടർത്തിയെടുത്ത ഭാഗമാണതെന്നായിരുന്നു അവർ ബോധിപ്പിച്ചത്.

ബി.ജെ.പിയിൽ ചേർന്ന് തൊട്ടുടനെ, മുംബെെ ഭീകരാക്രമണത്തിനിടെ രക്തസാക്ഷിയായ ഹേമന്ദ് കർക്കരെ കൊല്ലപ്പെട്ടത് താൻ ശപിച്ചത് കൊണ്ടാണെന്ന് പറഞ്ഞിരുന്നു പ്രഗ്യാ സിംഗ്. ഇതിലും തെരഞ്ഞെടുപ്പ് ഇവര്‍ക്ക് കമ്മീഷൻ നോട്ടീസയക്കുകയുണ്ടായി.