LiveTV

Live

National

മോദിയെ പരോക്ഷമായി വിമര്‍ശിച്ച് ജയാ ബച്ചന്‍ 

സമാജ്‌വാദിയുടെ ശീലം പാര്‍ട്ടിയിലേക്ക് വരുന്ന ആളുകളെ ഹൃദ്യമായി സ്വാഗതം ചെയ്യലാണ്

മോദിയെ പരോക്ഷമായി വിമര്‍ശിച്ച് ജയാ ബച്ചന്‍ 

രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട വ്യക്തി തന്നെ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍. ലക്‌നൗവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് ജയ ബച്ചന്‍ രംഗത്തെത്തിയത്. ലക്‌നൗവിലെ എസ്.പി സ്ഥാനാര്‍ഥിയായ പൂനം സിന്‍ഹക്ക് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു ജയ ബച്ചന്‍.

''സമാജ്‌വാദിയുടെ ശീലം പാര്‍ട്ടിയിലേക്ക് വരുന്ന ആളുകളെ ഹൃദ്യമായി സ്വാഗതം ചെയ്യുക എന്നതാണ്. അവരുടെ ജയം ഉറപ്പിക്കലാണ്. എവിടെനിന്നു വന്നാലും സമാജ്‌വാദിയിലേക്കെത്തിയാല്‍ ഞങ്ങള്‍ അവരെ എല്ലാവിധത്തിലും സംരക്ഷിക്കും''- ജയ ബച്ചന്‍ പറഞ്ഞു.

40 വര്‍ഷത്തോളമായി തന്റെ സുഹൃത്തായ പൂനം സിന്‍ഹയെ വിജയിപ്പിക്കണമെന്ന് ജയാ ബച്ചന്‍ ആവശ്യപ്പെട്ടു. ഇന്നു കാണിക്കുന്ന ആവേശവും ഉത്സാഹവും വോട്ട് ചെയ്യുമ്പോഴും വേണം. ഈ ചുറുചുറുക്കോടെ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ എല്ലാവരും കൂട്ടമായി വന്ന് വോട്ട് രേഖപ്പെടുത്തണമെന്നും ജയ ബച്ചന്‍ അഭ്യര്‍ഥിച്ചു.

ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം സിന്‍ഹ. ഏപ്രില്‍ 16ന് ആണ് പൂനം സിന്‍ഹ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യമാണുള്ളത്. ഇതില്‍ എസ്.പി 37 സീറ്റുകളിലും ബി.എസ്.പി 38ഉം ആര്‍.എല്‍.ഡി മൂന്ന് സീറ്റുകളിലുമാണ് മഝരിക്കുന്നത്.