LiveTV

Live

National

വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കുന്ന തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി

ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയ വിവരം പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കുന്ന തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി

വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്ന മുന്‍ സൈനികനായ എസ്.പി-ബി.എസ്.പി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂറിന്‍റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പത്രികയില്‍ വൈരുദ്ധ്യമുണ്ടെന്നും ബി.എസ്.എഫില്‍ നിന്ന് നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. നടപടിക്കതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ പറഞ്ഞു.

തേജ് ബഹാദൂറിന്‍റെ പത്രിക തള്ളിയതോടെ വാരണാസിയില്‍ എസ്.പി ബി.എസ്.പി സഖ്യത്തിന് സ്ഥാനാര്‍ത്ഥിയില്ലാതായി. മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സൈനീകനായ തേജ് ബഹാദൂറിനെ എസ്.പി ബി.എസ്.പി സഖ്യം പിന്തുണക്കുകയായിരുന്നു. ഇതോടെ സഖ്യ സ്ഥാനാര്‍ഥിയായി വീണ്ടും തേജ് ബഹാദൂര്‍ പത്രിക സമര്‍പ്പിച്ചു.

ആദ്യ പത്രികയില്‍ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയത് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രണ്ടാം പത്രികയില്‍ അത് ഉള്‍പ്പെടുത്തിയില്ല എന്നാണ് റിട്ടേണിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം. ഒപ്പം ബി.എസ്.എഫില്‍ നിന്നുള്ള നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമയത്ത് അത് ഹാജരാക്കാന്‍ തേജ് ബഹാദൂറിന് കഴിഞ്ഞില്ലെന്നും റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളാനുള്ള കാരണമായി പറയുന്നു.

എന്നാല്‍ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചതാണെന്നും പത്രിക തള്ളിയതിനെതിരെ സുപീംകോടതിയെ സമീപിക്കുമെന്നും തേജ് ബഹാദൂര്‍ വ്യക്തമാക്കി. അഴിമതിയോ വിശ്വാസവഞ്ചനയോ നടത്തി പുറത്താക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയതയുടെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍ ഒരു സൈനീകനെ തെരഞ്ഞെടുപ്പില്‍ നേരിടണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ലഭിക്കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞതിനാണ് തേജ് ബഹാദൂറിനെ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയതെന്നും എങ്ങനെയാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്ന് ബി.ജെ.പിക്ക് അവകാശപ്പെടാനുകുന്നതെന്നും അഖിലേഷ് ചോദിച്ചു.