LiveTV

Live

National

ജാതി വിവേചനത്തിനെതിരെ പോരാടി ഒരു ഐ.എ.എസ് ഓഫീസര്‍

അഡീഷണല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട് നാല് വര്‍ഷം പിന്നിടുമ്പോള്‍ ജാതിപ്പേരില്‍ പലരാലും അവഹേളിക്കപ്പെട്ട് നീതിക്ക് വേണ്ടി കാമ്പയിന്‍ നടത്തുകയാണ് 1985 ബാച്ചിലെ ഐ.എ.എസ് ഓഫീസറായ ജഗ് മോഹന്‍ സിംഗ് രാജു

ജാതി വിവേചനത്തിനെതിരെ പോരാടി ഒരു ഐ.എ.എസ് ഓഫീസര്‍

കഴിഞ്ഞ കാലത്തെന്നോ ഇന്ത്യയില്‍ നിലനിന്നിരുന്ന അനാചാരമായാണ് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി ജഗ്‌മോഹന്‍ സിംഗ് രാജു ജാതി വ്യവസ്ഥയെയും അതോടനുബന്ധിച്ച പക്ഷഭേദങ്ങളേയും കണ്ടിരുന്നത്. എന്നാല്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട് നാല് വര്‍ഷം പിന്നിടുമ്പോള്‍ ജാതിപ്പേരില്‍ പലരാലും അവഹേളിക്കപ്പെട്ട് നീതിക്ക് വേണ്ടി കാമ്പയിന്‍ നടത്തുകയാണ് 1985 ബാച്ചിലെ ഐ.എ.എസ് ഓഫീസറായ അദ്ദേഹം.

ജാതി വിവേചനം എന്നെങ്കിലും നേരിടേണ്ടി വരുമെന്ന് എല്ലാവരും എന്നോട് പറയുമായിരുന്നു. പക്ഷെ 25 വര്‍ഷത്തെ എന്റെ സര്‍വീസിനിടെ അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഉയര്‍ന്ന പദവിക്ക് വേണ്ടി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ മത്സരം വന്നപ്പോള്‍ എല്ലായിടത്തുനിന്നും പതിയെ മാറ്റിനിര്‍ത്തപ്പെടുകയാണെന്ന തോന്നലുണ്ടാവാന്‍ തുടങ്ങി. ഞങ്ങളുടെ ഇടയില്‍ നിന്ന് ആരും മുന്നോട്ട് വരരുതെന്ന് സമൂഹമൊന്നടങ്കം ആഗ്രഹിക്കുന്ന മട്ടിലാണ് എന്നോടുള്ള സമീപനം’ - അദ്ദേഹം ദി പ്രിന്‍റിനോട് പറഞ്ഞു.

വിവേചനങ്ങള്‍ മറനീക്കിത്തുടങ്ങുന്നു

പഞ്ചാബിലെ ഒരു പട്ടികജാതി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന തമിഴ്‌നാട്ടിലെ ഐ.എ.എസ് ഓഫീസറാണ് രാജു. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ രാജു 22-ാം വയസിലാണ് ഐ.എ.എസ് നേടുന്നത്.

2013 ല്‍ രാജുവിനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷ്ണര്‍ കെ.വി ചൗധരി ആരോപിച്ച ചില പരാതികളില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സത്യമല്ലെന്നും കെട്ടിച്ചമച്ചവയാണെന്നുമുള്ള കണ്ടെത്തലില്‍ കേസ് ആ വര്‍ഷം തന്നെ തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ 2015 ല്‍ രാജു അഡീഷണല്‍ സെക്രട്ടറി നിയമനപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍ കേസ് ഒന്നുകൂടി അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് ചൗധരി വീണ്ടും രംഗത്തെത്തി. അഡീഷണല്‍ സെക്രട്ടറി നിയമനപ്പട്ടികയില്‍ നിന്ന് രാജുവിന്റെ പേര് എടുത്ത് കളയാന്‍ ചൗധരി ഏകപക്ഷീയവും വിവേചനപരവുമായ രീതികളാണ് സ്വീകരിച്ചത്. എന്നാല്‍ അന്നും ആരോപണങ്ങളൊന്നും വാസ്തവമാണെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ രാജു കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

ജാതി വിവേചനത്തിനെതിരെ പോരാടി ഒരു ഐ.എ.എസ് ഓഫീസര്‍

2015 ല്‍ ചൗധരിയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ദേശീയ പട്ടികജാതി കമ്മീഷന്റെ നേതൃത്വത്തില്‍ രാജു സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് 2017 ല്‍ കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ എത്തുകയും തുടര്‍ന്ന് പട്ടികജാതി കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ഒരു തീരുമാനം അറിയിക്കാമെന്ന് കോടതി അറിയിക്കുകയും ചെയ്തു. ചൗധരിക്കെതിരെ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് മനസിലാക്കിയ രാജു പിന്നീട് പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിംഗ് വകുപ്പിലേക്കും കത്തയച്ചു. എന്നാല്‍ രണ്ടാഴ്ച്ച പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

ജാതിപ്പേരിലുള്ള വിവേചനം ഉദ്യോഗമേഖലയില്‍ പ്രകടമാണോ എന്ന ചോദ്യത്തിന് പ്രകടമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി തലത്തിലും അതിന് മുകളിലുമുള്ള തസ്തികകളിലും വിരളമായി മാത്രം പട്ടികജാതിക്കാര്‍ കാണപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ആകെ 81 സെക്രട്ടറി റാങ്ക് ഉദ്യോഗസ്ഥരില്‍ പട്ടികജാതിയില്‍ നിന്ന് ആകെ 2 പേരും പട്ടികവര്‍ഗത്തില്‍ നിന്ന് ആകെ 3 പേരും മാത്രമാണുള്ളതെന്ന് ദി പ്രിന്റ് വിവരാവകാശ നിയമത്തിലൂടെ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു അന്വേഷണത്തില്‍ തെളിഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് സെക്രട്ടറി തലങ്ങളിലേക്കുള്ള നിയമനം ലഭിക്കാത്തതിന് പൊതുവെ രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്. പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മറ്റ് വിഭാങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തവണ എഴുതാനുള്ള അവസരം ലഭിക്കുന്നതുകൊണ്ട് വൈകിയാണ് പലരും ജോലിയില്‍ പ്രവേശിക്കുക, മാത്രമല്ല, ഉയര്‍ന്ന റാങ്കുകളിലേക്ക് എത്തിപ്പെടാന്‍ അവസരം ലഭിക്കുമ്പോഴേക്കും ജോലിയില്‍ നിന്ന് വിരമിക്കാനുള്ള പ്രായമാകും. എന്നാല്‍ വളരെ നേരത്തെ സര്‍വീസില്‍ പ്രവേശിച്ച ഒരാളാണ് രാജു. അതുകൊണ്ട് തന്നെ ഉയര്‍ന്ന പദവിയിലെത്താതിരിക്കാന്‍ മറ്റ് പല കാരണങ്ങളാണ് രാജുവിനെതിരെ കെട്ടിച്ചമക്കപ്പെട്ടത്

ജാതി വിവേചനത്തിനെതിരെ പോരാടി ഒരു ഐ.എ.എസ് ഓഫീസര്‍

2017 ല്‍ രാജുവിന്റെ ബാച്ചിലെ മറ്റെല്ലാവരും സിവില്‍ സര്‍വീസില്‍ തന്നെ ഉയര്‍ന്ന പദവിയായ സെക്രട്ടറി നിയമനപ്പട്ടികയില്‍ ഇടം നേടിയപ്പോള്‍ അഡീഷണല്‍ സെക്രട്ടറി തസ്തികയിലാണ് റാങ്ക് ജേതാവും മികച്ച സേവന പാരമ്പര്യവുമുള്ള രാജു ഉള്‍പ്പെട്ടത്.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ രാജു കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിസിറ്റിംഗ് ഫെലോയാണ്. 2.5 കോടിയോളം വരുന്ന നിരക്ഷരരായ യുവാക്കളെ അക്ഷരസമ്പന്നരാക്കിയ രാജുവിനെ യുനെസ്‌കൊ കിംഗ് സെജോംഗ് ലിറ്റററി പ്രൈസ് നല്‍കി ആദരിച്ചു.