LiveTV

Live

National

മോദിക്കും അമിത് ഷാക്കും എതിരെയുള്ള ഹരജിയില്‍  സുപ്രീംകോടതിയുടെ നോട്ടീസ്

മതസ്പര്‍ധയുണ്ടാക്കുന്നതും സൈന്യത്തെ ഉദ്ധരിച്ചുള്ളതുമായ പരാമര്‍ശങ്ങളിലാണ് മോദിക്കും അമിത് ഷാക്കുമെതിരെ പരാതിയുള്ളത്

 മോദിക്കും അമിത് ഷാക്കും എതിരെയുള്ള  ഹരജിയില്‍  സുപ്രീംകോടതിയുടെ നോട്ടീസ്

മാതൃകാ പെരുമാറ്റചട്ടം ലംഘിച്ച നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു. മതസ്പര്‍ധയുണ്ടാക്കുന്നതും സൈന്യത്തെ ഉദ്ധരിച്ചുള്ളതുമായ പരാമര്‍ശങ്ങളിലാണ് മോദിക്കും അമിത് ഷാക്കുമെതിരെ പരാതിയുള്ളത്.

കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയത്. നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ മാതൃകാപെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന് കാണിച്ചുള്ള പരാതിയിലാണ് നടപടി.

കോണ്‍ഗ്രസടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പല ഘട്ടങ്ങളിലായി പരാതികള്‍ നല്‍കിയിരുന്നു. ‌മതസ്പര്‍ധയുണ്ടാക്കുന്നതും സൈന്യത്തെ ഉദ്ധരിച്ചുള്ളതുമായ പരാമര്‍ശങ്ങളാണ് ഇരുവരും നടത്തിയിരുന്നത്. ഇവ മാതൃകാ പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനങ്ങളാണെന്നും ഹരജി ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ വര്‍ധയില്‍ മോദി മതസ്പര്‍‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചത് ഏപ്രില്‍ ഒന്നിനാണ്. ഇതിന് ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ഇത് പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായതെന്നും ഹരജിയില്‍ ആരോപണമുണ്ട്.

സുപ്രീംകോടതി ഹരജി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ പരാതികള്‍ പരിശോധിക്കാന്‍ കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പരാതികള്‍ പരിഗണിച്ച് വരികയാണെന്ന മറുപടിയാണ് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച വീണ്ടും ഹരജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചു.