LiveTV

Live

National

കിരണ്‍ബേദി സര്‍ക്കാറിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപടരുതെന്ന് ഹൈക്കോടതി  

സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങാന്‍ ഉള്‍പ്പെടെ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി.

കിരണ്‍ബേദി സര്‍ക്കാറിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപടരുതെന്ന് ഹൈക്കോടതി  

പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി വിധി. സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങാന്‍ ഉള്‍പ്പെടെ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. കോണ്‍ഗ്രസ് എം.എല്‍.എയും മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയുമായ ലക്ഷ്മി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി.

പുതുച്ചേരി സര്‍ക്കാറിനെ സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കാന്‍ ഗവര്‍ണര്‍ അനുവദിയ്ക്കുന്നില്ലെന്നു കാണിച്ചായിരുന്നു മദ്രാസ് ഹൈക്കോടതിയിലെ ഹര്‍ജി. സര്‍ക്കാറിന്റെ ദൈന്യംദിന കാര്യങ്ങളില്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ ഇടപെടുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ അനുവദിയ്ക്കുന്നില്ല തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ പറഞ്ഞിരുന്നു. ജനാധിപത്യ തത്വങ്ങളുടെ ആശയം കേന്ദ്രസര്‍ക്കാറും ലഫ്റ്റനന്റ് ഗവര്‍ണറും ശരിയായി ഉള്‍കൊള്ളണമെന്നും ഇല്ലെങ്കില്‍ ഭരണഘടനയുടെ പരാജയമായിരിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പുതുച്ചേരിയില്‍ കിരണ്‍ബേദിയും സര്‍ക്കാറും തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. രണ്ട് മാസങ്ങള്‍ക്കു മുമ്പ് കിരണ്‍ബേദിയ്ക്കെതിരെ, മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഗവര്‍ണറുടെ വസതിയ്ക്കു മുന്‍പില്‍ രാപ്പകല്‍ സത്യഗ്രഹ സമരവും നടത്തി. സര്‍ക്കാര്‍ നല്‍കിയ 30 പദ്ധതികള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. പിന്നീട് ചര്‍ച്ച നടത്തിയാണ് കാര്യങ്ങളില്‍ താല്‍കാലിക പരിഹാരം ഉണ്ടാക്കിയത്.