LiveTV

Live

National

‘’ബെഡ് ടീ കിട്ടിയില്ല, എഴുന്നേല്‍ക്കാന്‍ വൈകി, ഒന്നുമറിഞ്ഞില്ല’’ അസന്‍സോള്‍ സംഘര്‍ഷത്തെക്കുറിച്ച് തൃണമൂല്‍ സ്ഥാനാര്‍ഥി

‘’ഒന്നിനെക്കുറിച്ചും അറിഞ്ഞില്ല. അവരെനിക്കിന്ന് വളരെ വൈകിയാണ് ബെഡ് ടീ നല്‍കിയത്. അതുകൊണ്ട് എഴുന്നേല്‍ക്കാന്‍ വളരെ വൈകി. ഞാനെന്താണ് പറയുക?..

‘’ബെഡ് ടീ കിട്ടിയില്ല, എഴുന്നേല്‍ക്കാന്‍ വൈകി, ഒന്നുമറിഞ്ഞില്ല’’ അസന്‍സോള്‍ സംഘര്‍ഷത്തെക്കുറിച്ച് തൃണമൂല്‍ സ്ഥാനാര്‍ഥി

പശ്ചിമ ബംഗാള്‍ അസന്‍സോളില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ്- ബി.ജെ.പി സംഘര്‍ഷത്തെക്കുറിച്ച് അറിയില്ലെന്ന് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂണ്‍ മൂണ്‍ സെന്‍. ബെഡ് ടീ ലഭിക്കാന്‍ വൈകിയെന്നും അതിനാല്‍ വൈകിയാണ് താന്‍ ഇന്ന് ഉറക്കമുണര്‍ന്നതെന്നുമാണ് മുന്‍ സിനിമാ നടി കൂടിയായ മൂണ്‍ സെന്നിന്റെ പ്രതികരണം.

ബൂത്തുകളില്‍ കേന്ദ്രസേന എത്താതെ പോളിങ് ആരംഭിക്കരുതെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാകരിച്ചതോടെയായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ വാഹനം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താനൊന്നും അറിഞ്ഞില്ലെന്നായിരുന്നു മൂണ്‍ സെന്നിന്റെ പ്രതികരണം.

''ഒന്നിനെക്കുറിച്ചും അറിഞ്ഞില്ല. അവരെനിക്കിന്ന് വളരെ വൈകിയാണ് ബെഡ് ടീ നല്‍കിയത്. അതുകൊണ്ട് എഴുന്നേല്‍ക്കാന്‍ വളരെ വൈകി. ഞാനെന്താണ് പറയുക? എനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല.'' മൂണ്‍ സെന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥിയായ ബാബുല്‍ സുപ്രിയോയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ പേര് തനിക്ക് കേള്‍ക്കേണ്ടതില്ലെന്നായിരുന്നു തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ പ്രതികരണം.