LiveTV

Live

National

നാലാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ പോളിങ് ബൂത്തിന് പുറത്ത് ഏറ്റുമുട്ടി. ഒഡീഷയിൽ 60-ഓളം ബൂത്തുകളിൽ വോട്ടിങ്ങ് യന്ത്രങ്ങളുടെ തകരാറുകൾ കാരണം പോളിങ്ങ് വൈകി.

നാലാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

ലോക്സഭ നാലാം ഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ പോളിങ് ബൂത്തിന് പുറത്ത് ഏറ്റുമുട്ടി. ബൂത്തില്‍ അതിക്രമിച്ചുകയറിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരെയും അദ്ദേഹത്തിന്റെ വാഹനം ആക്രമിച്ചവര്‍ക്കെതിരെയും കേസെടുത്തു.

ബംഗാളില്‍ പോളിങ് ആരംഭിച്ചപ്പോള്‍ തന്നെ ബി.ജെ.പി - തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടല്‍ തുടങ്ങി. ബീര്‍ഭൂമില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും ആകാശത്തേക്ക് വെടിവെപ്പും. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബൂത്ത് സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയും അസന്‍സോളിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോയുടെ കാറിന്റെ ചില്ലുകള്‍ ടി.എം.സി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

ബൂത്തില്‍ അതിക്രമിച്ചു കയറിയതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ബാബുല്‍ സുപ്രിയോക്കെതിരെ കേസെടുത്തത്. ടി.എം.സിയും ബി.ജെ.പിയും പരസ്പരം അക്രമവും ബൂത്തുപിടിത്തവും ആരോപിച്ച് കമ്മിഷന് പരാതി നല്‍കി. ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

കശ്മീരിലൊഴികെ പൊതുവെ ഭേദപ്പെട്ട പോളിങാണ് നാലാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 17, ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും 13, പശ്ചിമ ബംഗാളിലെ 8, മധ്യപ്രദേശ് - ഒഡീഷ എന്നിവടങ്ങളിലെ 6, ബീഹാറിലെ 5, പുറമെ ജാർഖണ്ഡിലെ 3 മണ്ഡലങ്ങൾ ഒപ്പം ജമ്മു കാശ്മീരിലെ അനന്ത്നാഗ് എന്നീ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതിയത്.

ഒഡീഷയിൽ 60-ഓളം ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകൾ കാരണം പോളിങ് വൈകി. 41 നിയമസഭാ മണ്ഡലങ്ങളിലേക്കു കൂടി പോളിങ് നടന്നു. ഒഡിഷയിലും മഹാരാഷ്ട്രയിലും ഈ ഘട്ടത്തോടെ പോളിങ് പൂര്‍ത്തിയായി.