LiveTV

Live

National

ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് 2019 ലേത്;പണം ചെലവായ വഴികള്‍

2014 ല്‍ ലോക്സഭ തെരഞ്ഞെടുപ്പിനായി ചെലവഴിച്ച 500 കോടി ഡോളറെന്ന കണക്ക് മറികടക്കുക മാത്രമല്ല, 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചെലവിനെയും കടത്തിവെട്ടിയിരിക്കുകയാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പ്

ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് 2019 ലേത്;പണം ചെലവായ വഴികള്‍

ലോകത്ത് ജനാധിപത്യ രാഷ്ട്രങ്ങളില്‍ തന്നെ ഏറ്റവുമധികം പണം ചെലവഴിച്ച തെരഞ്ഞെടുപ്പാണ് 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 ല്‍ ലോക്സഭ തെരഞ്ഞെടുപ്പിനായി ചെലവഴിച്ച 500 കോടി ഡോളറെന്ന കണക്ക് മറികടക്കുക മാത്രമല്ല, 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചെലവിനെയും കടത്തിവെട്ടിയിരിക്കുകയാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പെന്ന് അമേരിക്കന്‍ വിദഗ്ദ്ധന്‍ മിലന്‍ വൈഷ്ണവ് പി.ടി.ഐ യോട് പറഞ്ഞു.

1.തെരഞ്ഞെടുപ്പ് ചെലവിനായുള്ള പണത്തിന്റെ ഉറവിടം

സ്വകാര്യ വ്യക്തികളുടെ സംഭാവനകളിലൂടെയും കോര്‍പ്പറേറ്റ് ഫണ്ടിങ്ങിലൂടെയുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രധാനമായും തെരഞ്ഞെടുപ്പ് ചിലവുകള്‍ക്കുള്ള പണം ലഭിക്കുന്നത്.

  • കോര്‍പ്പറേറ്റ് ഫണ്ടിങ്ങ്

എ.ഡി.ആറിന്റെ കണക്കനുസരിച്ച് 422 കോടി രൂപയാണ് കോര്‍പ്പറേറ്റ് വിഭാഗം 2017-18 കാലയളവില്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത്. അതായത് മൊത്തം തെരഞ്ഞെടുപ്പ് ചെലവിന്റെ 89.82%. ബി.ജെ.പിക്ക് 400 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവനകള്‍ വഴി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് 19 കോടി രൂപയാണ്. ബി.ജെ.പിയുടെ പ്രധാന ധന സമാഹരണ ഉറവിടമായ ഭാരതി എന്‍ര്‍പ്രൈസസിന്റെ കീഴിലുള്ള പ്രൂഡന്റ് ഇലക്റ്ററല്‍ ട്രസ്റ്റ് 154 കോടി രൂപയും അബ് ജനറല്‍ ഇലക്റ്ററല്‍ ട്രസ്റ്റ് 12.5 കോടി രൂപയും പാര്‍ട്ടിക്ക് നല്‍കി. കാഡില ഹെല്‍ത്ത് കെയര്‍ (10 കോടി), സിപ്ല ലിമിറ്റഡ് (9 കോടി), മൈക്രോ ലാബ്‌സ് ലിമിറ്റഡ് (9 കോടി), എം.എസ് പ്രഗതി ഗ്രൂപ്പ്‌സ് (8.75 കോടി), റെയര്‍ എന്റര്‍പ്രൈസസ് (8 കോടി), മഹാവീര്‍ മെഡികെയര്‍ (6 കോടി), അലെംമ്പിക് ഫാര്‍മസ്യൂട്ടിക്കല്‍സ് (6 കോടി) തുടങ്ങിയവരാണ് മറ്റ് ദാതാക്കള്‍. പ്രൂഡന്റ് ഇലക്റ്ററല്‍ ട്രസ്റ്റ് (10 കോടി) തന്നെയാണ് കോണ്‍ഗ്രസ്സിന്റെയും പ്രധാന ധന സ്രോതസ്. തൊട്ട് പിന്നില്‍ കാഡില ഹെല്‍ത്ത് കെയര്‍ (2 കോടി), അബ് ജനറല്‍ ഇലക്റ്ററല്‍ ട്രസ്റ്റ് (1 കോടി), ഭാരതീയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ഇലക്റ്ററല്‍ ട്രസ്റ്റ് (1 കോടി), നിര്‍മ്മ ലിമിറ്റഡ് (1 കോടി), ട്രയംഫ് ഇലക്റ്ററല്‍ ട്രസ്റ്റ് (1 കോടി) എന്നിവര്‍ ഇടംപിടിക്കുന്നു.

ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് 2019 ലേത്;പണം ചെലവായ വഴികള്‍
  • കോര്‍പ്പറേറ്റ് ഫണ്ടിങ്ങിലെ പുതുക്കിയ നിയമങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് ഫണ്ടിങ്ങിനുള്ള 2 പ്രധാന നിബന്ധനകള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. കമ്പനികളുടെ മൊത്ത ലാഭത്തിന്റെ 7.5% മാത്രമെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നുള്ളു. എന്നാല്‍ പുതുക്കിയ നിയമപ്രകാരം ഒരു കമ്പനിക്ക് എത്ര രൂപ വേണമെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാനാവും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി സംഭാവന ചെയ്ത പണത്തിന്റെ വിവരങ്ങള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന നിബന്ധനയും സര്‍ക്കാര്‍ എടുത്തു കളഞ്ഞു. പുതിയ നിയമപ്രകാരം ഒരു കമ്പനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി നിലനില്‍ക്കാനാവും അതായത് കമ്പനിയുടെ മുഴുവന്‍ ലാഭവും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കാനാവും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായുള്ള സംഭാവനകളില്‍ 10% സ്വകാര്യ വ്യക്തികളില്‍ നിന്നുള്ളതാണെന്നാണ് എ.ഡി.ആര്‍ കണക്കുകള്‍. 2772 ത്തോളം സ്വകാര്യ വ്യക്തികളില്‍ നിന്നായി 47 കോടി രൂപ പാര്‍ട്ടികള്‍ക്ക് ലഭിച്ചു.

2. പാര്‍ട്ടികളിലേക്കുള്ള ധന സമാഹരണം

തെരഞ്ഞെടുപ്പുകളുടെ സുതാര്യത നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമത്തെ മാനിച്ച് പണമായുള്ള സംഭാവനകള്‍ കുറക്കാനുള്ള ശ്രമമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ചെക്ക്, ഇലക്റ്ററല്‍ ബോണ്ട് തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റാണ് നടത്തിയിരുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് 2000 രൂപയില്‍ കവിഞ്ഞ സംഭാവന സ്വീകരിക്കരുതെന്ന് 2017 ല്‍ കേന്ദ്ര ബജറ്റ് അവതരണത്തില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിഷ്‌ക്കര്‍ഷിച്ചിരുന്നു. 20,000 രൂപയില്‍ നിന്നാണ് 2000 രൂപയാക്കി വ്യക്തിഗത സംഭാവനത്തുക ചുരുക്കിയത്.

  • ഇലക്റ്ററല്‍ ട്രസ്റ്റ്

കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്തി രാഷ്ട്രീയപ്പാര്‍ട്ടികളിലേക്ക് കൈമാറ്റം ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളാണ് ഇലക്റ്ററല്‍ ട്രസ്റ്റ്. രാജ്യത്തെ വലിയ ഇലക്റ്ററല്‍ ട്രസ്റ്റായ പ്രൂഡന്റ് ഇലക്റ്ററല്‍ ട്രസ്റ്റ് 2017-18 വര്‍ഷത്തില്‍ ആകെ വരുമാനത്തില്‍ (169 കോടി രൂപ) 144 കോടി രൂപ ബി.ജെ.പിക്ക് സംഭാവന ചെയ്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി 2013 ലാണ് ഇലക്റ്ററല്‍ ട്രസ്റ്റുകള്‍ രൂപം കൊള്ളുന്നത്. നികുതി ഇളവുകള്‍ ലഭിക്കുമെന്ന കാരണത്താല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായുള്ള ഫണ്ട് കളക്ഷന് വേണ്ടി പല സ്ഥാപനങ്ങളും ഇലക്റ്ററല്‍ ട്രസ്റ്റുകള്‍ തുടങ്ങി.

3.ഇലക്റ്ററല്‍ ബോണ്ട്

2017 ലെ ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികള്‍ 2000 രൂപക്ക് മുകളില്‍ പണം സംഭാവന ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പകരമാണ് ഇലക്റ്ററല്‍ ബോണ്ട് എന്ന ആശയം കൊണ്ടുവന്നത്. ആരാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അവസരമാണ് ഇലക്റ്ററല്‍ ബോണ്ട് അഥവാ തെരഞ്ഞെടുപ്പ് ബോണ്ട്. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിതതുകക്കുള്ള ഇലക്റ്ററല്‍ ബോണ്ടുകള്‍ വാങ്ങണം. പാര്‍ട്ടികള്‍ക്ക് അവരവരുടെ അക്കൗണ്ടുകള്‍ മുഖേന അത് പണമായി മാറ്റാം.

ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് 2019 ലേത്;പണം ചെലവായ വഴികള്‍

ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്റ്ററല്‍ ബോണ്ടുകളും വാങ്ങാം. ബോണ്ടുകള്‍ ആരാണ് നല്‍കുന്നതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. നല്‍കിയവരും പറയേണ്ടതില്ല. വിവരാവകാശ നിയമപ്രകാരംപോലും ബോണ്ടുകളുടെ അവകാശികള്‍ ആരാണെന്ന് അറിയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിലെ സുതാര്യത നിലനിര്‍ത്താന്‍ ഇലക്റ്ററല്‍ ബോണ്ടുകള്‍ സഹായിക്കുമെന്ന് അവകാശപ്പെടുമ്പോള്‍, ഇപ്പോഴുള്ള സുതാര്യത പോലും ഇല്ലാതാക്കുകയാണ് ഇലക്റ്ററല്‍ ബോണ്ടുകള്‍ വഴി ചെയ്യുന്നതെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എസ്.വൈ ക്യുറേഷി അഭിപ്രായപ്പെട്ടു.

ബി.ജെ.പിയുടെ പ്രധാന ധന സമാഹരണ ഉറവിടമായ ഭാരതി എന്‍ര്‍പ്രൈസസിന്റെ കീഴിലുള്ള പ്രൂഡന്റ് ഇലക്റ്ററല്‍ ട്രസ്റ്റ് 154 കോടി രൂപയും അബ് ജനറല്‍ ഇലക്റ്ററല്‍ ട്രസ്റ്റ് 12.5 കോടി രൂപയും പാര്‍ട്ടിക്ക് നല്‍കി.

2017-18 സാമ്പത്തിക വര്‍ഷത്തെ ബി.ജെ.പിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ 2018 ല്‍ ആകെ ചിലവായ 228 കോടി രൂപയുടെ ഇലക്റ്ററല്‍ ബോണ്ടില്‍ 210 കോടി രൂപയുടെ ഇലക്റ്ററല്‍ ബോണ്ടും ബി.ജെ.പിക്കാണ് ലഭിച്ചിരിക്കുന്നത്. 2018 മാര്‍ച്ചില്‍ സംഭാവന ചെയ്യപ്പെട്ട മൊത്തം ഇലക്റ്ററല്‍ ബോണ്ടിന്റെ 95% ആണിത്.

'2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഇലക്റ്ററല്‍ ബോണ്ടിന്റെ 95% വും ബി.ജെ.പിയുടെ (ഭരണകക്ഷി) അക്കൗണ്ടിലേക്ക് എത്തിയെന്നത് യാദൃശ്ചികമായി സംഭവിക്കാവുന്ന ഒന്നല്ല' - ക്യുറേഷി കൂട്ടിച്ചേര്‍ത്തു.

4.രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്ഥിതി

എ.ഡി.ആറിന്റെ 2018 ഏപ്രിലിലെ കണക്കനുസരിച്ച് ബി.ജെ.പിയാണ് ഇന്ത്യയിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള രാഷ്ട്രീയ പാര്‍ട്ടി. 2016-17 സാമ്പത്തിക വര്‍ഷം ബി.ജെ.പിയുടെ ആകെ വരുമാനം തലേ വര്‍ത്തേക്കാള്‍ 463 കോടി രൂപ അതായത് 81% വര്‍ദ്ധിച്ച് 1,034 കോടി രൂപയായി ഉയര്‍ന്നതായി പാര്‍ട്ടി വെളിപ്പെടുത്തി. ഈ കാലയളവില്‍ പാര്‍ട്ടിയുടെ മൊത്തം ചിലവ് 710 കോടി രൂപയാണ്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14% അഥവാ 262 കോടിയില്‍ നിന്ന് 225 കോടിയായി വരുമാനം കുറഞ്ഞു. 322 കോടി രൂപയുടെ ചിലവാണ് ഈ കാലയളവില്‍ പാര്‍ട്ടിക്കുണ്ടായത്. ബി.ജെ.പി, കോണ്‍ഗ്രസ്സ്, എന്‍.സി.പി, സി.പി.ഐ.എം, ബി.എസ്.പി, ടി.എം.സി എന്നീ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൊത്തമായി 1,559 കോടി രൂപയുടെ വരുമാനവും 1228 കോടി രൂപയുടെ ചിലവും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് 2019 ലേത്;പണം ചെലവായ വഴികള്‍

5.പണം ചെലവായ വഴികള്‍

ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചിലവാക്കാവുന്ന തുകയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകളുണ്ട്. തെരഞ്ഞെടുപ്പ് മണ്ഡലത്തിന്റെ പ്രത്യേകതകളനുസരിച്ച് ഒരു ലോക്സഭ സ്ഥാനാര്‍ത്ഥികള്‍ക്ക് 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയും നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ക്ക് 2 ലക്ഷം മുതല്‍ 2.8 ലക്ഷം രൂപ വരെയും ഉപയോഗിക്കാം. പാര്‍ട്ടികളുടെ വാര്‍ഷിക ചിലവ് വിലയിരുത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി ചിലവാക്കിയ തുക മാറ്റി വെച്ചാലും ബാക്കി പണം എവിടെപ്പോയി എന്ന ചോദ്യം നിലനില്‍ക്കും.

എ.ഡി.ആറിന്റെ കണക്കനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് ഒരു വലിയ തുക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചത്. 606.64 കോടി രൂപയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചിലവ്. 69.78 കോടി രൂപ ഭരണകാര്യങ്ങള്‍ക്കായി ചിലവാക്കപ്പെട്ടു. കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി 149.65 കോടി രൂപ ചിലവഴിച്ചപ്പോള്‍ 115.65 കോടി രൂപയാണ് ഭരണകാര്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ചത്. എ.ഡി.ആറിന്റെ മറ്റൊരു കണക്കനുസരിച്ച് ഏഴ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും 16 പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് 2017 ലെ 5 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സമാഹരിച്ച 1503.21 കോടി രൂപയില്‍ 494.36 കോടി രൂപ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് ഉപയോഗിച്ചത്. ഇതില്‍ തന്നെ 56% പബ്ലിസിറ്റിക്കും 21% യാത്രാ ആവശ്യങ്ങള്‍ക്കുമായി ചിലവാക്കപ്പെട്ടു. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആകെ 189.46 കോടി രൂപയാണ് പബ്ലിസിറ്റിക്കും പരസ്യങ്ങള്‍ക്കുമായി ചിലവാക്കിയത്.