LiveTV

Live

National

മോദിക്കും അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല: കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

ഹിന്ദുവിനെ അപമാനിച്ച കോണ്‍ഗ്രസിന് മാപ്പ് കൊടുക്കുന്നതെങ്ങനെയെന്ന് ഏപ്രില്‍ ഒന്നിന് നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ പ്രസംഗിച്ചിരുന്നു.

 മോദിക്കും അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല: കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങളില്‍ നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ്. കമ്മീഷന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ഹരജി കോടതി നാളെ പരിഗണിക്കും.

ഹിന്ദുവിനെ അപമാനിച്ച കോണ്‍ഗ്രസിന് മാപ്പ് കൊടുക്കുന്നതെങ്ങനെയെന്ന് ഏപ്രില്‍ ഒന്നിന് നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ പ്രസംഗിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സമാന പരാമര്‍ശം നടത്തി. ഇതിന് പുറമെ സൈന്യത്തെ ഉദ്ധരിച്ചുള്ള പരാമര്‍ശങ്ങളും ഇരുവരും നടത്തി. ഇത്തരം മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ പരാതി ലഭിച്ചിട്ട് കമ്മീഷന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിന്‍റെയും തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെയും ലംഘനങ്ങളാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് സുപ്രീംകോടതിക്ക് നല്‍കിയ ഹരജിയില്‍ കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് കുറ്റപ്പെടുത്തി.

ഹരജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയ കോടതി നാളെ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടമല്ല, മോദി പെരുമാറ്റച്ചട്ടമാണ് കമ്മീഷന്‍ നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ വിമര്‍ശവും ഉന്നയിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ നടത്തിയ മുസ്‍ലിം വിരുദ്ധ പരാമര്‍ശത്തില്‍ മനേക ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തു. മുസ്‍ലിംകളോട് തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കരുതെന്നായിരുന്നു മനേകയുടെ പരാമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.