LiveTV

Live

National

യു.പിയില്‍ മുലായം സിങ് യാദവിന്‍റെ കുടുംബത്തില്‍ നിന്നും മത്സരിക്കാനെത്തുന്നത് ആറ് പേര്‍

സമാജ്‌വാദി പാര്‍ട്ടിക്ക് അഞ്ച് അംഗങ്ങളാണ് 16ാം ലോക്സഭയിലുണ്ടായിരുന്നത്

യു.പിയില്‍  മുലായം സിങ് യാദവിന്‍റെ കുടുംബത്തില്‍ നിന്നും മത്സരിക്കാനെത്തുന്നത് ആറ് പേര്‍

ഒരു കുടുംബത്തില്‍ നിന്ന് 6 പേര്‍ മത്സര രംഗത്ത്. മുലായംസിങ് യാദവിന്റെ കുടുംബമാണ് കൂട്ടത്തോടെ ഉത്തര്‍ പ്രദേശില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മുലായം കുടംബത്തില്‍ നിന്ന് അഞ്ച് പേരാണ് ലോക്സഭയിലെത്തിയത്.

സമാജ്‌വാദി പാര്‍ട്ടിക്ക് അഞ്ച് അംഗങ്ങളാണ് 16ാം ലോക്സഭയിലുണ്ടായിരുന്നത്. ഇവരെല്ലാം മുലായം സിങ് യാദവിന്റെ ബന്ധുക്കളുമായിരുന്നു. ഇത്തവണ സമാജ്വാദി പാര്‍ട്ടിയിലും അല്ലാതെയുമായി മത്സരരംഗത്ത് ആറ് പേരാണ് മുലായം കുടുംബത്തില്‍ നിന്ന് മത്സരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ മെയിന്‍പുരിയില്‍ മുലായം സിങ് യാദവിന്‍റെ വിധി ജനം എഴുതിക്കഴിഞ്ഞു. മകനും മുന്‍ യുപി മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവ് അസംഗഡില്‍ നിന്നും മത്സരിക്കുന്നു. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കനൌജിലാണ് ജനവിധി തേടുന്നത്. മുലായം സിങ് യാദവിന്റെ സഹോദര പുത്രന്‍മാരായ അക്ഷയ് യാദവും ധര്‍മേന്ദ്ര യാദവും മത്സരരംഗത്തുണ്ട്. ധര്‍മേന്ദ്ര ബാദോണിലും അക്ഷയ് ഫിറോസാബാദിലും മത്സരിക്കുന്നു.

ശിവ്പാല്‍ യാദവാണ് മത്സരിക്കുന്ന മറ്റൊരു കുടുംബാംഗം. എന്നാല്‍, ഇത്തവണ എസ്പി ടിക്കറ്റിലല്ല അദ്ദേഹം. കുടംബ കലഹത്തെ തുടര്‍ന്നാണ് മുലായംസിങ്ങിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് എസ്‌പി വിടുന്നത്. പിഎസ്പിഎല്‍ പാര്‍ട്ടി സ്ഥാപിച്ച അദ്ദേഹം ഫിറോസാബാദില്‍ അക്ഷയ് കുമാര്‍ യാദവിനെതിരെയാണ് മത്സരിക്കുന്നത്.