LiveTV

Live

National

ആദ്യഘട്ട മധ്യപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നാളെ 

ശക്തമായ മോദി ഭരണ വിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിന്.

ആദ്യഘട്ട മധ്യപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നാളെ 

നാല് ഘട്ടങ്ങളായി നടക്കുന്ന മധ്യപ്രദേശ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ നടക്കും. ആകെയുള്ള 29 സീറ്റില്‍ ആറ് സീറ്റിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റിലും വിജയിച്ച ബി.ജെ.പി ഇത്തവണയും ജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എന്നാല്‍ ശക്തമായ മോദി ഭരണ വിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിന്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ 223 സീറ്റില്‍ 114 സീറ്റിലും ജയിച്ച് കയറിയതിന്റെ ആത്മവിശ്വാസവും കൂട്ടിനുണ്ട്.

അധികാരത്തിലേറിയ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറായതും കോണ്‍ഗ്രസിന് ഗുണം ചെയ്യും. കാര്യമായ നേട്ടങ്ങളൊന്നും ബി.ജെ.പിക്ക് ഉയര്‍ത്തിക്കാണിക്കാനില്ലാത്ത അവസ്ഥയാണ്.

ശിവരാജ് സിങ് ചൗഹാന്റെ ഭരണത്തിലെ അതൃപ്തിയെന്നതിനപ്പുറം മറ്റൊന്നും മധ്യപ്രദേശിലെ ബി.ജെ.പിക്ക് എതിരായില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് ആറ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റ സിറ്റിങ് സീറ്റായ ചന്ദ്വാരയാണ് ശ്രദ്ധേയമായ മണ്ഡലം. അജയ് സിങ് രാഹുല്‍ മത്സരിക്കുന്ന സിദ്ധ, ഷഹ്ദോള്‍, ജബല്‍ പൂര്‍, മാണ്ഡ്, ബാല്‍ഗോട്ട്, എന്നിവയാണ് മറ്റ് മണ്ഡലങ്ങള്‍.