LiveTV

Live

National

കേന്ദ്ര കൃഷിമന്ത്രിയുടെ മണ്ഡലമായ ചമ്പാരനിലെ കര്‍ഷക പ്രതിസന്ധികള്‍

ഒരു നൂറ്റാണ്ട് മുമ്പ് തന്നെ ആരംഭിച്ച കാര്‍ഷിക പ്രതിസന്ധികള്‍ക്ക് ചമ്പാരണില്‍ ഇന്നും പരിഹാരമില്ല

കേന്ദ്ര കൃഷിമന്ത്രിയുടെ മണ്ഡലമായ ചമ്പാരനിലെ കര്‍ഷക പ്രതിസന്ധികള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വലിയ കാല്‍വയ്പായ നീലം കൃഷി സമരം നടന്ന ബീഹാറിലെ കിഴക്കന്‍ ചമ്പാരണ്‍ മണ്ഡലത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് കേന്ദ്രകൃഷിമന്ത്രിയായ രാധാമോഹന്‍ സിങാണ്. രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്തമുള്ള മന്ത്രിയുടെ മണ്ഡലം കാര്‍ഷിക പ്രതിസന്ധിയുടെ നേര്‍സാക്ഷ്യമാണ്. കൃഷി മേഖലയുടെ തകര്‍ച്ചമൂലം ജോലി തേടി അന്യസംസ്ഥാനത്തേക്ക് പോകുന്ന തൊഴിലാളികളും നട്ടം തിരിയുന്ന കര്‍ഷകരുമാണ് ഈ പിന്നാക്ക പ്രദേശത്തുള്ളത്.

ഒരു നൂറ്റാണ്ട് മുമ്പ് തന്നെ ആരംഭിച്ച കാര്‍ഷിക പ്രതിസന്ധികള്‍ക്ക് ചമ്പാരണില്‍ ഇന്നും പരിഹാരമില്ല. ഗോതമ്പും നെല്ലും പച്ചക്കറികളുമെല്ലാം കൃഷി ചെയ്യുന്നുണ്ടെങ്കിലും കരിമ്പാണ് ചമ്പാരണിലെ പ്രധാന വിളകളിലൊന്ന്. എന്നാല്‍ പഞ്ചസാര മില്ലുകള്‍ അടഞ്ഞ് പോയത് കൊണ്ട് ശരിയായ വിലക്ക് കരിമ്പ് വില്‍ക്കാന്‍ പോലും ഇവര്‍ക്കാവുന്നില്ല. കൃഷി മന്ത്രിയും കിഴക്കന്‍ ചമ്പാരണെ കഴിഞ്ഞ കാലങ്ങളില്‍ പ്രതിനിധീകരിക്കുന്നയാളുമായ രാധാമോഹന്‍സിങ് അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

രജ്പുത് വിഭാഗക്കാരനായ രാധാമോഹന്‍ സിങ് പ്രതീക്ഷിക്കുന്നത് സവര്‍ണ്ണ ഹൈന്ദവ വിഭാഗത്തിന്റേയും ജെ.ഡി.യുവിനെ പിന്തുണയ്ക്കുന്ന കുറുമി വിഭാഗക്കാരുടേയും വോട്ടുകളാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങളും ആകെ വോട്ടര്‍മാരില്‍ നാലിലൊന്ന് വരുന്ന മുസ്‍ലിങ്ങളുമാണ് മഹാഗഡ്ബന്ധന്റെ പ്രതീക്ഷ. ആര്‍.എല്‍.എസ്.പിക്കാണ് മഹാഗഡ്ബന്ധന്‍ ഇവിടെ സീറ്റ് നല്‍യിരിക്കുന്നത്. അവരുടെ സ്ഥാനാര്‍ഥിയാകട്ടെ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം കൂടിയായ അഖിലേഷ് പ്രസാദ് സിങിന്‍റെ മകനായ ആകാശ് കുമാര്‍ സിങ്ങാണ്.

ആകാശ് കുമാര്‍ മത്സരിക്കുന്നതിനെതിരെ ആര്‍.എല്‍.എസ്.പിയുടെ പ്രവര്‍ത്തകരായ കുശ്‌വാഹ സമൂഹത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുള്ളത് മഹാഗഡ്ബന്ധന് തലവേദനയായി മാറിയിട്ടുണ്ട്.