LiveTV

Live

National

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന ഫോൺ സന്ദേശം വ്യാജമെന്ന് കർണാടക പൊലിസ്

ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും ജാഗ്രത നിർദേശം പിൻവലിച്ചിട്ടില്ല

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന ഫോൺ സന്ദേശം വ്യാജമെന്ന് കർണാടക പൊലിസ്

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന ഫോൺ സന്ദേശം വ്യാജമെന്ന് കർണാടക പൊലിസ്. ഫോൺ ചെയ്ത ബംഗളുരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തിയെ പൊലിസ് അറസ്റ്റു ചെയ്തു. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലിസ് നൽകുന്ന വിശദീകരണം.

വിമുക്ത ഭടനും ലോറി ഡ്രൈവറുമാണ് പിടിയിലായ സുന്ദരമൂർത്തി. ശ്രീലങ്കയിൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ഇന്ത്യയിലും അതുണ്ടായേക്കുമെന്ന ആശങ്ക പങ്കുവെക്കുകയായിരുന്നു ലക്ഷ്യമെന്നും രാജ്യത്തെവിടെയും സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് ഭീഷണി സന്ദേശം നല്‍കിയതെന്നും സുന്ദരമൂർത്തി പറഞ്ഞതായി പൊലീസ് അറിയിച്ചു. ബംഗളുരു പൊലിസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ വച്ച് സുന്ദരമൂർത്തിയെ അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ തീവ്രവാദി ആക്രമണമുണ്ടാകുമെന്നായിരുന്നു കര്‍ണാടക പൊലീസിന് ഇന്നലെ ലഭിച്ച സന്ദേശം.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് പൊലീസ് ഒരുക്കിയത്. ബോംബ് സ്ക്വാഡും ഷാഡോ പൊലീസും തുടർച്ചയായ 12 മണിക്കുർ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി.

റെയിൽവേയുടെ പാഴ്സൽ സർവീസ് പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളുടെ വിവരവും സ്പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും ജാഗ്രത നിർദേശം പിൻവലിച്ചിട്ടില്ല. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.