LiveTV

Live

National

ജനാധിപത്യത്തിലേക്കുള്ള വഴി ജനാധിപത്യപരമോ? 

അത്രത്തോളം ശ്രദ്ധ ചെലുത്തിയിട്ടും ഈ തെരഞ്ഞെടുപ്പും ആരോപണങ്ങളില്‍ നിന്ന് ഒട്ടും മുക്തമല്ല.

ജനാധിപത്യത്തിലേക്കുള്ള വഴി ജനാധിപത്യപരമോ? 

ഇന്ത്യൻ ജനാധിപത്യം ലോകത്തിനു തന്നെ മാതൃകയാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പെരുമ പേറിയാണ് ഓരോ ഇന്ത്യക്കാരനും ജീവിക്കുന്നത് . എന്നാൽ ആ ജനാധിപത്യ രീതികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നു വരുന്നത്. പതിനാറാം ലോക്സഭ തെരഞ്ഞടുപ്പിനു ശേഷം ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ ഏറ്റവും അധികം നേരിട്ട ആരോപണങ്ങളിലൊന്നാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത.

ഇ.വി.എമ്മുകളുടെ തട്ടിപ്പ്, സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ തുടക്കം മുതലേ ഉണ്ടായിരുന്നതാണ്. പിന്നീട് ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇല്കട്രോണിക് മെഷീനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും ഉയര്‍ന്നു. പ്രതിപക്ഷകക്ഷികള്‍ ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് പോകണമെന്ന ആവശ്യം ഉയര്‍ത്തുന്ന സാഹചര്യങ്ങളിലേക്ക് വരെ കാരൃങ്ങളെത്തി. പിന്നീട് വിവി പാറ്റ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ആവശൃം പ്രതിപക്ഷകക്ഷികള്‍ ശക്തമാക്കി. ഈ ആവശൃമുന്നയിച്ച് സുപ്രിം കോടതിയെ സമീപിക്കുകയും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം 5 ശതമാനം വി വി പാറ്റുകള്‍ എണ്ണമെന്ന് ഉത്തരവിറക്കി. എന്നാല്‍ ചുരുങ്ങിയത് 50 ശതമാനം വി വി പാറ്റുകള്‍ എണ്ണമെന്ന് ആവശൃമാണ് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നത്. ഈ ആവശ്യവും ഇ.വി.എം അത്ര വിശ്വസിനീയമല്ല എന്ന സൂചനയാണ് നല്‍കുന്നത്.

ജനാധിപത്യത്തിലേക്കുള്ള വഴി ജനാധിപത്യപരമോ? 

2001 മുതൽ വിവിധ ഹൈക്കോടതികൾക്കു മുമ്പായി ഇ.വി.എമ്മിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിലുളള ഇ.വി.എമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ പോലും സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഫലപ്രദവും സാങ്കേതികവും ഭരണപരവുമായ സുരക്ഷാ സംവിധാനങ്ങൾ നൽകിയാൽ, ഇ.വി.എമ്മുകൾ മികച്ച വിജയമാണെന്നും സത്യസന്ധമായിരിക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമായി ഊന്നിപ്പറയുന്നു.

എന്നിരുന്നാലും പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴും ഗോവ, യു.പി എന്നിവിടങ്ങളിലെ ആരോപണങ്ങള്‍ ഇപ്പോഴും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഉത്തര്‍പ്രദേശില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ചിലയിടങ്ങളില്‍ ബി.എസ്.പിക്ക് കുത്തുന്ന വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പോകുന്നുവെന്ന് വോട്ടര്‍മാര്‍ പരാതിപ്പെട്ടു. യു.പിയിലെ സഹാറന്‍പൂര്‍ മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നത്. ബി.എസ്.പി സ്ഥാനാര്‍ഥിയുടെ ചിഹ്നമായ ആനക്ക് നേരെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തൊട്ടുതാഴെയുള്ള ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്ന് വോട്ട് ചെയ്ത ശേഷം ചിലര്‍ പരാതിപ്പെട്ടു. വോട്ടിങ് മെഷീന്റെ ചിത്രം സഹിതമാണ് പരാതി നല്‍കിയതെങ്കിലും ആക്ഷേപം അടിസ്ഥാനരഹിതമെന്നായിരുന്നു ഇലക്ഷന്‍ ഓഫീസറുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ മാത്രം മൂന്നൂറിലധികം ഇ.വി.എം തകരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജനാധിപത്യത്തിലേക്കുള്ള വഴി ജനാധിപത്യപരമോ? 

ഗോവയിലും വോട്ടിങ് മെഷീനുകള്‍ക്ക് നേരേ സമാനമായ പരാതി ഉയര്‍ന്നിരുന്നു. മോക്ക് പോളിങില്‍ 9 വോട്ടുകള്‍ വീതം 6 സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയപ്പോള്‍ 9 വോട്ട് കോണ്‍ഗ്രസിനും 8 വോട്ട് ആംആദ്മിക്കും 17 വോട്ട് ബി.ജെ.പിക്കും ഒരു വോട്ട് സ്വതന്ത്രനും ലഭിച്ചതായി കാണപ്പെട്ടു. ആം ആദ്മി ഇതിനെതിരെ രംഗത്തു വരികയും അതേതുടര്‍ന്ന് ഇ.വി.എമ്മുകള്‍ മാറ്റി സ്ഥാപിച്ചതായി അറിയിക്കുകയും ചെയ്തു.

ദിവസത്തിനകം സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് രാജ്യത്തുടനീളമുള്ള ഇ.വി.എമ്മുകളുടെ തെറ്റായ ആരോപണത്തെക്കുറിച്ച് രംഗത്തുവന്നു. സെയ്ഫായിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യാദവ്. ഇ.വി.എമ്മുകളിലെ ക്രമക്കേട് സംബന്ധിച്ച നിരവധി സംഭവങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ വഞ്ചനയിൽ ഉത്തർപ്രദേശ് മുഴുവൻ ഭരണകൂടവും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.

താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരല്ല വോട്ടിംഗ് മെഷീനില്‍ തെളിഞ്ഞതെന്ന വെളിപ്പെടുത്തലുമായി ആസാമിലെ മുന്‍ ഡി.ജി.പി ഹരികൃഷ്ണ ദെക്ക രംഗത്തു വന്നിരുന്നു. വാദം തെളിയിക്കാന്‍ കഴിയാതെ പോയാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയന്നാണ് വോട്ടിങ് യന്ത്രത്തിലെ തകരാര്‍ പരാതിയായി പറയാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലും സമാന സംഭവങ്ങള്‍ രംഗത്തു വന്നിരുന്നു. വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. കോവളം ചൊവ്വരയില്‍ കൈപ്പത്തിക്ക് കുത്തുമ്പോള്‍ താമര തെളിയുന്നത് വലിയ വിവാദമായിരുന്നു. യന്ത്രത്തകരാറുകള്‍‍ ‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടത്ര ഗൌരവത്തിലെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോളിങ്ങിന്റെ തുടക്കത്തില്‍ സംസ്ഥാനത്ത് പത്ത് ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ പ്രശ്നങ്ങളുണ്ടായി. മോക് പോളിങ്ങില്‍ തന്നെ പലയിടത്തും പിഴവുകള്‍ കണ്ടെത്തി. കൂടാതെ പോളിങ് സമയത്ത് പലയിടങ്ങളിലും ഇ.വി.എമ്മുകള്‍ പണിമുടക്കിയത് തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു. പല തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും നിശ്ചിത സമയം കഴിഞ്ഞും പോളിങ് നീണ്ടു.

ജനാധിപത്യത്തിലേക്കുള്ള വഴി ജനാധിപത്യപരമോ? 

ഇത്തരത്തില്‍ വോട്ടിങ് മെഷീനിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ചെറുതും വലുതുമായ ധാരാളം പരാതികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവിടെയാണ് ബാലറ്റ് പേപ്പറിന്‍റെ പ്രസക്തി.

ഇ.വി.എമ്മുകളുടെ തുടക്കം പരിശോധിക്കാം.

ജേക്കബ് മൈയേര്‍സ്, ഗില്ലസ്പി എന്നിവരുടെ കണ്ടുപിടിത്തത്തിലൂടെ 1898ലാണ് ആദ്യ വോട്ടിങ് മെഷീന്‍റെ ഉത്ഭവം. ന്യൂയോർക്കിലെ ലോക്പോർട്ടിലുള്ള 1892 ൽ വോട്ടെടുപ്പ് യന്ത്രത്തിന്റെ ആദ്യ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.

1980 മുതൽ ഇന്ത്യ സ്വന്തമായി ഇ.വി.എമ്മുകളുടെ മാതൃക നിര്‍മ്മിക്കുന്നുണ്ട്. ഹനീഫയാണ് ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ മാതൃകയില്‍ നിര്‍മ്മിക്കുകയും തമിഴ്നാട്ടിലെ ആറ് നഗരങ്ങളിൽ നടന്ന ഗവൺമെന്റ് എക്സിബിഷനിൽ പൊതുജനങ്ങൾക്ക് (ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ ഉപയോഗിച്ച്) പ്രദർശിപ്പിക്കുകയും ചെയ്തത്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ കാലഘട്ടത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ രൂപകല്പനയും നിർമ്മാണവും എഞ്ചിനിയറായിരുന്ന രംഗരാജന്‍റെയും സുജാത രംഗരാജന്‍റെയും മേൽനോട്ടത്തിലായിരുന്നു. ഇത് ആറ് നഗരങ്ങളിൽ നടന്ന ഗവൺമെന്‍റ് പ്രദർശനത്തിൽ പൊതുജനങ്ങൾക്കായി അദ്ദേഹം പ്രദർശിപ്പിച്ചു.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ 1989 ലെ തെ രഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ഇ.വി.എമ്മുകൾ കമ്മീഷൻ ചെയ്തു.

ഇന്ത്യയില്‍ ഇ.വി.എമ്മുകള്‍ പ്രാബല്യത്തില്‍ വരുന്നത് 1988കള്‍ക്ക് ശേഷമാണ്. 1988 ഡിസംബറിൽ പാർലമെൻറിൽ ഇത് ഭേദഗതി ചെയ്തു. 1951 ൽ ജനകീയ പ്രാതിനിധ്യ രൂപീകരണത്തിൽ ഒരു പുതിയ വിഭാഗം 61 എ ചേർത്ത് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് കമ്മീഷൻ ശക്തിപ്പെടുത്തുകയുണ്ടായി. ഈ ഭേദഗതി 1989 മാർച്ചിൽ പ്രാബല്യത്തിൽ വന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുകയും 1999 ൽ ഗോവ നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഇ.വി.എമ്മുകൾ ആദ്യമായി ഉപയോഗിക്കുകയും ചെയ്തു. 2003-ൽ എല്ലാ ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാന തെരഞ്ഞെടുപ്പുകളും ഇ.വി.എമ്മുകൾ ഉപയോഗിച്ച് നടത്തി, 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇ.വി.എമ്മുകൾ മാത്രം ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രോത്സാഹിപ്പിച്ചു.

ജനാധിപത്യത്തിലേക്കുള്ള വഴി ജനാധിപത്യപരമോ? 

തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ്, പേപ്പർ ബാലറ്റുകളില്‍ നിന്നും ഇ.വി.എമ്മുകളിലേക്കുള്ള മാറ്റം കൂടിയായിരുന്നു. 2000 മുതൽ, സംസ്ഥാന നിയമസഭകളിലേക്കുള്ള 107 പൊതുതിരഞ്ഞെടുപ്പുകളിലും 2004, 2009, 2014 ,2019 എന്നീ ലോക്സഭയിലേക്കുള്ള 4 പൊതുതെരഞ്ഞെടുപ്പിലും ഇ.വി.എമ്മുകൾ ഉപയോഗിച്ചു. ബാലറ്റ് പേപ്പറുടെ അച്ചടി, സംഭരണം, ഗതാഗതം ,ചെലവ് എന്നിവയ്ക്കെല്ലാം മികച്ച പരിഹാരമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍. ഇ.വി.എമ്മുകൾ വഴിയുള്ള വോട്ടിംഗ് പ്രക്രിയ വളരെ ലളിതവും എളുപ്പവുമാണ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.എൽ), ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ) എന്നിവയാണ് ഇ.വി.എമുകൾ നിർമ്മിക്കുന്നത്.

മറ്റു രാജ്യങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സ്വാധീനം എത്രത്തോളമെന്ന് നോക്കാം..

2009-ൽ ജർമ്മനി ഇലക്ട്രോണിക് വോട്ടിംഗ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. നെതർലാൻഡ്സ് , അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇ.വി.എമ്മുകളുടെ ഉപയോഗം നിരോധിച്ചു. ഇംഗ്ലണ്ടും ഫ്രാൻസും ഒരിക്കലും ഇ.വി.എമ്മുകള്‍ ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും ജോർദാൻ, മാലിദ്വീപ്, നമീബിയ, ഈജിപ്ത്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ തന്നെ ഭൂട്ടാൻ, നേപ്പാൾ, നമീബിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്.

കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി(ടി.ഡി.പി), ആം ആദ്മി പാർട്ടി, സി.പി.എം, ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) തുടങ്ങിയ പ്രതിപക്ഷം ഇ.വി.എമ്മുകൾ കൃത്രിമമാണെന്ന് ആരോപിച്ച് മുംബൈയിൽ വാർത്താ സമ്മേളനം സംഘടിപ്പിച്ചു. എന്നാല്‍ 2,81,436 ബാലറ്റ് യൂണിറ്റുകളിൽ 1,593 എണ്ണം മാറ്റിയതായും 2,11,158 കണ്ട്രോൾ യൂണിറ്റുകളിൽ 1,225 എണ്ണം മാറ്റിയതായും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷന്‍ മറുപടി നല്‍കി.

ജനാധിപത്യത്തിലേക്കുള്ള വഴി ജനാധിപത്യപരമോ? 

50 ശതമാനം വി.വിപാറ്റ് മെഷീനുകള്‍ എണ്ണണ്ണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. നേരത്തെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയില്‍ ഹരജി നല്‍കിയത്. 50 ശതമാനം വിവിപാറ്റ് മെഷീനുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നതാണ് ഹരജിയിലെ ആവശ്യം. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയായ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ പരാതികളുയര്‍ന്നതാണ് ഇത്തരമൊരു ഹരജിക്ക് കാരണം.

ഭരണകക്ഷിയുടെ പിന്തുണയോടെ ഇ.വി.എമ്മുകൾ തകരുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. ഈ ആരോപണം പുതുമയല്ല. രാഷ്ട്രീയ പാർട്ടികളും വിദഗ്ധരും ഇ.വി.എമ്മുകളുടെ വിശ്വാസ്യതയെ ആവർത്തിച്ച് ചോദ്യം ചെയ്തിട്ടുണ്ട്. ബാലറ്റ് പേപ്പറിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണെന്നും പ്രതിപക്ഷം ആവര്‍ത്തിക്കുന്നു.

വി.വി.പാറ്റുകളുടെ വരവ് തെരഞ്ഞെടുപ്പിനെ ഒരു പരിധി വരെ ആശ്വാസം നല്‍കുന്നതാണ്. എന്നാലും അത്രത്തോളം ശ്രദ്ധ ചെലുത്തിയിട്ടും ഈ തെരഞ്ഞെടുപ്പും ആരോപണങ്ങളില്‍ നിന്ന് ഒട്ടും മുക്തമല്ല. നമ്മുടെ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പിന്‍റെ സൗന്ദര്യത്തിനെ ഈ ആരോപണങ്ങള്‍ ചെറുതല്ലാത്ത വിധം മങ്ങലേല്‍പിക്കുന്നുണ്ട്.