LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ യുവതി ഉറച്ചുനിന്നുവെന്നാണ് വിവരം.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണമുന്നയിച്ച യുവതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പില്‍ ഹാജരായി. സുപ്രീംകോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതിയുടെ മൊഴി സമിതി രേഖപ്പെടുത്തി. സുപ്രീംകോടതി സെക്രട്ടറി ജനറലും സമിതി മുമ്പില്‍ മൊഴി നല്‍കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ നിയോഗിച്ച സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ ആദ്യ സിറ്റിങ്ങാണ് ഇന്ന് നടന്നത്. അന്വേഷണ സമിതി നോട്ടീസ് നല്‍കിയത് അനുസരിച്ച് യുവതി ഇന്ന് ഉച്ചയോടെ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി. ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ യുവതി ഉറച്ചുനിന്നുവെന്നാണ് വിവരം.

ലൈംഗികാതിക്രമ പരാതിയുടെ വിശദാംശങ്ങള്‍ യുവതി സമിതിക്ക് കൈമാറി. സുപ്രീംകോടതി സെക്രട്ടറി ജനറലും സമിതിക്ക് മുമ്പില്‍ ഹാജരായി. സുപ്രീംകോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനാണ് സെക്രട്ടറി ജനറല്‍ ഹാജരായത്. പരാതിക്കാരിയെയും സെക്രട്ടറി ജനറലിനെയും വെവ്വേറെയാണ് സമിതി കണ്ടത്. മൊഴി രേഖപ്പെടുത്തുമ്പോള്‍ അഭിഭാഷകയെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം സമിതി അംഗീകരിച്ചില്ല.

മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.