LiveTV

Live

National

നിറവും തൂക്കവും പറഞ്ഞ് കുഞ്ഞുങ്ങളെ വില്‍ക്കല്‍; മുന്‍ സർക്കാർ നഴ്സ് പിടിയില്‍

കുട്ടിയുടെ ഭാരം, നിറം, ആൺകുട്ടി, പെൺകുട്ടി എന്നിവയെ ആശ്രയിച്ചാണ് നിരക്ക്. പെൺകുട്ടിയാണെങ്കിൽ, ഈ നിരക്ക് 2.70 ലക്ഷം രൂപയിൽ നിന്ന് തുടങ്ങുന്നു. പെൺകുട്ടി വെളുത്തതെങ്കില്‍...

നിറവും തൂക്കവും പറഞ്ഞ് കുഞ്ഞുങ്ങളെ വില്‍ക്കല്‍; മുന്‍ സർക്കാർ നഴ്സ് പിടിയില്‍

''നിങ്ങൾക്ക് വേണ്ടത് പെൺകുട്ടിയെയോ ആൺകുട്ടിയെയോ?''

''കുട്ടിയുടെ ഭാരം, നിറം, ആൺകുട്ടി പെൺകുട്ടി എന്നിവയെ ആശ്രയിച്ചാണ് നിരക്ക്.''

''നല്ല ആരോഗ്യമുള്ള കുഞ്ഞിനെ മതിയോ അതോ കാണാനും ഭംഗി വേണോ?''

"എനിക്ക് 30,000 രൂപ മുൻകൂറായി തന്നാല്‍ മതി.."

തമിഴ്നാട് നാമക്കൽ ജില്ലയിലെ രാസിപുരം ഗവൺമെന്‍റ് ആശുപത്രിയിലെ റിട്ടയേർഡ് നഴ്സും കുഞ്ഞിനെ വാങ്ങാൻ ശ്രമിക്കുന്ന പടിഞ്ഞാറൻ തമിഴ് നാട്ടുകാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങളാണ് ഇത്. 10 മിനിറ്റ് നീണ്ടു നിന്ന സംഭാഷണത്തിലാണ് അമുദ എന്ന 48കാരി കുഞ്ഞുങ്ങളുടെ അനധികൃത വിൽപനയ്ക്ക് വില നിശ്ചയിക്കുന്നത്. അതോടൊപ്പം കുഞ്ഞിനെ വാങ്ങുന്ന വ്യക്തിയുടെ പേര് വെച്ച ജനന സർട്ടിഫിക്കറ്റും നൽകുന്നു. കുട്ടിയുടെ ഭാരം, നിറം, ആൺകുട്ടി, പെൺകുട്ടി എന്നിവയെ ആശ്രയിച്ചാണ് നിരക്ക്. പെൺകുട്ടിയാണെങ്കിൽ, ഈ നിരക്ക് 2.70 ലക്ഷം രൂപയിൽ നിന്ന് തുടങ്ങുന്നു. പെൺകുട്ടി വെളുത്തതെങ്കില്‍ വില 3 ലക്ഷം രൂപ വരെ ഉയരും. ഇരുണ്ട ആൺകുട്ടിക്ക് 3.30 ലക്ഷം മുതൽ 3.70 ലക്ഷം രൂപ വരെയാണ് വില. നല്ല ആരോഗ്യമുള്ള ഒരു ആൺകുട്ടിക്ക് 4 ലക്ഷത്തിലേറെ നൽകണം.

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോണ്‍ സംഭാഷണത്തിന്‍റെ റെക്കോർഡ് ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്ന് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കുട്ടികളെ വിൽക്കുന്നതിൽ 30 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെട്ട സ്ത്രീ വ്യാഴാഴ്ച രാവിലെയോടെയാണ് നാമക്കൽ ജില്ലാ പൊലീസിന്റെ പിടിയിലായത്.

''അവര്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2012ൽ സർക്കാർ ആശുപത്രിയിൽ നിന്നും വിരമിച്ച അമുദ 10 വർഷമായി ഈ വില്‍പന തുടരുകയാണ്. ഇത് വരെ വില്‍പന നടത്തിയതെല്ലാം പെൺകുട്ടികളെയാണെന്നും നിയമപരമായാണ് താൻ ഇത് ചെയ്തതെന്നുമാണ് അവരുടെ അവകാശവാദം.'' നാമക്കൽ പോലീസ് സൂപ്രണ്ട് അര അരുളരസു പറഞ്ഞു.

പണത്തിൽ ഒരു ചെറിയ ഭാഗം മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്ന് റെക്കോർഡ് ചെയ്യപ്പെട്ട സംഭാഷണത്തിൽ അമുദ പറയുന്നുണ്ട്. സംഭവത്തിന് പിന്നില്‍ ഒരു വലിയ ശൃംഖല ഉള്‍പ്പെട്ടതായി സംശയിക്കുന്നു. കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്യുന്ന ചില ആള്‍ക്കാരുടെ പേരുകൾ അവര്‍ നൽകിയിട്ടുണ്ട്. ഇതിൽ അവരുടെ പങ്കാളിത്തം ഉറപ്പാണ്. പക്ഷേ ഈ വ്യാപാരത്തിന്‍റെ ഒരു കണ്ണി മാത്രമാണ് അവര്‍. മറ്റാരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിച്ച് വരികയാണെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.