LiveTV

Live

National

വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍ ഒളിച്ചുവെക്കരുത്; റിസര്‍വ് ബാങ്കിന് സുപ്രീം കോടതിയുടെ താക്കീത്

ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്റെ നയം തിരുത്താന്‍ സുപ്രീം കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ആര്‍.ബി.ഐക്ക് നല്‍കുന്ന അവസാന അവസരമാണിതെന്നും...

വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍ ഒളിച്ചുവെക്കരുത്; റിസര്‍വ് ബാങ്കിന് സുപ്രീം കോടതിയുടെ താക്കീത്

വായ്പ തട്ടിപ്പുകാരുടെ പേര് വിവരങ്ങള്‍ മറച്ചുവെക്കരുതെന്ന് റിസര്‍വ് ബാങ്കിന് സുപ്രീം കോടതിയുടെ താക്കീത്. വിവരാവകാശപ്രകാരം വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് കോടതി നിര്‍ദേശം. 2015ല്‍ ഇത് സംബന്ധിച്ച് കോടതി ഇറക്കിയ ഉത്തരവ് നടപ്പിലാക്കാന്‍ ആര്‍.ബി.ഐക്ക് ഇത് അവസാന അവസരമാണെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധി. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടുകളും വായ്പ തട്ടിപ്പുകാരുടെ വിവരങ്ങളും ആര്‍.ടി.ഐ പ്രകാരം ലഭ്യമാക്കാത്തതിനെത്തുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയിലെത്തിയത്.

ഇത്തരം വിവരങ്ങള്‍ ആര്‍.ടി.ഐ പ്രകാരം നല്‍കണമെന്ന് ജയന്ത്രിലാല്‍ മിസ്ത്രി കേസില്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. ഇത് പാലിക്കാന്‍ തയ്യാറല്ലാത്ത റിസസര്‍വ് ബാങ്കിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി റിസര്‍വ് ബാങ്കിന് താക്കീത് നല്‍കിയത്. ഈ വിവരങ്ങള്‍ നല്‍കുന്നതിന് തടസമായ നയമുണ്ടെങ്കില്‍ അത് തിരുത്തണമെന്നും ജസ്റ്റിസ് നാഗേശ്വര റാവു, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

വിവരങ്ങള്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിന് ഇത് അവസാന അവസരം നല്‍കുന്നുവെന്നാണ് കോടതി പറഞ്ഞത്. ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ വായ്പയെടുത്ത് മുങ്ങുന്നവരുടെ പേര് വിവരങ്ങള്‍ ആര്‍.ടി.ഐ പ്രകാരം പുറത്തുവിടുന്നതില്‍ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.