LiveTV

Live

National

പ്രിയങ്ക വാരണാസിയില്‍ മത്സരിക്കാതിരുന്നതിന് വ്യത്യസ്ഥ കാരണങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

അതേസമയം പ്രിയങ്ക മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പാര്‍ട്ടി നേതൃത്വം തന്നെ വലിയ പ്രചാരം നല്‍കിയതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് വലിയ അഭിപ്രായ ഭിന്നതയുണ്ട്.

പ്രിയങ്ക വാരണാസിയില്‍ മത്സരിക്കാതിരുന്നതിന് വ്യത്യസ്ഥ കാരണങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കാതിരുന്നതിന് വ്യത്യസ്ഥ കാരണങ്ങളുന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധയായിരുന്നു എന്നും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വിയോജിച്ചതെന്നുമാണ് പ്രചാരണ സമിതി അംഗം രാജീവ് ശുക്ലയുടെ പ്രതികരണം. എന്നാല്‍ വാരണാസി സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കാന്‍ പ്രിയങ്ക തയ്യാറല്ലായിരുന്നു എന്നാണ് മുതിര്‍ന്ന നേതാവ് സാം പിത്രോദയുടെ മറുപടി.

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരുന്നു എന്ന ചര്‍ച്ചക്ക് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ഊര്‍ജം പകര്‍ന്നത്. പിന്നീട് പത്രിക സമര്‍പ്പണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ ഇന്നലെ 2014ല്‍ മത്സരിച്ച അജയ് റായിയെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം.

പ്രിയങ്ക ഗാന്ധി മത്സരിക്കാന്‍ തയ്യാറായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തക സമിതിയും വിയോജിച്ചെന്നാണ് രാജീവ് ശുക്ലയുടെ പ്രതികരണം. മത്സരിക്കേണ്ടെന്ന തീരുമാനം പ്രിയങ്കയുടേതായിരുന്നു എന്നും ഉത്തര്‍പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും സാം പിത്രോദ വിശദീകരിച്ചു. അതേസമയം പ്രിയങ്ക മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പാര്‍ട്ടി നേതൃത്വം തന്നെ വലിയ പ്രചാരം നല്‍കിയതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് വലിയ അഭിപ്രായ ഭിന്നതയുണ്ട്.