LiveTV

Live

National

ശൈശവ വിവാഹത്തിന് നിര്‍ബന്ധിച്ചു; വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു, പഠിച്ചു; കര്‍ണാടക പി.യു പരീക്ഷയില്‍ രേഖക്ക് 90% മാര്‍ക്ക്

അടുത്തിടെ പ്രഖ്യാപിച്ച കര്‍ണാടക പി.യു പരീക്ഷയില്‍ ‍(10,+2 തത്തുല്യപരീക്ഷ) 90.3 ശതമാനം മാര്‍ക്കോടെ ഉന്നത വിജയം കൈവരിച്ച് തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചിരിക്കുകയാ‍ണ് രേഖ.

ശൈശവ വിവാഹത്തിന് നിര്‍ബന്ധിച്ചു; വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു, പഠിച്ചു; കര്‍ണാടക പി.യു പരീക്ഷയില്‍ രേഖക്ക് 90% മാര്‍ക്ക്

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രേഖ ശൈശവ വിവാഹത്തിനായുളള അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത്. പക്ഷേ 18 വയസുകാരിയായ രേഖ എന്ന പെണ്‍കുട്ടിയെ, ആ അനുഭവങ്ങളൊന്നും സ്വന്തം സ്വപ്നങ്ങളില്‍ നിന്നും അകറ്റിയില്ല. ഇപ്പോള്‍ അടുത്തിടെ പ്രഖ്യാപിച്ച കര്‍ണാടക പി.യു പരീക്ഷയില്‍ ‍(10,+2 തത്തുല്യപരീക്ഷ) 90.3 ശതമാനം മാര്‍ക്കോടെ ഉന്നത വിജയം കൈവരിച്ച് തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചിരിക്കുകയാ‍ണ് രേഖ.

കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയിലെ കോട്ടൂരു ഗ്രാമത്തിലാണ് രേഖയുടെ വീട്. വീട്ടുജോലി ചെയ്താണ് രേഖയുടെ അമ്മ കുടുംബം നോക്കുന്നത്. രേഖയെ വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതോടെ, ശൈശവ വിവാഹത്തെ എതിര്‍ത്ത രേഖ വീടുവിട്ടിറങ്ങി. കൂട്ടുകാര്‍ക്കൊപ്പം രേഖ ബംഗളൂരുവിലേക്ക് പോവുകയായിരുന്നു.

ആദ്യം ഒരു കമ്പ്യൂട്ടര്‍ സെന്‍ററില്‍ ചേര്‍ന്ന രേഖ അവിടെ നിന്ന് ശിശു സംരക്ഷണ സമിതിയുടെ സഹായത്തോടെ മദികരയിലുളള ഒരു ട്രസ്റ്റിലേക്ക് മാറി. ശിശു സംരക്ഷണ സമിതി മലങ്കാരയിലുളള ഒരു സര്‍ക്കാര്‍ കോളേജില്‍ പഠിക്കാന്‍ അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. 600ല്‍ 542ാം റാങ്ക് നേടിയാണ് രേഖയുടെ വിജയം. ചരിത്രത്തില്‍ മുഴുവന്‍ മാര്‍ക്കും നോടിയിട്ടുണ്ട് ഈ മിടുക്കി.

“എന്‍റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. വീട്ടില്‍ ശൈശവ വിവാഹത്തിനായി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീട് വീട്ടിറങ്ങേണ്ടി വന്നു. എനിക്ക് ഇനിയും പഠിക്കണമായിരുന്നു. ഇപ്പോള്‍ എന്‍റെ ജീവിതത്തിന് കൃത്യമായ ലക്ഷ്യമുണ്ട്. ആദ്യം എനിക്കൊരു അഡ്വക്കേറ്റ് ആകണം, അതിനു ശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതണം.” രേഖ ആത്മവിശ്വാസത്തോടെ പറയുന്നു.