LiveTV

Live

National

കോണ്‍ഗ്രസ് വിട്ടു, പാട്ടുംപാടി ദലേര്‍ മെഹന്ദി ബി.ജെ.പിയില്‍

2013ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ദലേര്‍ മെഹന്ദി അന്ന് അവര്‍ക്കു വേണ്ടി പ്രചാരണ ഗാനം വരെ രചിച്ചിരുന്നു...

കോണ്‍ഗ്രസ് വിട്ടു, പാട്ടുംപാടി ദലേര്‍ മെഹന്ദി ബി.ജെ.പിയില്‍

ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിയും ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന ഗായകനായ ഹാന്‍സ് രാജ് ഹാന്‍സ് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി, കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ദലേര്‍ മെഹന്ദിയുടെ ബി.ജെ.പി പ്രവേശം. ഹാന്‍സ് രാജ് ഹാന്‍സിന്റെ മകനാണ് ദലേര്‍ മെഹന്ദിയുടെ മകളെ വിവാഹം ചെയ്തത്.

2013ല്‍ ഡല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദലേര്‍ മെഹന്ദി കോണ്‍ഗ്രസില്‍ ചേര്‍ന്നതും വാര്‍ത്തയായിരുന്നു. അന്ന് കോണ്‍ഗ്രസിനുവേണ്ടി പ്രചാരണ ഗാനം വരെ ദലേര്‍ മെഹന്ദി രചിച്ചിരുന്നു. 1990കളില്‍ ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു പഞ്ചാബി ഗായകനായ ദലേര്‍ മെഹന്ദി. അദ്ദേഹത്തിന്റെ സഹോദരന്‍ മൈക്കും ഹിന്ദി സിനിമയിലെ തിരക്കേറിയ ഗായകനാണ്.

നേരത്തെ മനുഷ്യക്കടത്തിന്റെ പേരില്‍ ദലേര്‍ മെഹന്ദിക്കെതിരെ കേസെടുത്തിരുന്നു. 1998ലും 1999ലും അമേരിക്കയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ദലേര്‍ മെഹന്ദി പോയപ്പോള്‍ കൊണ്ടുപോയ പത്തുപേരെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ലെന്നാണ് കേസ്. ഇവര്‍ അമേരിക്കയില്‍ അനധികൃതകുടിയേറ്റക്കാരായി കൂടുകയും ചെയ്തു. മെഹന്ദിക്കൊപ്പം സഹോദരനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസെടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ കേസില്‍ രണ്ട് വര്‍ഷം തടവിന് വിധിച്ചെങ്കിലും ജാമ്യത്തിലിറങ്ങി മെഹന്ദി നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
അതേസമയം ദലേര്‍ മെഹന്ദി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദലേര്‍ മെഹന്ദിയുടെ ആദ്യ സൂപ്പര്‍ഹിറ്റ് ആല്‍ബമായ ബോലോ തരാ രാ രായുടെ ഇരുപത് ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.