LiveTV

Live

National

മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെതിരായ നടപടിക്ക് സ്റ്റേ

തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഒഡീഷയില്‍ നിരീക്ഷകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് മുഹ്സിന്‍ ഐ.എ.എസിനെ സസ്പെന്‍റ് ചെയ്തത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തത്.

 മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെതിരായ നടപടിക്ക് സ്റ്റേ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകന്‍റെ സസ്പെന്‍ഷന് സ്റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഒഡീഷയില്‍ നിരീക്ഷകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് മുഹ്സിന്‍ ഐ.എ.എസിനെ സസ്പെന്‍റ് ചെയ്തത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തത്.

കര്‍ണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‍സിന്‍. ഒഡീഷയിലെ സംബാല്‍പൂരില്‍ മോദി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് മുഹമ്മദ് മുഹ്സിനെതിരെ നടപടിയുണ്ടായത്. എസ്.പി.ജി സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എസ്.പി.ജി സംരക്ഷണമുള്ളവരെ ഇത്തരത്തില്‍ പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു വിശദീകരണം.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തില്‍ നിന്ന് സുരക്ഷാ പരിശോധനയില്‍ ഉള്‍പ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ വിവാദമായതിന് പിന്നാലെയായിരുന്നു പരിശോധന. ഉദ്യോഗസ്ഥനെതിരായ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.