LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ  ലൈംഗികാരോപണം ഗൂഢാലോചനയെന്ന പരാതിയില്‍ അന്വേഷണം 

വിരമിച്ച ജ‍ഡ്ജി എ.കെ പട്നായികിനാണ് അന്വേഷണ ചുമതല. സി.ബി.ഐയും ഐ.ബിയും ഡല്‍ഹി പൊലീസും അന്വേഷണത്തിന് സഹായിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസിനെതിരായ  ലൈംഗികാരോപണം ഗൂഢാലോചനയെന്ന പരാതിയില്‍ അന്വേഷണം 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ജഡ്ജി എ.കെ പട്നായികിനാണ് അന്വേഷണ ചുമതല. യുവതിയുടെ പരാതി അന്വേഷിക്കുന്ന സുപ്രീംകോടതി ആഭ്യന്തര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്‍മാറി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം കോടതി വിധികള്‍ അവിഹിതമായി സ്വാധീനിക്കാനുള്ള ഗൂഢാലോചനയെന്നാണ് അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് ആരോപിച്ചത്. സുപ്രീം കോടതിയിലെ അസംതൃപ്തരായ ഉദ്യോഗസ്ഥരും കോര്‍പറേറ്റുകളുടെ ഏജന്റുമാരും ചേര്‍ന്ന ലോബിയാണ് ഇതിന് പിന്നിലെന്നും അപവാദമുന്നയിക്കാന്‍ 1.5 കോടി വാഗ്ദാനമുണ്ടെന്നും കാട്ടി അഭിഭാഷകന്‍ സത്യവാങ്മൂലവും നല്‍കി. വെളിപ്പെടുത്തല്‍ അതീവ ഗുരുതരവും കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതുമാണെന്ന് വിലയിരുത്തിയ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അന്വേഷണ ചുമതലയുള്ള എ.കെ പട്നായിക്കിന് സി.ബി.ഐയുടെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും ഡല്‍ഹി പൊലീസ് കമ്മിഷണറുടെയും സഹായമുണ്ടാകും. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. അതേസമയം, ലൈംഗികാരോപണം ഉന്നയിച്ച യുവതി പരാതിപ്പെട്ടതോടെയാണ് എന്‍.വി രമണയുടെ പിന്മാറ്റം. രമണ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അടുത്ത സുഹൃത്താണെന്ന് യുവതി പരാതിപ്പെട്ടിരുന്നു. സ്വതന്ത്രമായ അന്വേഷണത്തിന് രഞ്ജന്‍ ഗൊഗോയി പദവിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.

യുവതി ഗൂഢാലോചന നടത്തിയെന്ന മുന്‍വിധിയോടെയുള്ള അന്വേഷണം നീതിപൂര്‍വകമല്ലെന്ന് ഇന്ദിര ജെയ്സിങ് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. യുവതിയുടെ പരാതി പരിശോധിക്കുന്ന ആഭ്യന്തര സമിതിയുടെ പ്രവര്‍ത്തനത്തെ എ.കെ പട്നായികിന്റെ അന്വേഷണം ബാധിക്കില്ലെന്നാണ് കോടതി നിലപാട്. ജസ്റ്റിസ് അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ദീപക് മേത്ത എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.