LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന സമിതിക്കെതിരെ പരാതിക്കാരി

അന്വേഷണ സമിതിയില്‍ അംഗമായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണ്. തന്‍റെ ഭാഗം കേള്‍ക്കാതെയാണ് പരാതി വ്യാജമാണെന്ന് അടിയന്തര സിറ്റിങ്ങില്‍ സുപ്രീം കോടതി നിലപാട് എടുത്തതെന്നും പരാതിക്കാരി.

 ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന സമിതിക്കെതിരെ പരാതിക്കാരി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന സമിതിയെ ആശങ്ക ആറിയിച്ച് പരാതിക്കാരി. അന്വേഷണ സമിതിയില്‍ അംഗമായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണ്. തന്‍റെ ഭാഗം പോലും കേള്‍ക്കാതെയാണ് പരാതി വ്യാജമാണെന്ന് അടിയന്തര സിറ്റിങ്ങില്‍ സുപ്രീം കോടതി നിലപാട് എടുത്തതെന്നും നോട്ടീസിന് നല്‍കിയ മറുപടിയില്‍ പരാതിക്കാരി പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അന്വേഷിക്കാന്‍ ജസ്റ്റിസ് എസ്.എ ബോഗ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസ് നിയോഗിച്ചത്. ഇതില്‍ സമിതി അംഗമായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അടുത്ത സൃഹൃത്താണെന്ന് പരാതിക്കാരി പറയുന്നു. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം തന്‍റെ പരാതിയില്‍ നടക്കണം. വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരെ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതി പരാതി അന്വേഷിക്കണമെന്നും അന്വേഷണ സമിതി അയച്ച നോട്ടീസിന് നല്‍കിയ മറുപടിയില്‍ പരാതിക്കാരി വ്യക്തമാക്കി. ഇതോടൊപ്പം ഏപ്രില്‍ 20ലെ സുപ്രീംകോടതിയിലെ അടിയന്തര സിറ്റിങ് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും തന്‍റെ ഭാഗം പോലും കേള്‍ക്കാതെയാണ് പരാതി വ്യാജമാണെന്ന് സുപ്രീം കോടതി നിലപാട് എടുത്തതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കോടതി പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര ക്യാബിനെറ്റ് മന്ത്രി തന്നെ ആക്ഷേപിച്ച് പരാമര്‍ശം നടത്തി. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും ഒറ്റപ്പെടലിലുമാണ് ഇപ്പോള്‍ താനെന്നും പരാതിക്കാരി വ്യക്തമാക്കി.

അതേസമയം പരാതിയില്‍ അന്വേഷണ നടപടി ആരംഭിച്ച കോടതി വെള്ളിയാഴ്ച അന്വേഷണ സമിതിക്ക് മുന്‍പില്‍ ഹാജരായി മൊഴി നല്‍കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അഭിഭാഷകനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.