LiveTV

Live

National

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം: അന്വേഷണ നടപടി തുടങ്ങി

ലൈംഗികാരോപണം സുപ്രീംകോടതിയിലെ തന്നെ അതൃപ്തരായ ജ‍ഡ്ജിമാരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന ലോബിയുടെ ഗൂഢാലോചനയാണെന്നാണ് അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിന്റെ സത്യവാങ്മൂലം.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം: അന്വേഷണ നടപടി തുടങ്ങി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണ നടപടികള്‍ തുടങ്ങി. ജ‍ഡ്ജിമാരുടെ മൂന്നംഗ അന്വേഷണ സമിതിക്ക് മുന്‍പില്‍ ഹാജരാകാന്‍ പരാതിക്കാരിക്ക് നോട്ടീസ് അയച്ചു. അതേസമയം ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അഭിഭാഷകനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എസ്.എ ബോഗ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് വെള്ളിയാഴ്ച സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. സുപ്രീംകോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിനും നിര്‍ദേശം നല്‍കി.

അതേസമയം ലൈംഗികാരോപണം സുപ്രീംകോടതിയിലെ തന്നെ അതൃപ്തരായ ജ‍ഡ്ജിമാരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന ലോബിയുടെ ഗൂഢാലോചനയാണെന്ന അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിന്റെ സത്യവാങ്മൂലം അരുണ്‍ മിശ്ര, രോഹിങ്ടണ്‍ നരിമാന്‍, ദീപക് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇന്ന് പരിഗണിച്ചു. വിഷയം ഗൌരവമുള്ളതാണെന്നും കോടതിയെ ശുദ്ധീകരിക്കാന്‍ ധീരമായ തീരുമാനങ്ങളെടുത്ത ചീഫ് ജസ്റ്റിസിനെ നിഷ്ക്രിയനാക്കലാണോ ലക്ഷ്യമെന്ന് സംശയമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ഗൂഢാലോചനക്ക് പിറകിലെ വ്യക്തികളെക്കുറിച്ച് വിശദ വിവരങ്ങള്‍ പുതിയ സത്യവാങ്മൂലമായി നാളെ സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു. ഗൂഢാലോചന പോലെ തന്നെ ഗുരുതരമാണ് യുവതിയുടെ പരാതിയുമെന്നും പരസ്പരം മുന്‍വിധിയുള്ള രണ്ട് അന്വേഷണങ്ങള്‍ പാടില്ലെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് വാദിച്ചു. എന്നാല്‍ ഗൂഢാലോചനയിലെ അന്വേഷണം യുവതിയുടെ പരാതിയിലെ മൂന്നംഗ സമിതിയുടെ അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു കോടതിയുടെ മറുപടി.