LiveTV

Live

National

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ 2019 മെയ് മാസത്തില്‍ ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പിന് ഒരുക്കമായി.

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ 2019 മെയ് മാസത്തില്‍ ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പിന് തുടക്കമായി. മറ്റ് സര്‍ക്കാരുകളെ അപേക്ഷിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന് കുന്നോളം വാഗ്ദാനങ്ങളാണ് നല്‍കിയത്. മോദിയുടെ വാഗ്ദാനം ജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരപ്രദമായി? ‘മേരാ ദേശ് ബതല്‍ രഹാ ഹേ, ആഗേ ബാത് രഹാഹേ’ തുടങ്ങിയ മുദ്രാ വാക്യങ്ങള്‍ ആയിരുന്നു രാജ്യത്തിന്‍റെ വളര്‍ച്ചയെ എടുത്ത് കാട്ടുന്നതിന് മോദി ഉപയോഗിച്ചിരുന്നത്. എല്ലാ സര്‍ക്കാരും അവരുടെ നേട്ടങ്ങള്‍ എടുത്തു പറയുന്നുണ്ട്. അതില്‍ ആര്‍ക്കും തര്‍ക്കിക്കാന്‍ കഴിയില്ല. എന്നാല്‍ ചോദ്യം ചെയ്യാനുള്ള അധികാരമുണ്ട്. മോദി വ്യത്യസ്തമായ മുദ്രാവാക്യങ്ങളിലൂടെ രാജ്യത്തിന് വളര്‍ച്ചയുണ്ടെന്ന് വിളിച്ച് പറയുന്നതല്ലാതെ ഈ രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്, രാജ്യത്ത് യഥാര്‍ത്ഥത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ? മോദി പ്രധാനമന്തിയായി വന്നപ്പോള്‍ ജനങ്ങള്‍ പ്രതീക്ഷിച്ചതിലധികം വാഗ്ദാനങ്ങളാണ് നല്‍കിയത്. അതെല്ലാം നടപ്പിലാക്കിയോ എന്നുള്ളത് ജനങ്ങള്‍ക്ക് വിചാരണ ചെയ്യാനുള്ള അവകാശമാണ്.

ഒട്ടനവധി വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ നിരത്തി ആയിരുന്നു ദേശീയ ജനാധിപത്യമുന്നണി 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ന് അവരുടെ ഭരണകാലാവധി കഴിയാറായപ്പോള്‍ രാജ്യത്ത് ഈ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട് എന്നത് വിലയിരുത്താം.

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

ലോക്പാല്‍ നിയമനം

അഴിമതി നടക്കരുത് എന്ന് താല്‍പര്യമുള്ള മോദി സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ചാമത്തെ വര്‍ഷം തുടങ്ങിയതിന് ശേഷമാണ് ലോക്പാല്‍ നിയമനം പാസാക്കിയത്. എന്തുകൊണ്ട് കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരിക്കല്‍ പോലും ഈ ബില്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നത്? ചോദ്യങ്ങള്‍ നിരവധിയാണ്.

സാമ്പത്തിക വളര്‍ച്ച

വിദേശ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനായി ഏറ്റവും അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി എന്നാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ പറയുന്നത്. എന്നാല്‍ ഇത്രയധികം വിദേശ രാജ്യങ്ങള്‍ പ്രധാന മന്ത്രി സന്ദര്‍ശിച്ചുവെന്നല്ലാതെ ആശാവഹമായ ഒരു നേട്ടവുമുണ്ടായില്ല എന്നതാണ് വാസ്തവം. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധവും മോശമായി.

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

ചൈനയുടെ സാമ്പത്തിക വളർച്ചയെക്കാൾ ഇന്ത്യയുടെ വളർച്ച വേഗത്തിലാണെന്നും വളരെ വേഗത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ വളർന്നു കൊണ്ടിരിക്കുകയാണെന്നുമാണ് മോദി സർക്കാരിന്റെ വാദം. എന്നാൽ യഥാർഥത്തിൽ ബിസിനസിലോ വ്യാപാരരംഗത്തോ ഇത്തരത്തിലൊരു വളർച്ചയും ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം നോട്ട് നിരോധനവും ജി.എസ്.ടിയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയായി. വളർച്ചയെ നിർണയിക്കാനായി സർക്കാർ സ്വീകരിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങളെ സാമ്പത്തിക രംഗത്തെ പ്രഗൽഭർ പരസ്യമായി ചോദ്യം ചെയ്യുന്നുണ്ട്.

തൊഴില്‍ അവസരങ്ങള്‍

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലും വലിയ രീതിയിൽ കുറവുണ്ടായി. 2014ൽ യുവാക്കളുടെ പ്രിയപ്പെട്ടവനായിരുന്നു മോദി. അദ്ദേഹം അവർക്ക് നിരവധി വാഗ്ദാനങ്ങൾ നൽകി. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ കഴിഞ്ഞ കുറേ വർഷത്തിനിടയിൽ തൊഴിൽ രംഗത്ത് ഏറ്റവും കുറവ് വളർച്ചയുണ്ടായത് ഇപ്പോഴാണ്. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അധികാരം തീരുന്ന ഈ കാലയളവില്‍ രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു.

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്ക് പ്രകാരം 2014ന് ശേഷം തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുകയാണ്. 2012ല്‍ 45.15 കോടി ലേബര്‍ ഫോഴ്‌സ് രാജ്യത്തുണ്ടായിരുന്നു. 2014 ല്‍ 46.96 കോടിയായി ഉയര്‍ന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തൊഴിലെടുക്കുന്നുവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. 2018ല്‍ 43.50 കോടിയായി കുറഞ്ഞു. മോദി സര്‍ക്കാര്‍ പ്രതിവര്‍ഷം 2.5 കോടി പുതിയ തൊഴില്‍ ഉറപ്പാക്കിയ സ്ഥാനത്ത് നാല് വര്‍ഷം കൊണ്ട് ഇന്ത്യന്‍ ലേബര്‍ ഫോഴ്‌സില്‍ നിന്ന് 3.46 കോടി പേര്‍ പുറത്തായി. അടുത്ത കാലത്ത് ഏറെ വാര്‍ത്തയായ മോദിയുടെ പ്രസ്താവനയാണ് തൊഴിലില്ലായ്മയേക്കാള്‍ നല്ലത് പക്കോട വില്‍പ്പനയാണെന്ന് പറഞ്ഞത്.

വിലകയറ്റം

വിലക്കയറ്റം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മോദിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്ന്. എന്നാല്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയില്‍ ആകുകയും വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍. സാധാരണക്കാര്‍ക്ക് കരിഞ്ചന്തകള്‍ ഇല്ലാതാക്കുന്നതിനായി പ്രത്യേക കോടതികള്‍ ആരംഭിക്കുമെന്നും മോദി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഇക്കാലം വരെയും പാലിക്കപ്പെട്ടിട്ടില്ല. ഇതിന് പുറമേ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ മോദിയുടെ കീഴിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസല്‍ വില കൂടി കൊണ്ടേയിരുന്നു. രാജ്യം ഇപ്പോള്‍ സാക്ഷിയാവുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍, ഡീസല്‍ വിലക്കാണ്. അച്ഛേ ദിനും സ്വച്ഛ് ഭാരതുമൊക്കെ ഇന്നു ഇന്ത്യക്കാര്‍ക്ക് വെറും പേക്കിനാവുകളാണ്.

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

അടിസ്ഥാന ആവശ്യങ്ങള്‍

മേക്ക് ഇന്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നാണ് ബി.ജെ.പി പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് വൈദ്യുതി, വെള്ളം, ശുചിമുറി എന്നീ സൗകര്യങ്ങളുള്ള വീടുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തും എന്നായിരുന്നു മോദി പറഞ്ഞത്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും ഈ വാഗ്ദാനങ്ങള്‍ കിട്ടാക്കനി മാത്രമായി തുടരുകയാണ്.

അഴിമതി വിരുദ്ധ സര്‍ക്കാര്‍

ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ എന്ന പേരിൽ മൻമോഹൻ സിങ് സർക്കാർ മാറി കഴിഞ്ഞപ്പോള്‍ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. ആ സമയത്താണ് മോദി ശ്വസിക്കാനായി പുത്തനൊരു വായുവുമായി എത്തിയത്. അദ്ദേഹം അഴിമതിയെ തുടച്ചുനീക്കുമെന്ന് ജനങ്ങൾ സത്യസന്ധമായി വിശ്വസിച്ചു. അധികാരമേറ്റയുടൻ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു ‘ഞാനൊരിക്കലും അഴിമതി കാട്ടില്ല, മറ്റുള്ളവരെ അഴിമതി നടത്താനും അനുവദിക്കില്ല’. എന്നാൽ അദ്ദേഹത്തിന്റെ മന്ത്രിസഭ രൂപീകരിച്ചപ്പോൾ തന്നെ ജനങ്ങളുടെ പ്രതീക്ഷക്കള്‍ക്ക് മങ്ങലേല്‍ക്കും വിധമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു റഫേല്‍ ഇടപാട്. മോദിയുടെ അഴിമതിയുടെ കഥകള്‍ കണ്ടെത്താന്‍ പ്രത്യേകം ഒരു വെബ്സൈറ്റ് വരെ സമീപകാലത്ത് തുടങ്ങിയിരുന്നു. ഇതും വാര്‍ത്തയായി.

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

സ്ത്രീ സംവരണം

രാജ്യത്ത് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.

വര്‍ത്തമാനകാല ഇന്ത്യയില്‍ സ്ത്രീകളുടെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിന്‍റെ വ്യക്തമായ സൂചനകളാണ് സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ ജീവിതത്തില്‍ ഉടനീളം അനുഭവിക്കുന്ന വ്യത്യസ്ത രൂപങ്ങളിലുള്ള അതിക്രമങ്ങള്‍. വീടിനുള്ളില്‍, തൊഴിലിടങ്ങളില്‍, പൊതുസ്ഥലങ്ങളില്‍ അവള്‍ ആക്രമിക്കപ്പെടുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരഗുണ്ടായിസവും അതിക്രമങ്ങളുടെ പട്ടികയില്‍പ്പെടുത്തേണ്ടതാണ്. ഗാര്‍ഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗികപീഡന വിരുദ്ധ നിയമങ്ങളും നിലവിലുണ്ടെങ്കിലും അതുകൊണ്ട് വലിയ പ്രയോജനവും കാണുന്നില്ല.

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

കാര്‍ഷിക മേഖലയില്‍ മാറ്റം

അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി മാറ്റുമെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രകടന പത്രികയിലും ഈ വാഗ്ദാനം ബി.ജെ.പി ഉള്‍കൊള്ളിച്ചു. കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കും, രാജ്യത്തെവിടെയുമുള്ള വിപണികളില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും, ഇടനിലക്കാരെ ഒഴിവാക്കും തുടങ്ങി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ചില മാര്‍ഗങ്ങളും ബി.ജെ.പി അന്ന് അവതരിപ്പിച്ചു. എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ സര്‍ക്കാര്‍ കര്‍ഷകരെ മറന്നെന്നു മാത്രമല്ല അവര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. ഇന്ന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 5 വര്‍ഷം ആയിട്ടും കര്‍ഷകാത്മഹത്യകള്‍ പെരുകികൊണ്ടിരിക്കുകയാണ്. നോട്ടു നിരോധനത്തെതുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ സാമ്പത്തിക മാന്ദ്യം കര്‍ഷകരുടെ ജീവിതം കൂടുതല്‍ നരക തുല്യമാക്കി മാറ്റി.

മോദിയുടെ വാഗ്ദാനങ്ങള്‍ ‘വിചാരണ’ ചെയ്യപ്പെടുമ്പോള്‍...

അധികാരത്തില്‍ അഞ്ചാമത്തെതും അവസാനത്തേതുമായ വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. സാമ്പത്തിക രംഗത്ത് ഉയരുന്ന പണപ്പെരുപ്പം, ഉയരുന്ന തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമൂഹിക മേഖലയില്‍ ദലിതര്‍, ആദിവാസികള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കിടയിലെ ഒറ്റപ്പെടല്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് നിലവിലുള്ളത്.