LiveTV

Live

National

‘15 വര്‍ഷത്തിനിടെ 20 വീടുകള്‍ മാറേണ്ടി വന്നു’; ബില്‍ക്കീസ് ബാനു നേരിട്ടത് ക്രൂരമായ അവഗണന

ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു 2002 ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായി അബോധാവസ്ഥയില്‍ ഉപേക്ഷിക്കപ്പെടുന്നത്

‘15 വര്‍ഷത്തിനിടെ 20 വീടുകള്‍ മാറേണ്ടി വന്നു’; ബില്‍ക്കീസ് ബാനു നേരിട്ടത് ക്രൂരമായ അവഗണന

ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു 2002 ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായി അബോധാവസ്ഥയില്‍ ഉപേക്ഷിക്കപ്പെടുന്നത്. മൂന്ന് വയസുള്ള തന്റെ കുഞ്ഞ് കുടുംബത്തിലെ 13 പേരോടൊപ്പം കൊല്ലപ്പെടുകയും ചെയ്തു. അവള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളോ അവളുടെ കുടുംബത്തിന് നേരിടേണ്ടി വന്ന ക്രൂരതകളോ മുന്‍നിര്‍ത്തിയല്ല, മറിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ഗുജറാത്ത് പൊലീസും ഡോക്ടര്‍മാരും നടത്തിയ കഠിന ശ്രമങ്ങളുടെ പേരിലാണ് ബില്‍ക്കീസിന്റെ കഥ കലാപങ്ങളുടെ ക്രൂരമുഖങ്ങള്‍ വെളിപ്പെടുത്തുന്ന കഥകളില്‍ മുന്‍ നിരയില്‍ ഇടം നേടുന്നത്. 2017 മെയ് 4ന് കേസിലെ 11 കുറ്റവാളികള്‍ക്കും മുംബൈ ഹൈക്കോടതി ജീവപര്യന്തം വിധിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

 ഗുജറാത്ത് വംശഹത്യ; ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
Also Read

ഗുജറാത്ത് വംശഹത്യ; ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഡല്‍ഹിയിലെ ഒരു പ്രസ്സ് കോണ്‍ഫറന്‍സില്‍ തന്റെ പെണ്‍കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമിരിക്കുന്ന ബാനു പല ചോദ്യങ്ങളിലൂടെ സംഭവത്തെ പുതിയ ദിശകളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകരെ അഭിമുഖീകരിക്കേണ്ടി വന്നു.

മുസ്‍ലീം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പ്രധാന മന്ത്രി താങ്കള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നോ? ഗുജറാത്തിലെ ഏതെങ്കിലും മന്ത്രി താങ്കളെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നോ? വര്‍ഗീയ ലഹളകള്‍ വര്‍ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? നിര്‍ഭയയുടെ കൊലയാളികള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ തന്നെ ശിക്ഷ വിധിച്ചു, എന്നാല്‍ ബാനുവിന്റെ കാര്യത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ 15 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഈ ശിക്ഷാ നടപടികളില്‍ താങ്കള്‍ സംതൃപ്തയാണോ? തുടങ്ങി പല ചോദ്യങ്ങള്‍ ബാനുവിന് നേരെ ഉയര്‍ന്നുവന്നു. എന്നാല്‍ താനും ഇതൊക്കെത്തന്നെയാണ് ഇത്രയും കാലം ചോദിച്ചിരുന്നതെന്നും ഇന്ന് നീതിപീഠത്തിനോട് കടപ്പെട്ടിരിക്കുന്നെന്നും അവര്‍ പറഞ്ഞു. തനിക്ക് പ്രതികാര വാഞ്ജയില്ലെന്നും നീതി നടപ്പായാല്‍ മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘15 വര്‍ഷത്തിനിടെ 20 വീടുകള്‍ മാറേണ്ടി വന്നു’; ബില്‍ക്കീസ് ബാനു നേരിട്ടത് ക്രൂരമായ അവഗണന

ആചാരവിധി പ്രകാരമുള്ള മാനഭംഗം

പ്രതിക്ഷ ബക്‌സിയുടെ പബ്ലിക് സീക്രട്‌സ് ഓഫ് ലോ: റേപ് ട്രയല്‍സ് ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ ‘റിച്വല്‍ ഹുമിലിയേഷ’നായാണ് ബില്‍ക്കീസ് ബാനുവിന്റെ കേസ് ട്രയലില്‍ വിവരിക്കുന്നത്. അതുകൊണ്ട് തന്നെ കേസിന്റെ എല്ലാ ഘട്ടത്തിലും പൊലീസും ഡോക്ടര്‍മാരും ബാനുവിന് എതിരായാണ് പ്രവര്‍ത്തിച്ചത്. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ കെട്ടിച്ചമച്ചവയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും പ്രധാനപ്പെട്ട പല വിവരങ്ങളും ഒഴിവാക്കിയിരുന്നു. കൊല്ലപ്പെട്ട ബാനുവിന്റെ ബന്ധുക്കളുടെ മൃതദേഹം പൊലീസ് അടക്കം ചെയ്യുകയും എളുപ്പത്തില്‍ ചീഞ്ഞഴുകുന്നതിനായി 90 കിലോയോളം വരുന്ന ഉപ്പ് മൃതദേഹങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു. ബാനുവിന്റെ മകള്‍ സലേഹയുടെ മൃതദേഹം കണ്ടുകിട്ടിയിട്ടുമില്ല.

20 ദിവസം നീണ്ടു നിന്ന ക്രോസ് വിസ്താരത്തിനിടെ വളരെ മോശം പെരുമാറ്റമാണ് എതിര്‍ഭാഗം വക്കീലിന്റെ ഭാഗത്ത് നിന്ന് ബാനുവിന് നേരിടേണ്ടി വന്നത്. കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കില്‍ ഉറപ്പായും ഗര്‍ഭം അലസിപ്പോവുമെന്നും, അയല്‍വാസികളാണ് പീഡിപ്പിച്ചതെങ്കില്‍ അവരെ പ്രലോഭിപ്പിക്കാനായി എന്താണ് ചെയ്തതെന്നും തുടങ്ങി അപമര്യാദപരമായ ചോദ്യങ്ങളാണ് ബാനുവിന് നേരെ ഉയര്‍ന്നത്. ബാനുവിന്റെ കേസ് വിചാരണ ചെയ്ത കോടതി കലാപത്തിനിടയില്‍ നടന്ന ഒരു യാദൃശ്ചിക സംഭവം മാത്രമായാണ് ഇതിനെ കണ്ടത്.

എന്നാല്‍ വര്‍ഗീയ ലഹളകള്‍ക്കിടയില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ യാദൃശ്ചികമല്ല, ഇതും ഒരു തരത്തില്‍ കലാപമാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കലാപം. ഗര്‍ഭിണികളെ പീഡിപ്പിക്കുക, സ്വന്തം കുടുംബത്തിലുള്ളവരുടെ ആക്രമണങ്ങള്‍ക്ക് അവരെ ദൃക്‌സാക്ഷികളാക്കുക, അവരുടെ കുഞ്ഞുങ്ങളെ കണ്‍മുന്നില്‍ വെച്ച് ഇല്ലാതാക്കുക തുടങ്ങിയവ കാലങ്ങളായി തുടര്‍ന്നുവരുന്ന യുദ്ധാചാരങ്ങളാണ്. ഒരു വര്‍ഗത്തിന്റെ നിലനില്‍പ്പിനെ മുന്നോട്ട് നയിക്കുന്നത് സ്ത്രീകളാണെന്ന വാസ്തവം ഉള്‍ക്കൊണ്ടുകൊണ്ടാവണം എല്ലാ കലാപകാലത്തും കലാപകാരികളാല്‍ ആക്രമിക്കപ്പെടുന്ന പ്രധാന വിഭാഗം അവിടുത്തെ സ്ത്രീകളാകുന്നത്.

‘15 വര്‍ഷത്തിനിടെ 20 വീടുകള്‍ മാറേണ്ടി വന്നു’; ബില്‍ക്കീസ് ബാനു നേരിട്ടത് ക്രൂരമായ അവഗണന

ഒരു നാടോടി ജീവിതം

പ്രസ്സ് കോണ്‍ഫറന്‍സിന് ശേഷം ബാനുവും ഭര്‍ത്താവ് യാക്കൂബ് റസൂല്‍ ഖാനും കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ രൂപം കൊണ്ട മറ്റൊരു ആചാരത്തിന് സാക്ഷിയായി. ബാനുവിന്റെ യഥാര്‍ത്ഥ പേര് മാധ്യമങ്ങളില്‍ ഉപയോഗിക്കാനുള്ള രേഖാമൂലമുള്ള അനുവാദമായിരുന്നു അത്. പീഡനത്തിനിരയായവരുടെ പേര് അവരുടെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണല്ലോ. ശേഷം അവര്‍ തങ്ങളുടെ സ്യൂട്ട്‌കേസുകളെടുത്ത് മടങ്ങി. കലാപം നടന്ന അന്നു മുതല്‍ പല തവണ അവര്‍ക്ക് താമസം മാറേണ്ടിവന്നിട്ടുണ്ട്. മുംബൈ, പൂനെ, അഹമ്മദാബാദ്, വഡോധര തുടങ്ങിയ ഇടങ്ങളില്‍ ഇരുപതോളം തവണ അവര്‍ക്ക് മാറിത്താമസിക്കേണ്ടി വന്നു. താമസം മാറുന്നതിനനുസരിച്ച് കുട്ടികളുടെ സ്‌കൂളുകളും മാറിക്കൊണ്ടിരുന്നു. മുംബൈയില്‍ കോടതിയില്‍ കേസ് വരുമ്പോഴൊക്കെ കുട്ടികളേയും കൂടെ കൂട്ടും. അമ്മ ആക്രമത്തിനിരയായതാണെന്നും തങ്ങളുടെ കുടുംബം കലാപത്തില്‍ കൊല്ലപ്പെട്ടതാണെന്നും അവര്‍ മുതിര്‍ന്ന കുട്ടികളോട് പറഞ്ഞു കൊടുത്തിരുന്നു.

‘15 വര്‍ഷത്തിനിടെ 20 വീടുകള്‍ മാറേണ്ടി വന്നു’; ബില്‍ക്കീസ് ബാനു നേരിട്ടത് ക്രൂരമായ അവഗണന

അപകട ഭീതിയില്‍ കഴിഞ്ഞിരുന്ന ബാനുവിനും ഭര്‍ത്താവിനും മൂത്ത പെണ്‍കുഞ്ഞ് ജനിക്കുന്നത് കലാപത്തിന് ശേഷം അവര്‍ താമസിച്ച ദുരിതാശ്വാസ ക്യാമ്പില്‍ വെച്ചാണ്. കേസ് സി.ബി.ഐക്ക് വിട്ടുകൊടുക്കുന്ന സമയത്താണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. സെഷന്‍സ് കോടതി കേസിന് വിധി പറയുമ്പോള്‍ ആണ്‍കുഞ്ഞ് ജനിച്ചു. ഖാന്‍ ഓരോ തവണ ജോലി അന്വേഷിച്ചും ബിസിനസ് ചെയ്തും പരാജയപ്പെടുമ്പോഴും അവര്‍ക്ക് താമസം മാറേണ്ടിവന്നു. തനിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കില്‍ അത് തന്റെ കുടുംബത്തിന് ഒരു സഹായമായിരുന്നേനെയെന്ന് ബാനു ചിന്തിക്കാറുണ്ട്. ബാനുവിനും ഖാനും മാത്രം വിവരിക്കാന്‍ കഴിയുന്ന ഒരുതരം മാനസികാവസ്ഥയുണ്ട്. ഇപ്പോഴും പഴയ കാര്യങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ ബാനുവിന് പേടിയും ആശങ്കയും അലട്ടിക്കൊണ്ടിരിക്കും.

വലിയ മേളങ്ങളോട് കൂടി ആളുകള്‍ കല്യാണം കഴിക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്റെ കല്യാണം ഓര്‍മ്മ വരും. എന്റെ നാടിനേക്കുറിച്ച് എന്തെങ്കിലും വാര്‍ത്ത കേള്‍ക്കുമ്പോഴൊക്കെ എനിക്ക് എന്റെ മാമന്‍മാരെയും സഹോദരങ്ങളെയും അവിടുത്തെ കുഞ്ഞുങ്ങളെയും ഓര്‍മ്മ വരും’ - ബാനു പറഞ്ഞു

‘15 വര്‍ഷത്തിനിടെ 20 വീടുകള്‍ മാറേണ്ടി വന്നു’; ബില്‍ക്കീസ് ബാനു നേരിട്ടത് ക്രൂരമായ അവഗണന

ഗോദ്രയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഇരുട്ടത്ത് ഒരു മൂലയില്‍ മൗനമായിരിക്കുന്ന ബാനുവിനെയാണ് കലാപത്തിന് ശേഷം തന്റെ ഭാര്യയെത്തേടിയിറങ്ങിയ ഖാന് കാണാന്‍ കഴിഞ്ഞത്. ബാനുവിന് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും പറഞ്ഞുകേട്ട് ഖാന്‍ അറിഞ്ഞിരുന്നു. ബാനുവിന് വേണ്ടിയുള്ള അന്വേഷണത്തിലുടനീളം ഖാന്‍ കേട്ടത് മരണം, കൊലപാതകം, പീഡനം തുടങ്ങിയ വാക്കുകള്‍ മാത്രമാണ്.

കലാപവും മരണവും നഷ്ട്ടപ്പെട്ട കുടുംബവും എല്ലാം ഞാന്‍ ആ സമയത്ത് മാറ്റിനിര്‍ത്തി. ഞാനവളോട് സ്‌നേഹത്തോടെ പെരുമാറി, അവളനുഭവിച്ച വേദനകളില്‍ നിന്ന് അവളെ പുറത്ത് കൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമേ അന്ന എനിക്കുണ്ടായിരുന്നുള്ളു’ - ഖാന്‍ പറഞ്ഞു

പത്രപ്രവര്‍ത്തകരോടും വക്കീലുമാരോടും മറ്റ് പലരോടും തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവള്‍ വിശദീകരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഈ നിമിഷംവരെ അവള്‍ക്ക് എന്താണ് സംഭവിച്ചതെന്നൊ ആരാണ് ഉപദ്രവിച്ചതെന്നോ ഞാന്‍ ചോദിച്ചിട്ടില്ല ‘ - അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഹിജാബ് ധരിച്ച് നടന്നിരുന്നെങ്കില്‍ ഒരുപക്ഷെ ബാനുവിന് ഒന്നും സംഭവിക്കില്ലായിരുന്നു, യഥാര്‍ത്ഥ മുസ്‍ലീമായി ജീവിക്കാത്തതുകൊണ്ടാണ് ബാനുവിന് ആക്രമണം നേരിടേണ്ടി വന്നത്, ഇനിയെങ്കിലും ബാനുവിനെ ഹിജാബ് ധരിപ്പിക്കണമെന്നുമുള്ള സാരോപദേശങ്ങളുമായി പലരും സംഭവ ശേഷം ഖാനെ കാണാനെത്തിയിരുന്നു. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു പിന്നീടങ്ങോട്ട് ജീവിച്ചുപോന്നതെന്ന് ഖാന്‍ ഓര്‍മ്മിച്ചെടുക്കുന്നു.

ഭാവിയെക്കുറിച്ച്

എല്ലാ അപ്പീലുകളും ഇല്ലാതാക്കിയാല്‍ മാത്രമേ കേസിന് പൂര്‍ണ്ണ നീതി ലഭിച്ചുവെന്നും വിജയം കൈവരിച്ചുവെന്നും പറയാന്‍ സാധിക്കു. ശിക്ഷക്ക് വിധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അപ്പീല്‍ കൊടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കേസ് ഇനിയും നീണ്ടുപോയേക്കാമെന്നും ബാനുവിന്റെ വക്കീല്‍ വിജയ് ഹിരമത് പറഞ്ഞു. ഖാന്‍ ആറ് പേരടങ്ങുന്ന തന്റെ കുടുംബം പുലര്‍ത്തുന്നതിനുള്ള കഷ്ടപ്പാടിലാണ്.

‘എന്റെ പൂര്‍വ്വികര്‍ കന്നുകാലി വളര്‍ത്തി ജീവിച്ചവരാണ്. മാംസ്യക്കച്ചവടമാണ് തൊഴില്‍. എന്നാല്‍ ഇന്ന് ഞങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാണ്. പശുവിനെ കൊന്നെന്നും പോത്ത് കച്ചവടം നടത്തിയെന്നും പറഞ്ഞ് പലരെയും കൊന്നുകളയുകയാണ്. ഇതല്ലാതെ മറ്റെന്ത് തൊഴിലാണ് ഞാന്‍ ചെയ്യേണ്ടത്?’ - ഖാന്‍ ചോദിച്ചു

ഗുജറാത്തില്‍ തന്നെ ജീവിക്കാനാണ് ബാനുവിന്റെയും ഖാന്റെയും തീരുമാനം. എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ ബന്ധുക്കള്‍ സഹായിക്കാനുണ്ടാവുമെന്നതിനാലാണത്. ഗുജറാത്തിലെ കാറ്റിന് ഇപ്പോഴും വിഷഗന്ധമാണെന്നും ഹൈന്ദവര്‍ക്കും മുസല്‍മാനും അധിക കാലം ഇവിടെ അയല്‍വാസികളായി ഒരുമയില്‍ ജീവിക്കാന്‍ കഴിയില്ലെന്നും ഖാന്‍ പറഞ്ഞു.

ബാനു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ്. ബാനുവിന്റെ പോരാട്ടം മൂത്ത പെണ്‍കുഞ്ഞിന് വലിയ കരുത്താണ് പകര്‍ന്ന് നല്‍കിയത്. വക്കീലാവാനാണ് അവളുടെ ആഗ്രഹം. ആക്രമിക്കപ്പെട്ട സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ തനിക്ക് കഴിയുമെന്ന് ബാനു വിശ്വസിക്കുന്നു.

കടപ്പാട്- സ്ക്രോള്‍ ഡോട്ട് ഇന്‍

പരിഭാഷ - അഞ്ജു ബേബി പൗലോസ്