LiveTV

Live

National

മോദിയുടെ അഞ്ച് വര്‍ഷങ്ങളും നോട്ട് നിരോധനവും

എനിക്ക് 50 ദിവസം തരൂ, എന്‍റെ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ തൂക്കി കൊല്ലാം.

മോദിയുടെ അഞ്ച് വര്‍ഷങ്ങളും നോട്ട് നിരോധനവും

‘എനിക്ക് 50 ദിവസം തരൂ, എന്‍റെ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ തൂക്കി കൊല്ലാം’ നോട്ടു നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ എന്ത് ചെയ്ണമെന്നറിയാതെ നെട്ടോട്ടമോടുന്ന സമയത്ത്, തങ്ങളുടെ സമ്പാദ്യം വിനിമയം ചെയ്യാന്‍ ബാങ്കുകളുടെ മുന്നില്‍ ക്യൂ നില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. കള്ളപ്പണം ഇല്ലാതാക്കുക, തീവ്രവാദ ആക്രമണങ്ങള്‍ തടയുക എന്നീ ലക്ഷ്യത്തോടെയാണ് 2016 നവംബര്‍ 8 രാത്രി 8.15 ന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അന്ന് രാത്രി 12 മണിക്കു ശേഷമാണ് 500,1000 രൂപയുടെ നോട്ടുകള്‍ ക്രയവിക്രയം നിയമവിരുദ്ധമാക്കികൊണ്ടുള്ള ആ പ്രഖ്യാപനം വന്നത്.

എന്തിനാണ് ഇത്ര എളുപ്പത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ നോട്ട് നിരോധനം പ്രഖ്യാപിച്ചത്, സാധാരണക്കാരായ ജനങ്ങള്‍ മുതല്‍ അങ്ങോട്ടുള്ളവര്‍ക്കു പോലും ഒരു തുള്ളി സമയം നല്‍കാതെ എന്തിനായിരുന്നു ഇത്ര തിടുക്കത്തില്‍ ഇങ്ങനെ ഒരു പ്രഖ്യാപനം വന്നത് എന്ന് ഇന്നും ആര്‍ക്കും വ്യക്തമല്ല. സര്‍ക്കാര്‍ ഇതിന് ഒരു കാരണമേ പറയുന്നുള്ളു കണക്കില്‍ പെടാത്ത പണം കൈവശം വെച്ചിട്ടുള്ളവര്‍ ഒരു കാരണവശാലും ആ പണം കൈമാറ്റം ചെയ്യരുത് അതുകൊണ്ടാണ് നോട്ടു നിരോധനം എന്ന പ്രക്രിയയെ കുറിച്ച് ഒന്ന് സൂചിപ്പിക്കുക പോലും ചെയ്യാതിരുന്നത്.

മോദിയുടെ അഞ്ച് വര്‍ഷങ്ങളും നോട്ട് നിരോധനവും

കള്ളനോട്ടുകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊക്കെ ചെയ്തതെങ്കില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. സംശയാസ്പദമായ ഇടപാടുകള്‍ക്ക് നോട്ടുനിരോധനം കാരണമായി. കള്ള നോട്ടുകള്‍ ഇല്ലാതാക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചതല്ലാതെ അതിന് വേണ്ടി ഒന്നും തന്നെ മോദി സര്‍ക്കാര്‍ ചെയ്തിട്ടില്ല. അതിനു വേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം പോളീമാര്‍ കറന്‍സിയിലേക്ക് മാറുകയെന്നതായിരുന്നു. ആസ്ട്രേലിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍ അത് വിജയത്തില്‍ നടപ്പിലാക്കുകയും ചെയ്തു. ആര്‍.ബി.ഐ ഈ മാര്‍ഗം പല വന്‍ നഗരങ്ങളില്‍ പരീക്ഷിക്കുകയുണ്ടായി. പോളിമർ കറന്‍സിലേക്ക് മാറുന്നത് മോദി പ്രഖ്യാപിച്ചിട്ടുണ്ട് പുതിയ നോട്ടുകൾ അച്ചടിച്ച് കൊണ്ടിരുന്നപ്പോൾ തന്നെ വ്യാജനോട്ടുകൾ വിപണിയിലെത്തുകയും ചിലത് പിടിക്കപെടുകയും ചെയ്തു.

നോട്ട് നിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തി; ദൃശ്യങ്ങള്‍ കപില്‍ സിബല്‍   പുറത്തുവിട്ടു
Also Read

നോട്ട് നിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തി; ദൃശ്യങ്ങള്‍ കപില്‍ സിബല്‍  പുറത്തുവിട്ടു

തീവ്രവാദ ആക്രമണങ്ങള്‍ തടയുക എന്നതായിരുന്നു നോട്ടു നിരോധനത്തിന്‍റെ അടുത്ത ലക്ഷ്യം. ആഗോള ഭീകരവാദ ഡാറ്റാബേസ് അനുസരിച്ച് നോട്ടുനിരോധനം നടപ്പിലാക്കിയതിന് തൊട്ടുമുമ്പത്തെ വര്‍ഷം, 2015 ല്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 387 പേരാണ്. നോട്ട് നിരോധനം നടപ്പിലാക്കിയ 2016 ല്‍ 467 പേര്‍ കൊല്ലപ്പെട്ടു. 2017ല്‍ കൊല്ലപ്പെട്ടത് 465 പേരാണ്. സൗത്ത് ഏഷ്യാ ടെററിസം പോര്‍ട്ടലിന്റെ (എസ്എ.ടി.പി) റിപ്പോര്‍ട്ടനുസരിച്ച് 2018 ല്‍ കശ്മീരില്‍ മാത്രം കൊല്ലപ്പെട്ടത് 451 പേരാണ്. ഈ കാലയളവില്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 72 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനസ്രോതസ്സുകള്‍ തകര്‍ത്ത് തീവ്രവാദത്തിന്റെ വേരറുക്കലായിരുന്നു നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യം. ഉറി, പത്താന്‍കോട്ട്, പുല്‍വാമ എല്ലാം നോട്ടു നിരോധനത്തിനു ശേഷം സംഭവിച്ചതാണ്.

നോട്ടു നിരോധനത്തിനു ശേഷം രാജ്യത്തെ തൊഴില്‍ വിവരങ്ങള്‍ എടുത്തു നോക്കിയാല്‍ ലക്ഷ കണക്കിനു ആളുകളാണ് തൊഴില്‍ ഇല്ലാതെ കഷ്ടപ്പെടുന്നത്. സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ എക്കണോമി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്ത് 15 ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കി, ദിവസക്കൂലിക്കാരായ 215 കോടി ജനങ്ങള്‍ക്ക് മാസങ്ങളോളം ഉപജീവനമാര്‍ഗം മുടങ്ങി, അനവധി ചെറുകിട വ്യവസായങ്ങള്‍ പൂട്ടി. ഇതിനൊന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ് വാസ്തവം.

താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തൂക്കിലേറ്റിക്കൊളളൂ എന്ന് പറഞ്ഞ നരേന്ദ്ര മോദി ഇത്രയുമായപ്പോള്‍ കാലുമാറി. സര്‍ക്കാരും നോട്ട് നിരോധനവും പരാജയപ്പെട്ടു എന്നതിന് മറ്റ് തെളിവുകള്‍ ഇല്ല. ഒരുപക്ഷേ റഫാലിനെക്കാള്‍ വലിയ ഒരു അഴിമതി കൂടിയാകാം ജനങ്ങളുടെ നടുവൊടിച്ച നോട്ടുനിരോധനം. പ്രധാനമന്ത്രി പറഞ്ഞതും മാറ്റിപറഞ്ഞതും എല്ലാം പൊള്ളയാണ് എന്ന് തെളിഞ്ഞുകഴിഞ്ഞു. ഇത്രയും നാളത്തെ മോദിയുടെ ഭരണം കൊണ്ട് രാജ്യം എന്തുനേടി എന്നതാണ് ഉയരുന്ന ചോദ്യം. ഇനി ജനങ്ങളുടെ ഊഴമാണ്. ജനങ്ങള്‍ക്ക് വിധിക്കാം.