LiveTV

Live

National

ഇവിടെന്നും നൂറില്‍ നൂറാണ് പോളിങ് 

ഗിർ വനത്തിനുള്ളിൽ 55 കിലോ മീറ്റർ ഉള്ളിലായാണ് ഈ പോളിങ് ബൂത്ത് പ്രവർത്തിക്കുന്നത്

ഇവിടെന്നും നൂറില്‍ നൂറാണ് പോളിങ് 

പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോൾ
ഗുജറാത്തിലെ ഗിർ വനപ്രദേശത്തിനകത്തുള്ള പോളിങ് ബൂത്തിൽ നൂറു മേനി. ഇത്തവണ മാത്രമല്ല, കാലങ്ങളായി ഈ ഉൾവനത്തിനകത്തെ ബൂത്തിൽ നൂറിൽ നൂറാണ് പോളിങ് ശതമാനം. കാരണം മറ്റൊന്നുമല്ല, ഇവിടെ നിന്നുള്ള ഏക വോട്ടറായ മഹന്ദ് ഭരത്ദാസ് ദർശൻദാസ് ഇതുവരെ വോട്ട് ചെയ്യാതിരുന്നിട്ടില്ല.

ഗിർ വനത്തിനുള്ളിൽ 55 കിലോ മീറ്റർ ഉള്ളിലായാണ് ഈ പോളിങ് ബൂത്ത് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ക്ഷേത്രത്തിലെ പൂജാരിയായ ദർശൻദാസിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അവിടെ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള ഏർപ്പാട് ചെയ്യുകയാണ് പതിവ്. ഒരു വോട്ടർക്ക്, വോട്ട് രേഖപ്പെടുത്താൻ 2 കിലോമീറ്റർ ദൂരത്തിലധികം യാത്ര ചെയ്യേണ്ടി വരരുതെന്നാണ് പോൾ പാനലിന്റെ ചട്ടം. അങ്ങനെ ദർശൻദാസ് കാരണം ഈ പോളിങ് ബുത്തിന് നൂറുമേനി പതിവായി. ജുനഗഡ് മണ്ഡലത്തിൽ പെടുന്ന ബനേജ് ഗ്രാമത്തിലെ വോട്ടറാണ് ഇദ്ദേഹം.

ഇവിടെന്നും നൂറില്‍ നൂറാണ് പോളിങ് 

ഗിർ വനത്തിനകത്തെ തീർഥാടന കേന്ദ്രമായ പുരാതന ശിവ ക്ഷേത്രത്തിലാണ് ദർശൻദാസ് വസിക്കുന്നത്. ഏഷ്യൻ സിംഹങ്ങൾക്ക് പേരു കേട്ട ഗിർ വനങ്ങളിൽ കൂടിയള്ള യാത്ര തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഈ ബൂത്തിലെത്തുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളിയും.

തനിക്കായി മാത്രം ഒരുക്കുന്ന ഈ തെരഞ്ഞെടുപ്പ് സജ്ജീകരണത്തിനൊടുവിൽ എങ്ങനെ വോട്ട് രേഖപ്പെടുത്താതിരിക്കുമെന്നാണ് ദർശൻദാസ് എ.എൻ.ഐയോട് പറ‌ഞ്ഞത്. കഴിയുന്ന എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഒറ്റപ്പെട്ട നിരവധി പ്രദേശങ്ങളിലേക്ക് ഇതുപോലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്നുണ്ട്. അരുണാചൽ പ്രദേശിലെ 400 കിലോമീറ്റർ ഉള്ളിലുള്ള ഗ്രാമമായ മാലോഗാം ഗ്രാമത്തിലേക്ക് നാല് ദിവസത്തെ യാത്രക്ക് ശേഷമാണ് ഉദ്യോഗസ്ഥർ എത്തിയത്. 5 താമസക്കാർ മാത്രമുള്ള ഈ ഗ്രാമത്തിൽ പക്ഷേ, ഒരാൾക്ക് മാത്രമാണ് വോട്ടവകാശമുള്ളത്.