LiveTV

Live

National

രാഹുലിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്; ഏപ്രില്‍ 30ന് പരിഗണിക്കും

ഖേദം പ്രകടിപ്പിച്ചുള്ള സത്യവാങ്മൂലം പരിഗണിച്ച് കോടതിയലക്ഷ്യ കേസ് തള്ളണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അംഗീകരിച്ചില്ല.

രാഹുലിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്; ഏപ്രില്‍ 30ന് പരിഗണിക്കും

ചൌകിദാര്‍ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ്. കേസ് ഏപ്രില്‍ മുപ്പതിന് റഫാലിലെ പുനപരിശോധന ഹരജികള്‍ക്കൊപ്പം പരിഗണിക്കും. ഖേദം പ്രകടിപ്പിച്ചുള്ള സത്യവാങ്മൂലം പരിഗണിച്ച് കോടതിയലക്ഷ്യ കേസ് തള്ളണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അംഗീകരിച്ചില്ല.

റഫാല്‍ പുനപരിശോധന ഹരജി വിശദമായി കേള്‍ക്കാനുള്ള സുപ്രീം കോടതി ഉത്തരവിലെ രാഹുലിന്റെ പ്രതികരണമാണ് കോടതിയലക്ഷ്യ ഹരജിക്ക് ആധാരം. ചൌകിദാര്‍ ചോര്‍ ഹെ എന്ന തന്റെ വാദം കോടതിയും അംഗീകരിച്ചെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ബി.ജെ.പിയുടെ കോടതിയലക്ഷ്യ ഹരജിയില്‍ ഇന്നലെ രാഹുല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൌകിദാര്‍ പരാമര്‍ശത്തോട് കോടതിയെ ചേര്‍ത്തുവെച്ചതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ബി.ജെ.പി സമയം ചോദിച്ചു. രാഹുല്‍ മാപ്പ് അപേക്ഷിച്ചിട്ടില്ലെന്നും ബി.ജെ.പിക്ക് വേണ്ടി മീനാക്ഷി ലേഖി വാദിച്ചു.

സത്യവാങ്മൂലം അംഗീകരിച്ച് ഹരജി തള്ളണമെന്ന് രാഹുലിന് വേണ്ടി മനു അഭിഷേക് സിങ്‌വി കോടതിയോട് അപേക്ഷിച്ചു. റഫാലില്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന ബി.ജെ.പി പ്രചാരണവും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ കേസ് വിശദമായി കേള്‍ക്കാനും രാഹുലിന് നോട്ടീസ് അയക്കുവാനുമാണ് കോടതി തീരുമാനിച്ചത്.

റഫാലിലെ പുനപരിശോധ ഹരജികള്‍ക്കൊപ്പമാകും കേസ് പരിഗണിക്കുക. സത്യവാങ്മൂലം പരിഗണിച്ച് കേസ് തീര്‍പ്പാക്കാത്തതില്‍ കോണ്‍ഗ്രസ് നിരാശ പ്രകടിപ്പിച്ചു. കോടതി ഒഴിവാക്കിയില്ലെങ്കില്‍ ഏപ്രില്‍ 30ന് രാഹുല്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരും.