LiveTV

Live

National

കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി ശരിവെച്ചെന്ന പരാമര്‍ശം: രാഹുല്‍ ഖേദം പ്രകടിപ്പിച്ചു

ചൂടുപിടിച്ച രാഷ്ട്രീയ പ്രചാരണത്തിനിടെ പറഞ്ഞുപോയതാണെന്നാണ് രാഹുല്‍ കോടതിയില്‍ മറുപടി നല്‍കിയത്.

കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി ശരിവെച്ചെന്ന പരാമര്‍ശം: രാഹുല്‍ ഖേദം പ്രകടിപ്പിച്ചു

റഫാല്‍ കേസിലെ സുപ്രീംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ കള്ളനാണെന്ന തന്‍റെ ആരോപണം കോടതി ശരിവെച്ചെന്നായിരുന്നു രാഹുലിന്‍റെ പ്രസ്താവന. കോടതിയലക്ഷ്യ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ഖേദപ്രകടനം.

റഫാല്‍ പുനഃപരിശോധന ഹരജിയില്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതിരോധ മന്ത്രാലയത്തിന്‍റെ രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ വെല്ലുവിളിയാണിതെന്ന സര്‍ക്കാര്‍ വാദം തള്ളിയായിരുന്നു രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. ഇതിനോടുള്ള രാഹുലിന്‍റെ പ്രതികരണമാണ് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടത്.

ചൌക്കിദാര്‍ ചോര്‍ ഹെ അഥവാ കാവല്‍ക്കാരന്‍ കള്ളനാണെന്ന മോദിക്കെതിരായ തന്‍റെ ആരോപണത്തെ കോടതി ശരിവെച്ചിരിക്കുന്നുവെന്നാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനെതിരെ രംഗത്തെത്തിയ ബി.ജെ.പി രാഹുലിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കി. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയായിരുന്നു പരാതിക്കാരി.

ഇതില്‍ കോടതി രാഹുലിന്‍റെ വിശദീകരണം തേടിയിരുന്നു. രേഖകളുടെ നിയമപ്രാബല്യത്തെക്കുറിച്ച് മാത്രമായിരുന്നു പരാമര്‍ശമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചത്. ചൂടുപിടിച്ച രാഷ്ട്രീയ പ്രചാരണത്തിനിടെ പറഞ്ഞുപോയതാണെന്നാണ് രാഹുല്‍ കോടതിയില്‍ മറുപടി നല്‍കിയത്.