LiveTV

Live

National

ഇത്തവണയും എന്‍.ഡി.എ മുസഫര്‍പുര്‍ പിടിച്ചെടുക്കുമോ?

മുസ്ലീങ്ങള്‍, ദളിതര്‍, നിഷാദ് വിഭാഗക്കാരടക്കമുള്ള പിന്നാക്ക വിഭാഗക്കാര്‍ ഇത്തവണ എന്ത് തീരുമാനിക്കും എന്നുള്ളതാണ് ഏറ്റവും പ്രധാനം.

 ഇത്തവണയും എന്‍.ഡി.എ മുസഫര്‍പുര്‍ പിടിച്ചെടുക്കുമോ?

കര്‍ണാടകയില്‍ നിന്ന് വന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ രണ്ടും കയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് ബീഹാറിലെ മുസഫര്‍പുറിനുള്ളത്. ജെ.പി സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ കരുത്തായിരുന്ന മുസഫര്‍പുറിലെ രാഷ്ട്രീയമിന്ന് ജാതി സമവാക്യങ്ങള്‍ തീരുമാനിക്കും. രണ്ട് പതിറ്റാണ്ടായി ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന് സ്വന്തമാണ് മുസഫര്‍പുര്‍.

അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ജനരോഷം ഇരമ്പിയ 1977-ല്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെ വിജയിപ്പിച്ച അതേ മുസഫര്‍പുര്‍ തന്നെയാണ് 2009-ല്‍ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയിലും സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ദയനീയമായി അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളിയത്. അപ്പോഴേയ്ക്കും മുസഫര്‍പുറിന്റെ രാഷ്ട്രീയം മാറിയിരുന്നു. തൊണ്ണൂറുകളുടെ പകുതിയില്‍ ക്യാപ്റ്റന്‍ ജയ്‌നാരായണ്‍ പ്രസാദ് നിഷാദ് എന്ന ജനതാദള്‍ നേതാവ് മുസഫര്‍പുര്‍ പ്രതിനിധിയായതോടെ നിഷാദ് എന്ന പിന്നാക്ക സമുദായം ഏറെയുള്ള മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറി.

ക്യാപ്റ്റന്‍ പ്രസാദിന്റെ മരണ ശേഷം മകന്‍ അജയ് നിഷാദ് ബി.ജെ.പിയിലെത്തി സമുദായ പിന്തുണയോടെ തന്നെ 2014-ല്‍ എം.പിയുമായി. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിലും മറ്റ് പല രാഷ്ട്രീയ സമവാക്യങ്ങളേക്കാള്‍ പ്രധാനമാകുന്നത് ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മഹാസഖ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സാന്നിധ്യമാണ്. നേരത്തേ എന്‍.ഡി.എയുടെ ഭാഗമായിരുന്ന നിഷാദ് സമുദായ നേതാവും വാഗ്മിയുമായ മുകേഷ് സാഹ്നിയുടെ നേതൃത്വത്തിലുള്ള വി.ഐ.പിയുടെ സ്ഥാനാര്‍ത്ഥി ഡോ.രാജ്ഭൂഷണ്‍ ചൗധരി നിഷാദാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. അതോടെ നിഷാദ് സമുദായത്തിന്റെ നിലപാടായി മാറി മുസഫര്‍ പുറിന്റെ തിരഞ്ഞെടുപ്പ്. എന്നാല്‍ ഇരുകൂട്ടരും പുറമേ മണ്ഡലത്തിന്റെ വികസനത്തെ കുറിച്ചുമാത്രമാണ് സംസാരിക്കുക.

ചരിത്രവും മണ്ഡലത്തിലെ അജയ് നിഷാദിന്റെ പാരമ്പര്യവും ചേര്‍ന്നാല്‍ എന്‍.ഡി.എയ്ക്കാകും വീണ്ടും മുസഫര്‍ പുറിന്റെ പ്രാതിനിധ്യം. എന്നാല്‍ മുസ്ലീങ്ങള്‍, ദളിതര്‍, നിഷാദ് വിഭാഗക്കാരടക്കമുള്ള പിന്നാക്ക വിഭാഗക്കാര്‍ ഇത്തവണ എന്ത് തീരുമാനിക്കും എന്നുള്ളതാണ് ഏറ്റവും പ്രധാനം.