LiveTV

Live

National

മോദിയേക്കാള്‍ നല്ല പ്രധാനമന്ത്രി ദേവഗൗഡയെന്ന് കുമാരസ്വാമി

ദേവെ ഗൌഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്ത് ഭീകര ആക്രമണമൊന്നും ഇല്ലായിരുന്നു, സമാധാനമുണ്ടായിരുന്നുവെന്നും കുമാര സ്വാമി പറഞ്ഞു.

മോദിയേക്കാള്‍ നല്ല പ്രധാനമന്ത്രി ദേവഗൗഡയെന്ന് കുമാരസ്വാമി

നരേന്ദ്ര മോദിയേക്കാള്‍ നല്ല പ്രധാനമന്ത്രി തന്റെ പിതാവ് കൂടിയായ എച്ച്.ഡി ദേവഗൌഡ തന്നെയായിരുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ പത്തു മാസം മാത്രം ഭരണത്തില്‍ നിന്ന ദേവെ ഗൌഡയുടെ ഭരണമായിരുന്നു മോദി ഭരണത്തെക്കാള്‍ മെച്ചപ്പെട്ടതെന്നും കുമാര സ്വാമി അഭിപ്രായപ്പെട്ടു. ദേവെ ഗൌഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്ത് ഭീകര ആക്രമണമൊന്നും ഇല്ലായിരുന്നു, സമാധാനമുണ്ടായിരുന്നുവെന്നും കുമാര സ്വാമി പറഞ്ഞു. പ്രമുഖ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനതാദള്‍ സെക്കുലര്‍ നേതാവായിരുന്ന ദേവെ ഗൌഡ 1996 ജൂണ്‍ 1 മുതല്‍ 1997 ഏപ്രില്‍ 21 വരെ വെറും പത്തു മാസം മാത്രമാണ് പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തേക്കാള്‍ മെച്ചപ്പെട്ടതായിരുന്നോ പത്തു മാസം മാത്രം ഭരണത്തില്‍ നിന്ന ദേവെ ഗൌഡയുടെ ഭരണമെന്ന ചോദ്യത്തിന്, ''തീര്‍ച്ചയായും'' എന്നായിരുന്നു കുമാര സ്വാമിയുടെ മറുപടി. റെക്കോര്‍ഡുകള്‍ പരിശോധിച്ചു നോക്കൂവെന്നും കുമാര സ്വാമി കൂട്ടിച്ചേര്‍ത്തു.

‘’പിതാവിന്റെ ഭരണകാലത്ത് രാജ്യത്ത് ഭീകരപ്രവർത്തനമുണ്ടായിരുന്നില്ല. രാജ്യം മുഴുവൻ ശാന്തമായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു ഏറ്റുമുട്ടലും നടന്നിട്ടില്ല. ജമ്മു-കശ്മീരിൽ ഒരു സ്ഫോടനവുമുണ്ടായില്ല. രാജ്യത്തിനുള്ളിൽ പോലും ബോംബ് ആക്രമണമുണ്ടായില്ല.’’ അദ്ദേഹം പറഞ്ഞു. ബലാക്കോട്ട് ആക്രമണത്തെ ലോകസഭ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ നേട്ടമാക്കുകയായിരുന്നു ലക്ഷ്യമെന്നും കുമാര സ്വാമി ആരോപിച്ചു.