LiveTV

Live

National

മൂന്നാം ഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

കേരളമടക്കം 14 ഇടങ്ങളിലായി 115 മണ്ഡലങ്ങളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. 1612 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും.

മൂന്നാം ഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. കേരളമടക്കം 14 ഇടങ്ങളിലായി 115 മണ്ഡലങ്ങളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. 1612 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലും പ്രചാരണത്തിനെത്തും. ആരോപണ പ്രത്യാരോപണങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ക്കും ഇടയില്‍ മൂന്നാം ഘട്ട പ്രചരണം ഇന്നവസാനിക്കും.

കേരളമടക്കം 12 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 115 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ്. ഏറ്റവും അധികം മണ്ഡലങ്ങളുള്ളത് ഗുജറാത്തിലാണ് ,26 എണ്ണം. ഗുജറാത്ത്, കേരളം, ദാദ്ര നഗര്‍ ഹവേലി, ഗോവ, ദാമന്‍ദ്യു എന്നിവിടങ്ങളില്‍ എല്ലാ മണ്ഡലത്തിലും മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കും.

അവസാനവട്ട പ്രചരണ തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും. പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണ പരിപാടി. പ്രധാനമന്ത്രി ഗുജറാത്തിലും ശേഷം രാജസ്ഥാനിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

അതേസമയം അമേഠിയില്‍ രാഹുലിന്റെ പൌരത്വം സംബന്ധിച്ച വിവാദം ശക്തമാക്കാനാണ് ബി.ജെ.പി ശ്രമം. യു.കെയിലെ ഒരു കമ്പനിയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പ്പറേഷന്‍ രേഖകളില്‍ രാഹുല്‍ ബ്രിട്ടണ്‍ പൌരനാണെന്ന് പറയുന്നു എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരാതിക്ക് കോണ്‍ഗ്രസ് ഇന്ന് മറുപടി നല്‍കും. ഹേമന്ത് കര്‍ക്കരക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കാനാനായി അനുവദിച്ച സമയവും ഇന്ന് അവസാനിക്കും.