LiveTV

Live

National

കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനവുമായി ബി.ജെ.പി സ്ഥാനാര്‍ഥി

ലോകസഭ ഇലക്ഷനില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ സംഘമിത്ര മൌര്യയാണ് പുതിയ വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്.

കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനവുമായി ബി.ജെ.പി സ്ഥാനാര്‍ഥി

വോട്ടറുടെ അഭാവത്തില്‍ കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി ബി.ജെ.പി സ്ഥാനാര്‍ഥി. യഥാർത്ഥ വോട്ടർമാർക്ക് വോട്ടുചെയ്യാൻ കഴിയുന്നില്ലെങ്കിൽ വ്യാജ വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയായ സംഘ്മിത്ര മൌര്യ. ലോകസഭ ഇലക്ഷനില്‍ ഉത്തര്‍പ്രദേശിലെ ബദൌണില്‍ സ്ഥാനാര്‍ഥിയായ സംഘമിത്ര മൌര്യ ഉത്തർപ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകളാണ്.

എല്ലാവരും വോട്ട് ചെയ്യണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ്, അതിന് സാധിച്ചില്ലെങ്കില്‍ വ്യാജ വോട്ടാണ് പരിഹാരമെന്നും സൂചിപ്പിച്ചു. ''കളള വോട്ട് എല്ലായിടത്തും നടക്കുന്നുണ്ട്. നിങ്ങള്‍ക്കും ഒരവസരം കിട്ടിയാല്‍ അത് പ്രയോജനപ്പെടുത്തിക്കോളൂ." മൗര്യ വോട്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ ബദൌണിലെ ജനങ്ങളെ ഭീഷണിപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് തടയാന്‍ താന്‍ മുന്നിലുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ മാസം മൌര്യയുടെ പ്രഖ്യാപനം.

അതേസമയം തന്റെ വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് സംഘ്മിത്ര മൌര്യയുടെ പ്രതികരണം. "ഞാൻ ഒരിക്കലും വ്യാജ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഞാൻ പറഞ്ഞത് തെറ്റായാണ് കാണിച്ചിരിക്കുന്നത്. അത് എഡിറ്റ് ചെയ്തതാണ്. വോട്ട് ചെയ്യാൻ പോകാത്തവരുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ പോകണം എന്നാണ് ഞാൻ പറഞ്ഞത്." മൗര്യ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഉടന്‍ പരിശോധിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് ദിനേശ് കുമാർ സിംഗ് അറിയിച്ചു. ബദൌണ്‍ മണ്ഡലത്തിൽ ഏപ്രിൽ 23ന് നടക്കുന്ന ലോക്സഭാ മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാർട്ടി എം.എൽ.എ ധർമേന്ദ്ര യാദവിനെതിരെയാണ് സംഘ്മിത്ര മൌര്യ മത്സരിക്കുന്നത്.