LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്

ലൈംഗിക താത്പര്യങ്ങളോടെ ചീഫ് ജസ്റ്റിസ് സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ ജീവനക്കാരിയുടെ പരാതി. ലൈംഗിക താത്പര്യങ്ങളോടെ ചീഫ് ജസ്റ്റിസ് സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസിനെതിരായ പരാതി പരിഗണിക്കാന്‍ സുപ്രീം കോടതി അടിയന്തരമായി ചേര്‍ന്നു. പരാതി അടിസ്ഥാന രഹിതമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആരോപിച്ചു.

ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി നല്‍കിയ പരാതി വാര്‍ത്തയായ സാഹചര്യത്തില്‍ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ച് അസാധാരണമായ സിറ്റിങ് നടത്തിയത്. തനിക്ക് ചില കാര്യങ്ങൾ വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് തുടങ്ങിയത്. 10.40ന് ആരംഭിച്ച സിറ്റിങിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അരുൺ മിശ്ര എന്നിവരുമുണ്ടായിരുന്നു.

ലൈംഗികാരോപണത്തിന് പിന്നിൽ ചീഫ് ജസ്റ്റിസിൻറ ഓഫീസിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആരോപിച്ചു. ഇതിന് പിന്നിൽ ഒരു സംഘം തന്നെയുണ്ട്. ആരോപണം ഉന്നയിച്ച സ്ത്രീക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. തൻറ പ്രതിഛായ കളങ്കപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചു. താനുൾപ്പെടാത്ത മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ വിവേകം കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിര്‍ദേശിച്ചു.