LiveTV

Live

National

മോദിയെക്കുറിച്ചുള്ള വെബ് സീരീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്

മോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതുവരെയുള്ള കാലമാണ് സീരീസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മോദിയെക്കുറിച്ചുള്ള വെബ് സീരീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വെബ് സീരീസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. വെബ് സീരീസ് തുടര്‍ സംപ്രേക്ഷണം ചെയ്യരുതെന്നും ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ നിന്നും എടുത്തുമാറ്റണമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍മ്മാതാക്കളായ ഇറോസ് നൗവിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കി. മോദിയുടെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിച്ച ബോളിവുഡ് ചിത്രം പി.എം നരേന്ദ്രമോദിയുടെ ഏപ്രില്‍ 11ന് നിശ്ചയിച്ചിരുന്ന റിലീസും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഇറോസ് നൗ മോദി; ജേണി ഓഫ് എ കോമണ്‍ മാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വെബ് സീരീസിന്റെ ആദ്യ അഞ്ച് എപ്പിസോഡുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

മോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതുവരെയുള്ള കാലമാണ് സീരീസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സെന്‍സര്‍ബോര്‍ഡ് അംഗം മിഹിര്‍ ഭൂട്ടയും രാധിക ആനന്ദും ചേര്‍ന്നാണ് വെബ് സീരീസ് എഴുതിയിരിക്കുന്നത്. 'ഓ മൈ ഗോഡ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഉമേഷ് ശുക്ലയാണ് സീരീസിന്റെ സംവിധായകന്‍.

മോദിയുടെ ജന്മനാടായ ഗുജറാത്തിലെ സിദ്ധപൂര്‍, വാഡ്‌നഗര്‍ പ്രദേശങ്ങളിലായിരുന്നു ലൊക്കേഷന്‍. മോദിയുടെ ചെറുപ്പകാലം ആഷിഷ് ശര്‍മ്മയും ഗുജറാത്ത് മുഖ്യമന്ത്രിയായതിനുശേഷമുള്ളകാലം മഹേഷ് താക്കൂറുമാണ് അവതരിപ്പിച്ചിരിക്കുന്നത്.